നഗരപരിധിയിലെ മാലിന്യം കനാൽ കരയിൽ തള്ളി:നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് തിരികെയെടുപ്പിച്ചു

By | Tuesday April 17th, 2018

SHARE NEWS

വടകര:വടകര ജെ.ടി.റോഡിലെ ജൂബിലി ടാങ്ക് കുളം നവീകരിക്കുന്നതിന്റെ ഭാഗമായി കുളത്തിൽ നിന്നും നീക്കം ചെയ്ത മാലിന്യങ്ങൾ കനാൽ കരയിൽ തള്ളിയത് പ്രതിഷേധത്തിന് ഇടയാക്കി.നടക്കുതാഴ-ചോറോട് കനാലിന്റെ കുട്ടൂലി പാലത്തിന് സമീപമാണ് ഇന്നലെ വൈകീട്ട് മൂന്നരയോടെ മൂന്ന് ടിപ്പർ ലോറികളിലായെത്തിച്ച മാലിന്യങ്ങൾ തള്ളിയത്.

മാലിന്യങ്ങൾ തള്ളുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പ്പെട്ടതോടെ നാലാമത് മാലിന്യവുമായെത്തിയ ലോറി നാട്ടുകാർ തടഞ്ഞു.ഹരിത കേരള മിഷൻ പദ്ധതിയുടെ ഭാഗമായാണ് ജൂബിലി കുളം നവീകരിച്ചത്.മൈനർ ഇറിഗേഷൻ ഡിപ്പാർട്ട് മെന്റിനാണ്  നവീകരണ ചുമതല.മാലിന്യവുമായെത്തിയ ലോറി തടഞ്ഞതോടെ ഇറിഗേഷൻ അസിസ്റ്റന്റ് എൻജിനീയറുടെ അനുമതിയോടെയാണ് മാലിന്യം തള്ളിയതെന്ന് ലോറിയിലുള്ളവർ പറഞ്ഞെങ്കിലും എൻജിനീയറെ വിളിച്ചു വരുത്തി മാലിന്യം നീക്കം ചെയ്താൽ മാത്രമേ ലോറി  ഒഴിവാക്കുകയുള്ളൂവെന്ന് നാട്ടുകാരും പറഞ്ഞു.

ഇതിനിടയിൽ വടകര പോലീസും,വടകര നഗരസഭ ഹെൽത്ത് ഇൻസ്പെക്ടറും,ചോറോട് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടറും സ്ഥലത്തെത്തി.സംഭവമറിഞ് പല ഭാഗങ്ങളിൽ നിന്നും ജനങ്ങൾ എത്തിയതോടെ പ്രതിഷേധം വർധിച്ചു.പോലീസ് വിവരം അറിയിച്ചതിനെ തുടർന്ന് മൈനർ ഇറിഗേഷൻ എ.ഇ.രാജീവൻ സ്ഥലത്തെത്തിയതോടെ നാട്ടുകാർ ഇദ്ദേഹത്തെ തടഞ്ഞു.

സംഘർഷം കണക്കിലെടുത്ത് മാലിന്യം നീക്കം ചെയ്യാൻ തീരുമാനിച്ചതോടെയാണ് പ്രതിഷേധത്തിന് അയവ് വന്നത്.രാത്രി എട്ടരയോടെ മാലിന്യം പൂർണ്ണമായും നീക്കം
ചെയ്തു.മാലിന്യം കൊണ്ട് വീർപ്പ് മുട്ടിയ ഈ കനാൽ എം.എൽ.എ.ഫണ്ട് ഉപയോഗിച്ച് നവീകരിക്കുന്നതിനിടയിലാണ് മറ്റൊരു തദ്ദേശ്ശ സ്വയം ഭരണ സ്ഥാപന പരിധിയിലുള്ള മാലിന്യം കനാൽ കരയിൽ
തള്ളിയത്.

ഒരു മാസം മുൻപ് ഇതേ സ്ഥലത്ത് കനാലിൽ നിന്നും വിഷ ദ്രാവകം കലക്കി മൽസ്യ ബന്ധനം നടത്തിയതിനെ
തുടർന്ന് ചെറു മൽസ്യങ്ങൾ അടക്കം ചത്തു പൊന്തിയിരുന്നു.നാട്ടുകാരുടെ പരാതി പ്രകാരം നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഈ പ്രതിഷേധം കെട്ടടങ്ങും മുൻപാണ് മാലിന്യം തള്ളിയ സംഭവവും ഉണ്ടായത്.

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read