മാച്ചിനരിയിലെ മരങ്ങളെ മഴുവിന് കൊടുക്കില്ല .. മടപ്പള്ളി കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമാക്കുന്നു

By | Friday May 18th, 2018

SHARE NEWS

വടകര: മടപ്പള്ളി ഗവ.കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശതമാകുന്നു.

കോളേജ് യൂണിയനും എസ്എഫ്ഐ, റവല്യൂഷണറി യൂത്ത്, വടകരയിലെ ജനകീയ മുന്നണി തുടങ്ങിയ സംഘടനകളും സമരമുഖത്തുണ്ട്.

സ്റ്റേഡിയം സ്ഥാപിക്കുമ്പോള്‍ 38 മരങ്ങള്‍ വെട്ടിമാറ്റേണ്ടിവരും. മുറിക്കേണ്ട മരങ്ങളില്‍ കഴിഞ്ഞ ദിവസം നമ്പറിട്ടിരുന്നു.

ഇതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. കേന്ദ്രസര്‍ക്കാറിന്റെ റുസ പദ്ധതി പ്രകാരമാണ് കോളേജില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത്.

മൊത്തം രണ്ടുകോടി രൂപയോളം ഫണ്ടുണ്ട്. ആദ്യഘട്ടമായി 35 ലക്ഷം രൂപ അനുവദിച്ചു. ഇതുപ്രകാരം സ്റ്റേഡിയം നിര്‍മിക്കാനുള്ള പദ്ധതി പി.ഡബ്ല്യു.ഡിയുടെ നേതൃത്വത്തില്‍ തുടങ്ങി.

നേരത്തെ കോളേജ് മൈതാനത്തിനു സമീപം തന്നെ സ്റ്റേഡിയം നിര്‍മിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഇവിടെ മണ്ണിടിക്കേണ്ടിവരുമെന്നതിനാലാണ് സ്ഥലം മാറ്റിയത്.


ബൊട്ടാണിക്കല്‍ ഗാര്‍ഡന് മധ്യത്തിലായി നേരത്തെ തന്നെ ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും ടെന്നിസ് കോര്‍ട്ടുമുണ്ട്. ഇതിനോടു ചേര്‍ന്നുതന്നെ ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കുന്നത് ഗുണപ്രദമാകുമെന്ന വാദത്തിലാലാണ് ഇവിടെ സ്ഥലം നിശ്ചയിച്ചത്.

എന്നാല്‍ ഇതിന് മരങ്ങള്‍ മുറിക്കേണ്ടിവരും. കുറച്ചുമരം മാത്രമേ മുറിക്കേണ്ടി വരൂ എന്നാണ് ആദ്യം കണക്കാക്കിയത്.
എന്നാല്‍ പി.ഡബ്ല്യ.ഡി. അടയാളപ്പെടുത്തിയ ശേഷമാണ് 38 മരങ്ങള്‍ മുറിക്കേണ്ടിവരുമെന്ന് വ്യക്തമായത്.

20 ഇനം മരങ്ങളാണ് ഇങ്ങനെ മുറിക്കേണ്ടി വരിക. ചമത, വാക, ഉങ്ങ്, മഹാഗണി, അക്കേഷ്യ, മന്ദാരം, പ്ലാവ് തുടങ്ങിയ മരങ്ങളെല്ലാം ഇതിലുണ്ട്.

1980കളിലാണ് അധ്യാപകന്‍ തോമസിന്റെ നേതൃത്വത്തില്‍ കോളേജില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ തുടങ്ങിയത്. പിന്നീട് ഇത് വിപുലീകരിച്ചു. നൂറിലേറെ സസ്യഇനങ്ങള്‍, ഒട്ടേറെ പക്ഷികള്‍, പൂമ്പാറ്റകള്‍, പറക്കുംപാമ്പ് ഉള്‍പ്പെടെയുള്ള ജീവികള്‍ തുടങ്ങിയവയെല്ലാം ഇവിടെയുണ്ട്.ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മരം മുറിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രിന്‍സിപ്പല്‍ ചിത്രലേഖ പറഞ്ഞു.

അനുയോജ്യമായ സ്ഥലമായി പി.ഡബ്ല്യു.ഡി. നിര്‍ദേശിച്ച സ്ഥലമാണിത്. മുറിക്കേണ്ട മരങ്ങള്‍ പി.ഡബ്ല്യു.ഡി. അടയാളപ്പെടുത്തിയിട്ടുണ്ട്. ഇതിന് സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ അനുമതി വേണം. ഇവര്‍ അനുമതി നല്‍കിയാലും മരം മുറിക്കില്ല.

കോളേജ് കൗണ്‍സില്‍ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്യും. എല്ലാവരുടെയും അഭിപ്രായം തേടിയ ശേഷം മാത്രമേ തുടര്‍നടപടികള്‍ ഉണ്ടാകൂ എന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

മടപ്പളളി ഗവ:കോളേജിലെ ബൊട്ടാണിക്കല്‍ ഗാര്‍ഡനിലെ മരങ്ങള്‍ മുറിച്ച് ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മ്മിക്കാനുള്ള കോളേജ് അധികാരികളുടെ നീക്കം എന്ത് വിലകൊടുത്തും തടയുമെന്ന് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read