നിരോധിച്ച ചെറുമത്സ്യം പിടികൂടിയബോട്ട് കസ്റ്റഡിയില്‍.

By | Friday February 2nd, 2018

SHARE NEWS

വടകര: നിരോധിച്ച ചെറുമത്സ്യം പിടികൂടിയ യന്ത്രവല്‍കൃത ബോട്ട് ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തു. ബോട്ടിലുണ്ടായ ഭക്ഷ്യയോഗ്യമല്ലാത്ത ഒരു ടണ്ണോളം കുഞ്ഞുമീനുകള്‍ ആഴക്കടലില്‍ തള്ളി. ചെറുമത്സ്യം പിടികൂടിയതിനു ബോട്ടിന് അര ലക്ഷം രൂപ പിഴചുമത്തി. കരുവന്‍തിരുത്തി സ്വദേശി അബ്ദുല്‍ റഹീമിന്റെ അല്‍നൂര്‍ ബോട്ടാണു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്തത്.

ബേപ്പൂര്‍, പുതിയാപ്പ ഹാര്‍ബറുകള്‍ കേന്ദ്രീകരിച്ചു വ്യാപകമായി ഭക്ഷ്യയോഗ്യമല്ലാത്ത ചെറുമത്സ്യം (വളമത്സ്യം) പിടിച്ചെത്തിക്കുന്നതായി അധികൃതര്‍ക്കു വിവരം ലഭിച്ചിരുന്നു. ഇതുപ്രകാരം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് സിഐ എസ്.എസ്. സുജിത്തിന്റെ നേതൃത്വത്തില്‍ ബേപ്പൂര്‍ തീരക്കടലില്‍ നടത്തിയ പരിശോധനയിലാണ് അല്‍നൂര്‍ ബോട്ടില്‍ കുഞ്ഞുമത്സ്യങ്ങള്‍ കണ്ടെത്തിയത്.

കസ്റ്റഡിയിലെടുത്ത ബോട്ട് ബേപ്പൂര്‍ ഹാര്‍ബര്‍ ജെട്ടിയില്‍ എത്തിച്ചു. ബോട്ടിലുണ്ടായ ഭക്ഷ്യയോഗ്യമായ മത്സ്യം 45,100 രൂപയ്ക്കു ലേലം ചെയ്തു തുക സര്‍ക്കാരിലേക്കു മുതല്‍ക്കൂട്ടി. ചെറുമത്സ്യം പിടികൂടിയതിനും നിരോധിച്ച വല ഉപയോഗിച്ചു മത്സ്യബന്ധനം നടത്തിയതിനും ബോട്ടിനെതിരെ കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം കേസെടുത്തു. ഇതു സംബന്ധിച്ചു നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ബോട്ടുകാര്‍ക്കെതിരെ ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ പിഴ ചുമത്തിയത്.

ഭക്ഷ്യയോഗ്യമല്ലാത്ത ചെറുമീനുകള്‍ പിടിക്കുന്നതു സര്‍ക്കാര്‍ വിജ്ഞാപനം മൂലം നിരോധിച്ചതാണ്. കുഞ്ഞുമത്സ്യങ്ങള്‍ പിടിക്കുന്നതു മത്സ്യസമ്പത്തിനു ഭീഷണിയാണെന്നാണു റിപ്പോര്‍ട്ട്. ഇത്തരം മീന്‍പിടിക്കുന്ന ബോട്ടുകള്‍ക്കെതിരെ നടപടിയുമുണ്ടായി. ഇതെ തുടര്‍ന്നു പൂര്‍ണമായും നിലച്ചിരുന്ന വളമത്സ്യബന്ധനം വീണ്ടും സജീവമായതോടെയാണു നടപടി കര്‍ശനമാക്കുന്നത്. അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി കടല്‍ പരിശോധന ശക്തമാക്കുമെന്നും നിയമം ലംഘിക്കുന്ന ബോട്ടുകള്‍ പിടികൂടി കനത്ത പിഴ ചുമത്തുമെന്നും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read