മാഹിയില്‍ ഗതാഗത നിയന്ത്രണം

By | Thursday October 12th, 2017

SHARE NEWS

മാഹി: മാഹിയില്‍ ഗതാഗത നിയന്ത്രണം. മാഹി സെന്റ് തെരേസ ദേവാലയ പെരുന്നാള്‍ പ്രധാന ദിനങ്ങളായ 14, 15 തീയതികളില്‍ ക്രമസമാധാന പാലനത്തിനും ഗതാഗത നിയന്ത്രണത്തിനും മാഹി പൊലീസ് വിപുല ക്രമീകരണങ്ങള്‍ നടത്തുമെന്ന് എസ്.പി സി.എച്ച്. രാധാകൃഷ്ണ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തലശ്ശേരി ഭാഗത്തുനിന്ന് വരുന്ന ബസ്, ലോറി മുതലായ വാഹനങ്ങള്‍ മാഹി സെമിത്തേരി റോഡ് വഴി, ഐ.കെ. കുമാരന്‍ മാസ്റ്റര്‍ റോഡ്, മാഹി റെയില്‍വേ സ്റ്റേഷന്‍ റോഡ് വഴി അഴിയൂര്‍ ചുങ്കം ദേശീയപാതയില്‍ എത്തണം. വടകരയില്‍ നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് പോകുന്ന മുഴുവന്‍ വാഹനങ്ങളും മാഹി ആശുപത്രി ജങ്ഷനില്‍ നിന്ന് ഇടത്തോട്ട് തിരിഞ്ഞ് താഴങ്ങാടി, ടാഗോര്‍ പാര്‍ക്ക് വഴി ദേശീയപാതയിലേക്ക് പ്രവേശിക്കണം.

മാഹി സ്പാര്‍ട്‌സ് ഗ്രൗണ്ടിലും ടാഗോര്‍ പാര്‍ക്കിന് മുന്നിലും താത്തക്കുളത്തുള്ള ഗ്രൗണ്ടിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. 14, 15 തീയതികളില്‍ മാഹി ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ സെമിത്തേരി റോഡ് ജങ്ഷന്‍ വരെ വാഹനഗതാഗതം അനുവദിക്കില്ല.

കൂടാതെ പോക്കറ്റടി, മോഷണം, ചൂതാട്ടം എന്നിവ തടയുന്നതിനും കുറ്റവാളികളെ തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതിനും എസ്.പിയുടെ നേതൃത്വത്തില്‍ സ്‌പെഷല്‍ ഷാഡോ ടീം പ്രവര്‍ത്തിക്കുന്നുണ്ട്. ദേവാലയത്തിനകത്ത് പ്രവേശിക്കുന്നവരുടെ ബാഗ്, മൊബൈല്‍ ഫോണ്‍ മുതലായവ കര്‍ശന പരിശോധനക്ക് വിധേയമാക്കും.

14, 15 തീയതികളില്‍ മാഹി ടൗണിലുള്ള മുഴുവന്‍ മദ്യശാലകളും അടച്ചിടേണ്ടതാണ്. അനധികൃത മദ്യവില്‍പന തടയുന്നതിനും കര്‍ശന നടപടികള്‍ സ്വീകരിക്കും. ക്രമസമാധാന പാലനത്തിനും ട്രാഫിക് നിയന്ത്രണത്തിനുമായി പുതുച്ചേരിയില്‍ നിന്ന് പ്രത്യേക സേനാംഗങ്ങള്‍ എത്തിച്ചേരും. ഇതിനുപുറമെ കണ്ണൂരിലെ ബോംബ് സ്‌ക്വാഡ്, ശ്വാനസേന എന്നിവയുടെ സേവനവും ലഭ്യമാണെന്ന് എസ്.പി അറിയിച്ചു.

 

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read