‘മക്കളെ നന്നായി നോക്കണേ.. സജീഷേട്ടാ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല ” വൈറലായി ലിനിയുടെ അവസാന വാക്കുകള്‍

By | Monday May 21st, 2018

SHARE NEWS

കോഴിക്കോട്: നീപ്പാ വൈറസ് ബാധയുള്ള രോഗികളെ ചികിത്സിച്ച് മരണപ്പെട്ട ലിനി നഴ്‌സ് മരണക്കിടയില്‍ നിന്നും ഭര്‍ത്താവിനെഴുതിയ എഴുതിയ അവസാന വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.  ലിനിയുടെ അവസാന വാക്കുകള്‍’
‘മക്കളെ നന്നായി നോക്കണേ..
‘സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please…with lots of love’

പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിപാ വൈറസ് ബാധിച്ച് മരിച്ച ലിനി നഴ്‌സ് അവസാനമായി പറയാനുണ്ടായിരുന്നത് ഇതാണ്. ആശുപത്രി ഐസിയുവില്‍ മരണവുമായി മല്ലിടവെ അവള്‍ ഭര്‍ത്താവിന് എഴുതിയ കത്താണിത്. ജീവിതത്തിലേക്ക് ഒരിക്കലും തിരിച്ചുവരില്ലെന്ന് ഉറപ്പായപ്പോള്‍ ആ മാലാഖയുടെ മനസില്‍ മക്കളും ഭര്‍ത്താവും കുടുംബവും മാത്രമായിരുന്നു. ജീവന്‍ നല്‍കിയും ആതുരസേവനത്തില്‍ ഏര്‍പ്പെട്ട ലിനിയെ ഓര്‍ത്തു തേങ്ങുകയാണ് ഒരു നാടും സഹപ്രവര്‍ത്തകരും.

ജോലിക്ക് പോയ അമ്മ തിരിച്ചുവരുന്നതും കാത്തിരിക്കുകയാണ് ലിനിയുടെ രണ്ടു കുഞ്ഞുമക്കള്‍. അഞ്ചു വയസുകാരന്‍ റിഥുലും രണ്ടുവയസുകാരന്‍ സിദ്ദാര്‍ഥിനും തിരിച്ചുവരാത്ത ലോകത്തേക്ക് അമ്മ പോയ കാര്യം ഇപ്പോഴും അറിയില്ല. വിദേശത്തുള്ള അച്ഛന്‍ പെട്ടെന്ന് നാട്ടിലെത്തിയ സന്തോഷത്തിലാണ് റിഥുലും സിദ്ദാര്‍ഥും. ഇടയ്ക്കിടെ അമ്മയെ അന്വേഷിക്കുമെങ്കിലും, ജോലിത്തരിക്ക് കാരണം ആശുപത്രിയിലാണെന്ന് വിശ്വസിപ്പിച്ചിരിക്കുകയാണ് വീട്ടുകാര്‍. ഇളയമകന്‍ അമ്മയെ കാണണമെന്ന് പറഞ്ഞു വാശിപിടിച്ച് കരയുമ്പോള്‍ എന്തെങ്കിലും പറഞ്ഞു ആശ്വസിപ്പിക്കും. അനുശോചനമറിയിക്കാന്‍ വീട്ടിലെത്തുന്നവര്‍ക്ക് നൊമ്പരകാഴ്ചയായി മാറുകയാണ് ഈ കുഞ്ഞുമക്കള്‍.

ആതുരശുശ്രൂഷ മാത്രം ജീവിതലക്ഷ്യമായി കണ്ടാണ് ലിനി നഴ്‌സാവാന്‍ ഇറങ്ങിത്തിരിച്ചത്. വീട്ടിലെ പ്രാരാബ്ധങ്ങള്‍ക്കിടയിലും ലോണെടുത്തു ബെംഗളൂരു പവന്‍ സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് ബി.എസ്.സി നേഴ്‌സിങ് പൂര്‍ത്തിയാക്കി. വന്‍തുക വായ്പയെടുത്താണ് ലിനി പഠിച്ചത്. പഠനശേഷം കോഴിക്കോട്ടെ വിവിധ ആശുപത്രികളില്‍ ജോലി ചെയ്‌തെങ്കിലും തുച്ഛമായ ശമ്പളമാണ് ലഭിച്ചത്. ലോണ്‍ തിരിച്ചടവ് പോലും ദുഷ്‌ക്കരമായി. അങ്ങനെയിരിക്കെയാണ് വടകര സ്വദേശിയായ സജീഷുമായുള്ള വിവാഹം. അതിനിടെ ദേശീയ ഗ്രാമീണ ആരോഗ്യദൌത്യം പദ്ധതി പ്രകാരം ദിവസ വേതനത്തിന് പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ജോലിയില്‍ പ്രവേശിച്ചു. ദിവസവേതനത്തിനുള്ള ജോലി ആയിരുന്നെങ്കിലും സ്വന്തം കാര്യം മാറ്റിവെച്ചും രോഗീപരിചരണത്തില്‍ ഏറെ ശ്രദ്ധിച്ചിരുന്നു ലിനി. ഈ ആത്മാര്‍ഥ സേവനത്തിന് അവസാനം സ്വന്തം ജീവിതം തന്നെ നല്‍കേണ്ടിവന്നു ലിനി.

ബഹ്‌റൈനില്‍ അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന സജീഷ് വിവരമറിഞ്ഞു ഓടിയെത്തിയെങ്കിലും പ്രിയപ്പെട്ടവളെ ദൂരെനിന്നു ഒന്ന് കാണാനേ കഴിഞ്ഞുള്ളു. രോഗം പകരുമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാട്ടിയതോടെ വെസ്റ്റ്ഹില്‍ ഇലക്ട്രിക് ശ്മശാനത്തില്‍ ലിനിയുടെ മൃതദേഹം സംസ്‌കരിച്ചു.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read