ഉറ്റ സുഹൃത്ത് അസ്മില്‍ ഇനി ജിഷ്ണുവിന്‍റെ മാതാപിതാക്കള്‍ക്ക് മകന്‍

By | Tuesday January 10th, 2017

SHARE NEWS

വളയം:ജിഷ്ണുവിന് പകരം വയ്ക്കാനാകില്ലെങ്കിലും ഉറ്റ സുഹൃത്ത് അസമിലും അമ്മയ്ക്ക് മകന്‍ തന്നെയാണ്. സുഹൃത്തും സഹപാഠിയുമായിരുന്ന ജിഷ്ണു പ്രണോയിയുടെ വീട്ടിനകത്തു നിന്നു അസ്മിൽ പുറത്തേക്കിറങ്ങുമ്പോൾ ആ അമ്മ തന്റെ ജീവിച്ചിരിക്കുന്ന മകൻ ഇതാണെന്നു പറഞ്ഞു അസ്മിലിനു തുരുതുരാ മുത്തം നൽ‌കി. ഏറെ നേരം തനിക്കരികിൽ ഇരുന്ന അസ്മിൽ വീട്ടിൽ പോയി വേഗം വരാമെന്നു പറഞ്ഞ് എഴുന്നേറ്റപ്പോൾ ജിഷ്ണുവിന്റെ അമ്മയ്ക്ക് ഒന്നേ പറയാനുണ്ടായിരുന്നുള്ളൂ–‘ ബൈക്കുമെടുത്താണോ പോകുന്നത്?, ശ്രദ്ധിച്ച് ഓടിക്കുമോ മോനേ?’

കണ്ടു നിന്നവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. പാമ്പാടി നെഹ്റു എൻജിനീയറിങ് കോളജിലെ ഹോസ്റ്റലിൽ കഴിഞ്ഞ ദിവസം മരിച്ച നിലയിൽ കണ്ടെത്തിയ ജിഷ്ണുവും കുയ്തേരിയിലെ കുനിയിൽ അമ്മദിന്റെ മകനായ അസ്മിലും തമ്മിലുള്ള സൗഹൃദം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ പഠന കാലത്തു തുടങ്ങിയതാണ്. ഒരു മകനും ഒരു മകളും മാത്രമുള്ള കിണറുള്ള പറമ്പത്ത് അശോകനും മഹിജയ്ക്കും മകനെപ്പോലെയായിരുന്നു അസ്മില്‍. ജിഷ്ണുവിനെക്കുറിച്ചു നല്ലതു മാത്രം ഓർമിച്ചെടുക്കാനുള്ള അസ്മിൽ ഇപ്പോൾ ഉള്ളിയേരിയിൽ എംഡിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർഥിയാണ്. ജിഷ്ണു മരിച്ചെന്നറിഞ്ഞതും ഓടിക്കിതച്ച് വളയം പൂവംവയലിലെ വീട്ടിൽ എത്തിയ അവിടെത്തന്നെ ഇരുന്നു. അസ്മിലിനെ ഇടയ്ക്കിടെ ജിഷ്ണുവിന്റെ അമ്മ മഹിജ വിളിക്കും. തന്റെ അരികിൽ അവനുണ്ടെന്ന് ഉറപ്പു വരുത്തും. പാമ്പാടി കോളജിൽ നിന്ന് ജിഷ്ണുവിന്റെ അന്ത്യ ചടങ്ങുകൾക്കെത്തിയ ഒരു സംഘം വിദ്യാർഥികൾ നേരം ഇരുട്ടിയിട്ടും പൂവംവയലിലെ വീട്ടിൽ തന്നെ നിന്നു. പഠനത്തില്‍ മിടുക്കനായ ജിഷ്ണു അടുത്തിരുന്ന വിദ്യാര്‍ഥിയുടെ പേപ്പര്‍ നോക്കി എഴുതി എന്ന് കോളേജ് മാനേജ്‌മെന്‍റ് ആരോപിക്കുമ്പോള്‍ അവന്‍ ഒന്ന് തിരിഞ്ഞുപോലും നോക്കിയില്ല എന്ന വാദത്തില്‍ സഹപാഠികള്‍ ഉറച്ചു നില്‍ക്കുകയാണ്. പക്ഷെ ജിഷ്ണുവിനെ എന്തിനായിരുന്നു മരണത്തിലേക്ക് താള്ളിവിട്ടത് എന്നും  ശരീരത്തിലെ പാടുകളുടെ അര്‍ത്ഥമെന്തെന്നും ഒരു ചോദ്യ ചിഹ്നമായിതന്നെ കിടക്കുകയാണ്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read