നീപ്പാ ജാഗ്രത : പൊതുജനങ്ങള്‍ ആരോഗ്യ അച്ചടക്കം പാലിക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്

By news desk | Wednesday June 6th, 2018

SHARE NEWS

കോഴിക്കോട്: നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടയില്‍ അനാവശ്യ ഭീതി പരത്തുന്നതില്‍ അറിഞ്ഞോ അറിയാതെയോ പങ്കുവഹിക്കുന്നതില്‍ നിന്നും എല്ലാതരം മാദ്ധ്യമങ്ങളും വിട്ടുനില്‍ക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ആധികാരികതയുള്ള വിവരങ്ങള്‍ മാത്രം പൊതുജനങ്ങളുമായി പങ്കുവെക്കുന്നതിനും തെറ്റായ വിവരങ്ങളുടെ വ്യാപനം തടയാനും വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു ടീമിനെ സര്‍ക്കാര്‍ നിയോഗിക്കണം. ക്ലിനിക്കല്‍ മെഡിസിന്‍, മൈക്രോബയോളജി, മോളിക്യുലര്‍ ബയോളജി, എപ്പിഡമിയോളജി, പൊതുജനാരോഗ്യം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധരെ ഉള്‍പ്പെടുത്തിയാവണം പുതിയ സംഘം രൂപീകരിക്കേണ്ടത്. ഈ സംഘം സമയബന്ധിതമായി പുരോഗതി വിലയിരുത്തി വിവരം മാദ്ധ്യമങ്ങള്‍ക്ക് നല്‍കണം. ആപത്ഘട്ടം അതിജീവിക്കുന്നതുവരെ പൊതുജനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുന്നതിനുള്ള ആരോഗ്യ അച്ചടക്കം പാലിക്കുകയും വേണം.

മഴയുടെ വരവോടെ മറ്റു പകര്‍ച്ചവ്യാധികള്‍ പൊട്ടിപുറപ്പെടാനുള്ള സാധ്യത ഉണ്ട്. സാധാരണ വൈറല്‍ പനി പോലും നിപാ ബാധയാണെന്ന് തെറ്റിദ്ധരിച്ച് പരിഭ്രാന്തി പടരാനിടയുണ്ട്. ഇത് മുന്‍കൂട്ടി കണ്ട് പ്രാഥമിക ആരോഗ്യ കേന്ദ്രം മുതലുള്ള ആരോഗ്യ പരിപാലന സംവിധാനങ്ങളെ അടിയന്തരമായി സുസജ്ജമാക്കണം. എത്തുന്ന രോഗികള സ്‌ക്രീന്‍ ചെയ്തു സാംക്രമിക രോഗങ്ങളുള്ളവരെ വേര്‍തിരിച്ച് ആവശ്യമുള്ളവരെ മാത്രം റഫറല്‍ ആശുപത്രികളിലേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തണം പരിഷത്ത് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read