മുല്ലപ്പള്ളിയില്‍ കുടിവെള്ളം കിട്ടാക്കനി ; പൈപ്പുകള്‍ കണ്ട് ദാഹം തീര്‍ക്കാം

By news desk | Friday April 13th, 2018

SHARE NEWS

എടച്ചേരി: നാട് മുഴുവന്‍ വരള്‍ച്ച രൂക്ഷമാകുമ്പോഴും എടച്ചേരിയില്‍ ജലനിധിയുടെ കിണര്‍ ഉപയോഗശൂന്യം. എടച്ചേരി ഗ്രാമ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ കൊമ്മിളി ,മുല്ലപ്പള്ളി ഭാഗങ്ങളിലെ 96 ഉപഭോക്താക്കള്‍ക്കു വേണ്ടിയുള്ള ജലനിധിയുടെ കിണറാണ് കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ഉപയോഗമില്ലാതെ കിടക്കുന്നത്. മുല്ലപ്പള്ളി തോടിനോട് ചേര്‍ന്നു കിടക്കുന്ന ഈ കിണറില്‍ വെള്ളമുണ്ടെങ്കിലും ഒരു തുള്ളി പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ്.
2015ല്‍ പണി പൂര്‍ത്തിയായ ഉടനെ കാര്യക്ഷമത പരിശോധിക്കാനായി വീടുകളിലേക്ക് വെള്ളം പമ്പു ചെയ്തിരുന്നു. വര്‍ഷങ്ങളോളം പ്രതീക്ഷയോടെ കാത്തിരുന്ന നാട്ടുകാര്‍ക്ക് കുടിവെള്ളത്തിന് പകരം ലഭിച്ചത് ചെളിവെള്ളമായിരുന്നു.


മഞ്ഞ നിറത്തിലും, ദുര്‍ഗന്ധ വമിക്കുന്നതുമായ വെള്ളം കുടിക്കാന്‍ പോയിട്ട് അലക്കാന്‍ പോലും പറ്റാത്തതായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. സൂക്ഷ്മമായി നോക്കിയപ്പോള്‍ വെള്ളത്തില്‍ നിറയെ പുഴുക്കളെ കണ്ടെത്തിയതായും വീട്ടുകാര്‍ അറിയിച്ചു.

ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ വെള്ളം പമ്പു ചെയ്യല്‍ നിര്‍ത്തിവെക്കുകയും ചെയ്തു. വര്‍ഷം മൂന്ന് പിന്നിട്ടിട്ടും ഉപഭോക്താക്കള്‍ക്ക് കുടിവെള്ളം ലഭ്യമാക്കാന്‍ നടപടിയൊന്നും ജലനിധിയുടെ ഭാഗത്ത് നിന്നോ പഞ്ചായത്ത് ഭരണസമിതിയില്‍ നിന്നോ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു.     

പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ ജലക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് കൊമ്മിളി , മുല്ലപ്പള്ളി പ്രദേശങ്ങള്‍. പ്രദേശവാസികളില്‍ നിന്ന് 4800 ഓളം രൂപ വാങ്ങിച്ചാണ് ജലനിധിയുടെ കുടിവെള്ള പദ്ധതി ആരംഭിച്ചത്. മുല്ലപ്പള്ളി നിവാസികള്‍ക്ക് ആകെ ആശ്രയമുള്ള പൊതുകിണര്‍ വറ്റാന്‍ തുടങ്ങി. അരക്കിലോ മീറ്ററിലധികം സഞ്ചരിച്ച് സ്വകാര്യ വ്യക്തിയുടെകിണറില്‍ നിന്നാണ് മുല്ലപ്പള്ളി ഭാഗക്കാര്‍ വെള്ളം ശേഖരിച്ചു വരുന്നത്. ഈ ദുരവസ്ഥയ്ക്ക് പരിഹാരമാവുമെന്ന് കരുതിയാണ് പണം മുടക്കി പദ്ധതിയില്‍ ചേര്‍ന്നതെന്ന് പ്രദേശത്തെ ഒരു വീട്ടമ്മ വടകര ന്യൂസിനോട് പറഞ്ഞു.


ജലനിധിയുടെ പഞ്ചായത്ത് ഡയരക്‌റോട് കാര്യങ്ങള്‍ അന്വേഷിച്ചപ്പോള്‍ ഇതിന് പരിഹാരമായി ഫില്‍ട്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നാണ് മറുപടി. ഇക്കാര്യത്തില്‍ പഞ്ചായത്ത് ജലനിധിക്ക് ഒന്നും ചെയ്യാനില്ലെന്നും ഡയക്ടര്‍ അറിയിച്ചു. ജലനിധിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ടാണ് ഇക്കാര്യം പരിഹരിക്കേണ്ടത്. ഇക്കാര്യം ബന്ധപ്പെട്ട പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read