നഷ്ടമായത് നേരിന്റെ വഴികാട്ടിയെ

By | Monday July 24th, 2017

SHARE NEWS

കൊയിലാണ്ടി: വിടപറഞ്ഞത് നേരിന്റെ വഴികാട്ടി. പയ്യോളി ദേശാഭിമാനി ലേഖകന്‍ എം പി മുകുന്ദ(50)നായിരുന്നു കഴിഞ്ഞ ദിവസം വിട പറഞ്ഞത്. രാഷ്ട്രീയ ജീവിത്തിലും പത്രപ്രവര്‍ത്തന രംഗത്തും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. പയ്യോളിക്ക് നഷ്ടമായത് നേരിന്റെ വഴികാട്ടിയും മികച്ച ഒരു സാമൂഹ്യ പ്രവര്‍ത്തകനെയുമായിരുന്നു. ആറ് മാസം മുമ്പ് മെഡിക്കല്‍ പരിശോധനയിലാണ് മുകുന്ദന് വൃക്ക രോഗമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ ചികില്‍സാ സഹായ കമ്മിറ്റി രൂപീകരിച്ചു.

നാടിന് സുപരിചിതനായ മുകുന്ദന്റെ ചികില്‍സയ്ക്ക് വളരെ വേഗത്തിലാണ് പണം സമാഹരിക്കാനായത്. മെഡിക്കല്‍ കോളജില്‍ ചികില്‍സ ആരംഭിക്കുകയും ചെയ്തു. സഹോദരന്‍ നാരായണന്‍ വൃക്ക ദാനം ചെയ്യാന്‍ സന്മമനസ്സ് കാണിച്ചതോടെ ശസ്ത്രക്രിയ എളുപ്പമായി. അഞ്ച് ദിവസം മുമ്പ് ശസ്ത്രക്രിയ വിജയകരമായി നടന്നു. ആന്തരികാവയങ്ങള്‍ പ്രതകരിച്ചു തുടങ്ങിയതിനാല്‍
ശസ്ത്രക്രിയ വിജയമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. വൃക്ക ശരീരത്തോട് യോജിച്ചുവരുന്നുവെന്നും ഒരാഴ്ചകൊണ്ട് ആശുപത്രി വിടാന്‍ കഴിയുമെന്നുമുള്ള ആശുപത്രി അധികൃതരുടെ വിശദീകരണത്തിന്റെ സന്തോഷത്തിലായിരുന്നു കുടുംബങ്ങളും നാട്ടുകാരുമെല്ലാം. അപ്പോഴാണ് മരണം ഹൃദയാഘാതത്തിന്റെ രൂപത്തില്‍ മുകുന്ദന്റെ ജീവന്‍ കവര്‍ന്നത്. വൃക്ക നല്‍കിയ സഹോദരന്‍ ഇനിയും ആശുപത്രി വിട്ടിട്ടില്ല. ആശുപത്രിയില്‍ വച്ചുതന്നെ സഹോദരന്റെ മൃതദേഹം അവസാനമായി കാണേണ്ടി വന്നത് ഹൃദയഭേദകമായി.

പയ്യോളി സര്‍വീസ് ബാങ്കിലെ ജീവനക്കാരനായിരിക്കെ തന്നെ ദേശാഭിമാനി ഏരിയാ ലേഖകനായും പ്രവര്‍ത്തിച്ചു. സിപിഐ എം പയ്യോളി ലോക്കല്‍കമ്മിറ്റി അംഗമെന്ന നിലയില്‍ രാഷ്ട്രീയ രംഗത്തും നിറഞ്ഞുനിന്നു. കോ ഓപ്പറേറ്റീവ് എംപ്‌ളോയീസ് യൂണിയന്‍(സിഐടിയു), പുരോഗമന കലാസാഹിത്യസംഘം തുടങ്ങി വ്യത്യസ്ത മേഖലയിലും പ്രവര്‍ത്തിച്ചു. ബാലസംഘം പ്രവര്‍ത്തകനായാണ് പൊതുരംഗത്ത് തുടക്കം. പയ്യോളി ഹൈസ്‌കൂളില്‍ എസ്എഫ്‌ഐയുടെ സംഘാടകനായി. കൊയിലാണ്ടി ഏരിയാ കമ്മിറ്റി അംഗവും ഏരിയാ പ്രസിഡന്റും ജില്ലാകമ്മിറ്റി അംഗവുമായി വളര്‍ന്നു. യുവജനപ്രസ്ഥാനത്തിലും കഴിവുതെളിയിച്ചു. ദേശാഭിമാനി ലേഖകന്‍ എന്ന നിലയില്‍ ശ്രദ്ധേയമായ നിരവധി വാര്‍ത്തകള്‍ മുകുന്ദനിലൂടെ വായനക്കാരിലേക്കെത്തിയിട്ടുണ്ട്.

 

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read