കെ കെ രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സിപിഎം ജില്ലാ സെക്രട്ടറി പി മോഹന്‍ മാസ്റ്റര്‍

By | Wednesday March 14th, 2018

SHARE NEWS

കോഴിക്കോട്: ആര്‍എംപിയെ അനുനയിപ്പിച്ച് തിരികെ കൊണ്ടു വരാന്‍ സിപിഎം നേതൃത്വം ശ്രമം തുടരുന്നു.  ടി.പി.ചന്ദ്രശേഖരന്‍ പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്ന കോടിയേരി ബാലകൃഷ്‌ന്റെ പ്രസ്താവനയ്ക്ക് പിന്നാലെ ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍എം.പി.ഐ നേതാവുമായ കെ.കെ രമയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്ത് സി.പി.എം കോഴിക്കോട് ജില്ല സെക്രട്ടറി പി.മോഹനന്‍. നിലപാടു തിരുത്തി സി.പി.എമ്മിന്റെ നയങ്ങളുമായി യോജിക്കാന്‍ തയ്യാറായാല്‍ കെ.കെ.രമയേയും പാര്‍ട്ടിയിലേക്കു സ്വാഗതം ചെയ്യുമെന്ന് മോഹനന്‍ പറഞ്ഞു.

സി.പി.എമ്മിന്റെ നയവും പൊതുനിലപാടും അംഗീകരിക്കുന്ന ആര്‍ക്കും പാര്‍ട്ടിയിലേക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. ടിപിയെ പാര്‍ട്ടിയിലേക്കു തിരിച്ചുകൊണ്ടു വരുന്നതിനു ദൂതന്മാര്‍ മുഖേന ശ്രമം നടത്തിയിരുന്നതായാണു മനസ്സിലാക്കുന്നത്. സി.പി.എമ്മിനെ ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ഗൂഢശക്തികള്‍ അതിനെതിരായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ടിപി കുലംകുത്തിയാണെന്ന പിണറായി വിജയന്റെ പ്രതികരണം പ്രത്യേക സാഹചര്യത്തില്‍ നിന്നുണ്ടായതാണെന്നും പി.മോഹനന്‍ പറഞ്ഞു.

ടി.പി. ചന്ദ്രശേഖരന്‍ ഒരിക്കലും പാര്‍ട്ടി വിരുദ്ധനായിരുന്നില്ലെന്നും സി.പിഎം നശിക്കണമെന്ന് ടി.പി ആഗ്രഹിച്ചിരുന്നില്ലെന്നമായിരുന്നു കോടിയേരി കഴിഞ്ഞയാഴ്ച്ച പ്രസംഗിച്ചത്. എന്നാല്‍ ടി.പിയുടെ കോണ്‍ഗ്രസ്സ് ബി.ജെ.പി വിരുദ്ധനയങ്ങള്‍ ഇപ്പോള്‍ ആര്‍എം.പി.ഐ യില്‍ നിന്ന് നഷ്ടമായിരിക്കുന്നുവെന്നും പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ കൂടാരമായിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞിരുന്നു.

വടകര ഓര്‍ക്കാട്ടേരിയില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. എന്നാല്‍ സി.പി.എമ്മിലേക്കു മടങ്ങാന്‍ ടിപി ആഗ്രഹിച്ചിരുന്നെങ്കില്‍ എന്തിനാണു ടിപിയെ കൊലപ്പെടുത്തിയതെന്നാണു രമ തിരച്ചടിച്ചത്. ആര്‍എംപി ടി.പി.ചന്ദ്രശേഖരന്റെ പാര്‍ട്ടിയാണ്, രമയുടേതല്ല. നാണമില്ലാതെ നുണ പറയുകയാണു കോടിയേരി ചെയ്യുന്നതെന്നും രമ പറഞ്ഞിരുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read