ജനകീയ പ്രതിഷേധം കണ്ടെില്ലെന്ന് നടിച്ച് ദേശീയ പാത സര്‍വ്വേ വിഭാഗം; പ്രതിഷേധ സമരത്തിന് പിന്തുണയുമായി കോണ്‍ഗ്രസും ആര്‍എംപിയും

By news desk | Tuesday June 12th, 2018

SHARE NEWS

വടകര: ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വന്ന ജനകീയ പ്രതിഷേധം കണ്ടെില്ലെന്ന് നടിച്ച് ദേശീയ പാത സര്‍വ്വേ വിഭാഗം. തിങ്കളാഴ്ച പതിനൊന്ന് മണിയോടെയാണ് വടകരയില്‍ നിന്നെത്തിയ ദേശീയപാത വിഭാഗം തഹസില്‍ദാര്‍ ഓഫീസില്‍നിന്നും ഉള്ള അഞ്ചംഗ ഉദ്യോഗസ്ഥ സംഘത്തെയാണ് കര്‍മ്മസമിതി നേതൃത്വത്തില്‍ തടഞ്ഞത്.

മണിക്കൂറുകള്‍ നീണ്ടുനിന്ന വാക്കേറ്റത്തിലും, കയ്യാംകളിയിലുംപെട്ട് സര്‍വ്വേ മുടങ്ങി. ഒടുവില്‍ വനിത പോലിസ് അടക്കമുള്ള വന്‍ പോലിസ് സംഘം ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷയൊരുക്കിയാണ് സര്‍വ്വേ നടപടികള്‍ തുടര്‍ന്നത്.

പലസ്ഥലങ്ങളിലും ഏറെനേരം ഉദ്യോഗസ്ഥരും, സ്ഥല ഉടമകളും തമ്മില്‍ വാക്കേറ്റം നടന്നു. നഷ്ടപ്പെടുന്ന മരങ്ങള്‍ക്ക് നമ്പറിടുന്ന നടപടികളാണ് നടത്തിയത്. പലയിടത്തും കര്‍മ്മസമിതി പ്രവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റവും, ഉന്തുംതള്ളും നടന്നെങ്കിലും നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.

തിങ്കളാഴ്ച നടന്ന സര്‍വ്വേ ഒരുകാരണവശാലും നിര്‍ത്തിവെക്കരുതെന്ന് ജില്ല ഭരണകൂടം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ വന്‍തോതിലുള്ള എതിര്‍പ്പാണ് ഇത് പലതവണ നിര്‍ത്തിവെക്കാന്‍ കാരണമായത്. ലാന്റ് അക്യുസിഷന്‍ തഹസില്‍ദാര്‍ പി.പ്രദീപ്കുമാര്‍ സ്ഥലത്തെത്തിയെങ്കിലും, കര്‍മ്മസമിതി നേതാക്കളുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടില്ല.

ബലപ്രയോഗങ്ങള്‍ ഒഴിവാക്കാന്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കിയതായി സൂചനയുണ്ട്.

കര്‍മ്മസമിതി നടത്തിയ പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധകൃഷ്ണനും, ആര്‍ എം പി ഒഞ്ചിയം ഏറിയ കമ്മിറ്റി അംഗം സി.സുഗതനും സ്ഥലത്തെത്തിയിരുന്നു.
പോലിസിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി റോഡ് സ്വകാര്യവല്‍ക്കരണത്തിനായി ജനങ്ങളെ കുടിയൊഴിപ്പിക്കുന്നത് ഇടതുപക്ഷ നയമാണോ എന്ന് വ്യക്തമാക്കണമെന്ന് കര്‍മ്മസമിതി താലൂക്ക് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ പി. കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു. പ്രദീപ് ചോമ്പാല, കെ. കുഞ്ഞിരാമന്‍, പി. കെ. നാണു, പി. രാഘവന്‍, പി. ബാബുരാജ്, കെ. അന്‍വര്‍ ഹാജി എന്നിവര്‍ സംസാരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read