കളി ലോകകപ്പ് ആണെങ്കിലും മഴയുണ്ട് ; ജീവനക്കാരോട് തല്ലു കൂടുമ്പോള്‍ ഓര്‍മ്മിക്കുക ….അവരും മനുഷ്യരാണ്

By | Wednesday June 13th, 2018

SHARE NEWS

വടകര: നാടും നഗരവും ലോക കപ്പിന്റെ ആരവങ്ങളില്‍ മുഴകിത്തുടങ്ങി. മഴയൊന്ന് കനത്താല്‍ കാറ്റൊന്ന് ആഞ്ഞു വീശിയാല്‍ നമ്മുടെ വൈദ്യുതി മുടങ്ങും. കളികമ്പക്കാര്‍ വൈദ്യുതി മുടക്കത്തിന്റെ പേരില്‍ ജീവനക്കാരോട് കയറക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.

സമൂഹ്യ മാധ്യമങ്ങളിലൂടെ കെഎസ്ഇബി ജീവനക്കാരെ ശത്രുക്കളായി ചിത്രീകരിക്കുന്ന തരത്തിലും ഭീഷണി സ്വരത്തിലുള്ളതുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം ജീവനക്കാര്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.

തൊഴില്‍പരമായ ബുദ്ധിമുട്ടും പ്രതികൂലമായ കാലവസ്ഥയേയും അതീജീവിച്ച് വൈദ്യുതി സുഗമാക്കാന്‍ പരമാവധി ശ്രമിക്കുമെന്നും പ്രതികൂലമായ കാലാവസ്ഥകളില്‍ ജീവന്‍ പണയം വെച്ചും നടത്തുന്ന പ്രവര്‍ത്തനങ്ങളോട് സഹകരിക്കണമെന്നും ജീവനക്കാര്‍ അവശ്യപ്പെട്ടുന്നു.

കെഎസ്ഇബി ജീവനക്കാരുടെ പേരില്‍ പ്രചരിക്കുന്ന കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ,

കുറച്ചു ദിവസങ്ങളായി ഫേസ്ബുക് തുടങ്ങിയ നവമാധ്യമങ്ങളില്‍ ഒരു മുന്നറിയിപ്പ് അല്ലെങ്കില്‍ വെല്ലുവിളി എന്ന രീതിയില്‍ ലോകകപ്പ് തുടങ്ങാന്‍ പോകുകയാണെന്നും കെഎസ്ഇബി ജീവനക്കാര്‍ ഇനി കരുതി ഇരുന്നു കൊള്ളണം എന്നുമുള്ള രീതിയില്‍ ചില സന്ദേശങ്ങള്‍ യഥേഷ്ട്ടം പ്രചരിപ്പിക്കുന്നതായി കാണുന്നു,

ഒരിക്കലും കെഎസ്ഇബി ജീവനക്കാരെ ചില മുന്‍ധാരണകളുടെ അടിസ്ഥാനത്തില്‍ പ്രഖ്യാപിത ശത്രുക്കളായി കാണരുത് എന്ന് അപേക്ഷിക്കുന്നു, ലോകകപ്പ് സമയത്തു മാത്രമല്ല എല്ലായ്‌പോഴും നിങ്ങള്‍ക്ക് എല്ലാവര്ക്കും ഓരോ വീട്ടിലും മുടങ്ങാതെ വൈദ്യുതി നല്‍കി സ്വസ്ഥമായി സമാധാനമായി ജോലി ചെയ്യാന്‍ തന്നെയാണ് ഞങ്ങളും ആഗ്രഹിക്കുന്നത്,

