മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ അമ്മ സി കെ ഓമന അന്തരിച്ചു

By news desk | Saturday March 10th, 2018

SHARE NEWS

നാദാപുരം : സ്വാതന്ത്ര്യ സമര സേനാനിയും മഹിളാസംഘം നേതാവുമായിരുന്ന സിപിഐ നേതാവ് സി കെ വിശ്വനാഥന്റെ ഭാര്യയും മുന്‍ മന്ത്രി ബിനോയ് വിശ്വത്തിന്റെ മാതാവുമായ സി കെ ഓമന നിര്യാതയായി. ശനിയാഴ്ച രാവിലെ എറണാകുളം പാലാരിവട്ടം നോര്‍ത്ത് ജനതാ റോഡില്‍ ‘ചേലാട്ട് ‘ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

സാമൂഹ്യ പരിഷ്‌കരണപ്പോരാളിയും ‘സ്വതന്ത്ര സമുദായം’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവുമായിരുന്നു ഇ.മാധവന്റെയും കൗസല്യയുടെയും മകളായി 1934 ആഗസ്റ്റ് 9 ന് വൈക്കത്ത് ജനിച്ച സി കെ ഓമന വിദ്യാര്‍ത്ഥി ജീവിതകാലം മുതല്‍ക്കേ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തക യായിരുന്നു.

വിദ്യാര്‍ത്ഥി ഫെഡറേഷന്റെയും ഫെഡറേഷന്‍ നിരോധിക്കപ്പെട്ടപ്പോള്‍ വിദ്യാഭ്യാസ അവകാശ സമ്പാദന സമിതിയുടെയും മുന്‍നിര നേതാവായി. വൈക്കം ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്നപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായി.

ഒളിവിലായിരുന്ന നേതാക്കളുടെ സന്ദേശങ്ങള്‍ കൈമാറാനുള്ള ‘ടെക്ക് ‘ സംവിധാനത്തിന്റെ ഭാഗമായായിരുന്നു പ്രവര്‍ത്തനങ്ങളുടെ തുടക്കം. തുടര്‍ന്ന് കയര്‍, കര്‍ഷക, ചെത്തു തൊഴിലാളികളുടെ സമരങ്ങളില്‍ സജീവമായി പങ്കെടുത്തു.

പാര്‍ട്ടി നിരോധിക്കപ്പെട്ട കാലത്ത് വെള്ളൂരിലെ വീട്ടില്‍ ഒളിവില്‍ക്കഴിഞ്ഞ കമ്മൂണിസ്റ്റ് നേതാക്കളായ സഖാക്കള്‍ പി.കൃഷ്ണപിള്ള, എം.എന്‍. ഗോവിന്ദന്‍ നായര്‍ , സി. അച്യുതമേനോന്‍ , പി.ടി.പുന്നൂസ്, കെ.വി. പത്രോസ്, സി.ജി. സദാശിവന്‍, കോട്ടയം ഭാസി തുടങ്ങിയ നേതാക്കളുടെ രാഷ്ട്രീയ ശിക്ഷണത്തിലൂടെ ഉറച്ച കമ്മൂണിസ്റ്റായി.

വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. പിതാവ് ഇ മാധാവന്റെ സാമൂഹ്യ പ്രവര്‍ത്തങ്ങളും സി കെ ഓമനയുട പോരാട്ടങ്ങള്‍ക്ക് കരുത്തേകി.

1952ല്‍ കമ്മ്യൂണിസ്റ്റ് നേതാവും വൈക്കം എം .എല്‍ .എ യുമായ സി.കെ. വിശ്വനാഥനുമായി വിവാഹിതയാകുമ്പോള്‍ ഓമന വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന നേതാക്കളിലൊരാളായിരുന്നു.

വിദ്യാഭ്യാസാനന്തരം മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകയായിരുന്നു. അക്കാലത്ത് മഹിളാ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും മുന്നില്‍ നിന്നു പ്രവര്‍ത്തിച്ചു. വൈക്കം താലൂക്ക് ദേശീയ മഹിളാ സംഘം രൂപീകരിച്ച് അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. 1957ല്‍ ഖാദി ബോര്‍ഡ് അംഗമായിരുന്നു.

1962 ല്‍ പാര്‍ട്ടി അനുമതിയോടെ എല്‍ഐസി ഡെവലപ്‌മെന്റ് ഓഫീസറായി ജോലി ആരംഭിച്ചു. ഡെവലപ്‌മെന്റ് ഓഫീസര്‍മാരുടെ നാഷണല്‍ ഫെഡറേഷന്റെ ദേശീയ നേതാക്കളിലൊരാളായിരുന്നു.

മക്കള്‍: ബീന കോമളന്‍, ബിനോയ് വിശ്വം, പരേതനായ ബിനോദ് വിശ്വം. മരുമക്കള്‍: കെ.ജി.കോമളന്‍, ഷൈല സി.ജോര്‍ജ്ജ്, നജി കെ. സഹോദരങ്ങള്‍: സി.എം. തങ്കപ്പന്‍, സി.കെ. തുളസി, സി.കെ. ലില്ലി, സി.കെ. സാലി, സി.എം.ബേബി, സി.എം.ജോയ്.

Tags: , , , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read