നിധിനയുടെ മരണം ആശുപത്രിക്കെതിരെ ബന്ധുക്കള്‍ ; സീസേറിയന് ആവശ്യപ്പെട്ടപ്പോള്‍ മോശമായി പെരുമാറിയെന്ന് പരാതി

By | Monday June 18th, 2018

SHARE NEWS

വടകര: തലശേരി താലൂക്ക് ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ച യുവതിയും ഗര്‍ഭസ്ഥ ശിശുവും മരിച്ച സംഭവത്തില്‍ ആശുപത്രിക്കെതിരെ അന്വേഷണമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്ത്.

ഒഞ്ചിയം സ്വദേശി കോടേരി മീത്തല്‍ വിനീഷിന്റെ ഭാര്യയും മാഹി പന്തക്കല്‍ തിയ്യകണ്ടിയില്‍ രാജന്റെ മകളുമായ നിധിനയും(27), കുഞ്ഞുമാണ് മരണപ്പെട്ടത്.

ജൂണ്‍ 11നാണ് ഇവരെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യ പ്രസവത്തിന്റെ സമയത്ത് ആസ്തമ രോഗമുണ്ടായിരുന്ന കാര്യം അഡ്മിഷന്‍ സമയത്തുതന്നെ ഡോക്ടറെ അറിയിച്ചിരുന്നതായും അത് ഡോക്ടര്‍ രേഖപ്പെടുത്തിയതായും വിനീഷ് ആശുപത്രി സൂപ്രണ്ടിനയച്ച പരാതിയില്‍ പറയുന്നു.

ജൂണ്‍ 12ന് രാവിലെ പ്രസവമുറിയിലേക്ക് കൊണ്ടുപോയപ്പോള്‍ ആരോഗ്യസ്ഥിതിയെകുറിച്ച് നിധിന ഡോക്ടര്‍മാരോട് പറഞ്ഞതായും സിസേറിയന് ആവശ്യപ്പെട്ടിരുന്നതായും പറയുന്നു.

എന്നാല്‍ പ്രസവമുറിയിലുണ്ടായിരുന്നവര്‍ മോശമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. തുടര്‍ന്ന് വൈകുന്നേരത്തോടെ അമ്മയുടെ നില ഗുരുതരമാവുകയും ജീവന്‍ നിലനിര്‍ത്താന്‍ കുഞ്ഞിനെ നഷ്ടപ്പെടേണ്ടി വരുമെന്ന് ആശുപത്രി അധികാരികള്‍ അറിയിക്കുകയും ചെയ്തു.

എന്നാല്‍ കുഞ്ഞിന്റെ മൃതദേഹം വിട്ടുതരാത്തതില്‍ പരാതിയില്ലെന്ന് എഴുതിക്കൊടുക്കേണ്ടി വന്നതായും വിനീഷ് പറയുന്നു.

ഗുരുതരാവസ്ഥയിലായ നിധിനയെ തലശേരിയിലെ ആംബുലന്‍സില്‍ കോഴിക്കോടേക്ക് മാറ്റാന്‍ പറഞ്ഞപ്പോള്‍ സമ്മതിച്ചില്ലെന്നും കോഴിക്കോട് നിന്നും ഐ.സി.യു. സജ്ജീകരണമുള്ള ആംബുലന്‍സ് എത്തിയശേഷമാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലത്തെിച്ചത്.

വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെട്ട യുവതി രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മരണപ്പെടുകയായിരുന്നു.

തലശേരി ഗവ. താലൂക്ക് ആശുപത്രിയിലെ അനാസ്ഥയാണ് തന്റെ ഭാര്യയുടെയും കുഞ്ഞിന്റെയും ജീവന്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കിയതെന്നും അധികൃതര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. സരോജിനിയാണ് നിധിനയുടെ മാതാവ്. മകള്‍: വൈഗ (കല്ലാമല യു.പി). സഹോദരങ്ങള്‍: രാജേഷ്, നിധീഷ്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read