ലോകം ഒരു പന്തിനു ചുറ്റും കറങ്ങുന്ന ലോക കപ്പിന്റെ ഉറങ്ങാത്ത രാവുകളില്‍ ഒരു നിമിഷം പോലും മുടങ്ങാതെ നിങ്ങള്‍ക്ക് കറണ്ട് നല്‍കി ആ ആവേശനിമിഷങ്ങള്‍ കണ്ണിമ ചിമ്മാതെ നിങ്ങളോടൊപ്പം കണ്ട് ആര്‍പ്പു വിളിക്കാനാണ് ഞങ്ങളും ആഗ്രഹിക്കുന്നത്, നിങ്ങളെ പോലെ ഒരു പക്ഷെ നിങ്ങളെക്കാളേറെ കാല്‍പ്പന്തു കളിയെ സ്‌നേഹിക്കുന്നവരും കളിക്കാരെ ആരാധിക്കുന്നവരും ഞങ്ങളുടെ കൂട്ടത്തിലുമുണ്ട്, ഒഴിവ് കിട്ടിയാല്‍ സ്വന്തം ടീമിന് വേണ്ടി പരസ്പരം വാദിക്കുന്നവരും വാതു വെക്കുന്നവരുമാണ് ഞങ്ങളും,

ഒരിക്കലും സെക്ഷന്‍ ഓഫീസുകളിരുന്നു ഓണാക്കുന്നതും ഓഫാക്കുന്നതുമായ ഒരു സംവിധാനം വൈദ്യുതി വിതരണത്തിനില്ല, HT ലൈനുകളിലെ തകരാറുകളോ LT ലൈനുകളിലുണ്ടാകുന്ന തടസങ്ങളോ കൊണ്ട് മാത്രമാണ് വൈദ്യുതി മുടങ്ങുന്നത്, 100’ലധികം കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള HT ലൈനുകളില്‍ ഒരു ചുള്ളിക്കമ്പ് പോലും വീണു കഴിഞ്ഞാല്‍ 10000ക്കണക്കിന് ഉപഭോക്താക്കളുടെ വൈദ്യുതി ഒരുമിച്ചു ഒരേ സമയത്തു തടസപ്പെടും, അത് ഏത് സമയത്തുമാകാം, കാറ്റിനോ മഴക്കോ മരത്തിനോ നോമ്പും ഓണവും ലോകകപ്പും നടക്കുന്ന സമയം അറിയില്ലല്ലോ?

മാത്രമല്ല ഇത്തരം സന്ദര്ഭങ്ങളിലും രാത്രി8മണിക്ക് ശേഷം ജോലിക്കായി സാധാരണത്തെ പോലെ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്നതിനും അപകടം ഒഴിവാക്കുന്നതിനും മാത്രം ചുമതല ഉള്ള 2ജീവനക്കാര്‍ മാത്രമേ ഉണ്ടാകൂ,

ഒരു കാര്യം ഉറപ്പിച്ചു പറയാം ഈ ലോകകപ്പ് ആവേശ വേളയില്‍ 100%ആത്മാര്‍ത്ഥതയോടെ വൈദ്യുതി തടസപ്പെടാതിരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കും, അതിന് വേണ്ടി നിങ്ങളുടെ പരിപൂര്‍ണമായ സഹകരണവും പ്രതീക്ഷിക്കുന്നു, ഞങ്ങളുടെ ശ്രമങ്ങള്‍ക്കുമപ്പുറം മറ്റു കാരണങ്ങള്‍ കൊണ്ട് വൈദ്യുതി മുടങ്ങിയതിന്റെ പേരില്‍ ഓഫീസോ ജീവനക്കാരെയോ ആക്രമിക്കുവാന്‍ ആഹ്വാനം ചെയ്യുന്നവരോട് ഒരു മുന്നറിയിപ്പ്, മേല്പറഞ്ഞ കുറ്റകൃത്യങ്ങള്‍ 15ദിവസം ജാമ്യം പോലും ലഭിക്കാത്ത വകുപ്പുകളാണെന്ന് സസ്‌നേഹം വിനയത്തോടെ ഓര്‍മിപ്പിക്കുന്നു,

കെഎസ്ഇബി ജീവനക്കാര്‍

 

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read