തീരദേശ വാര്‍ഡുകളില്‍ “മഴയെത്തും മുമ്പെ” പദ്ധതി നടപ്പിലാക്കിയിട്ടില്ലെന്ന് പരാതി

By news desk | Monday June 4th, 2018

SHARE NEWS

വടകര: മാലിന്യ സംസ്‌കരണ രംഗത്തും ശുചീകരണ മേഖലിയിലും വടകര നഗരസഭ ജില്ലയില്‍ ഒന്നാമതെത്തുമ്പോള്‍ നഗരസഭയിലെ തീരദേശ വാര്‍ഡുകളില്‍ ശുചീകരണ പ്രവൃത്തികള്‍ നടത്തിയിട്ടില്ലെന്ന് ആരോപണം.

മഴയെത്തും മുമ്പെ പദ്ധതിയുടെ ഭാഗമായി എല്ലാ വാര്‍ഡുകളിലും, പൊതുസ്ഥലങ്ങളിലും ദ്രുതഗതിയില്‍ ശുചീകരണം നടക്കുമ്പോള്‍ തീരദേശ വാര്‍ഡുകളില്‍ ശുചീകരണ പ്രവൃത്തികള്‍ നടക്കുന്നില്ലെന്ന് പ്രദേശവാസികള്‍ പരാതിപ്പെടുന്നു.
അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, പാണ്ടികശാല, മുക്കോല, മുഖച്ചേരി തുടങ്ങിയ വാര്‍ഡുകളില്‍ മഴക്കാലത്തിന് മുമ്പ് നടക്കേണ്ട ഒരു ശുചീകരണ പ്രവൃത്തിയും നടന്നിട്ടില്ലെന്നാണ് നാട്ടുകാര്‍
പറയുന്നത്. നിപാ വൈറസ്, ഡെങ്കി തുടങ്ങിയ മാരകമായ രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

നഗരസഭയിലെ 47 വാര്‍ഡുകളിലും മഴക്കാലത്തിന് മുമ്പ് ശുചീകരണം നടത്താന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.
ഓടകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയാണ് മെയ് മാസം 20ന് ശുചീകരണം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തനവും തീരദേശത്തെ വാര്‍ഡുകളില്‍ നടന്നിട്ടില്ലെന്നതാണ് നാട്ടുകാരുടെ പരാതി.
nകഴിഞ്ഞ ദിവസം നഗരസഭയില്‍ ഒരു ഡെങ്കി പനി സ്ഥിരീകരിച്ചിട്ടുണ്ട്. മഴയെത്തും മുമ്പെ എന്ന പേരില്‍ ദ്രുതഗതിയില്‍ ശുചീകരണം നടത്താനുള്ള മറ്റൊരു കാരണം ഈ അടുത്തായി പെയ്ത് വേനല്‍ മഴയെ തുടര്‍ന്ന് കൊതുകിന്റെ സാന്ദ്രത നഗരസഭ പരിധിയില്‍ വര്‍ദ്ധിച്ചുവെന്ന കണ്ടെത്തിയിരുന്നു. എന്നാല്‍ കൊതുക് നശീകരണ പ്രവൃത്തിയും തീരദേശത്തെ ഒരു വാര്‍ഡിലും നടന്നിട്ടില്ല. ശുചീകരണ് നടത്തുന്നതിനായി വാര്‍ഡ് തലങ്ങളില്‍ ആരോഗ്യ ജാഗ്രത സമിതിക്ക്(എന്‍ആര്‍എച്ച്എം) രൂപം നല്‍കാനായിരുന്നു നിര്‍ദേശം.

ഇത്തരമൊരു സമിതിയും ഇവിടങ്ങളില്‍ രൂപീകരിച്ചിട്ടില്ല. മാത്രമല്ല
പൊതുകിണര്‍ ശുചീകരണം, വാര്‍ഡ്തല പൊതു ശുചീകരണം, പ്രത്യേക ബോധവത്കരണ ക്ലാസ് എന്നിവയും നടന്നിട്ടില്ല.

ജില്ലയില്‍ നിപാ വൈറസ് മൂലം അതീവ ജാഗ്രത പ്രഖ്യാപിച്ച സമയങ്ങളില്‍ ജില്ലാ ആശുപത്രിയില്‍ നടന്ന യോഗത്തില്‍ ശുചീകരണം നടത്തുന്നതിനെ കുറിച്ച് വ്യക്തമായ ധാരണയ്ക്ക് രൂപം നല്‍കിയിരുന്നു.        ആ യോഗത്തില്‍ നഗരസഭയിലെ എല്ലാ കൗണ്‍സിലര്‍മാരും പങ്കെടുക്കുകയും ചെയ്തു. നിലവില്‍ ഒരു ഡെങ്കി കൂടി സ്ഥിരീകരിച്ചതോടെ തീരദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. എന്നാല്‍ ശുചീകരണ  പ്രവൃത്തികള്‍ക്കും മറ്റും നേതൃത്വം നല്‍കേണ്ട കൗണ്‍സിലര്‍മാര്‍ ഒന്നിനും തയ്യാറാവുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ട ജനപ്രതിനിധികള്‍ ഒന്നിനും തയ്യാറാവാത്ത സാഹചര്യത്തില്‍ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് പ്രദേശവാസികള്‍.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read