ബ്രിട്ടീഷ് പത്രങ്ങളില്‍ നിറഞ്ഞ് വടകരക്കാരി

By | Thursday June 29th, 2017

SHARE NEWS

സംരംഭകത്വം അഭിനിവേശമാക്കിയ യുവാക്കളാണ് ഇന്നു ലോകത്തിന്റെ ഗതി മാറ്റി മറിക്കുന്നത്. ഒരു തലമുറയുടെ ചിന്താശേഷികളെ തന്നെ ഉടച്ചുവാര്‍ക്കാന്‍ കെല്‍പ്പുള്ള സംരംഭങ്ങള്‍ക്കാണ് യുവത്വത്തിന്റെ അസാധാരണമായ ഊര്‍ജം ഇന്ധനമാകുന്നതും.  അവരിലെ ആ ഊര്‍ജം തന്നെയാണ് നികിത ഹരിയെന്ന വടകരക്കാരിയെയും നയിക്കുന്നത്, നേട്ടങ്ങളുടെ നെറുകയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നികിത വാര്‍ത്തകളില്‍ നിറഞ്ഞത് പ്രശസ്തമായ ബ്രിട്ടീഷ് പത്രം ടെലഗ്രാഫിന്റെ വിമെന്‍ ഇന്‍ എന്‍ജിനീയറിംഗ് പട്ടികയിലിടം നേടിയതിനോട് അനുബന്ധിച്ചായിരുന്നു.

35 വയസ്സില്‍ താഴെയുള്ള യുകെയിലെ മികച്ച എന്‍ജിനീയര്‍മാരുടെ പട്ടികയിലാണ് നികിത ഹരി ഇടം കണ്ടെത്തിയത്. ആദ്യമായാണ് ഒരു ഇന്ത്യക്കാരി ഈ നേട്ടം കൈവരിക്കുന്നതെന്നതാണ് നികിതയെ വ്യത്യസ്തയാക്കുന്ന ഘടകങ്ങളിലൊന്ന്. വിദ്യാഭ്യാസവും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തി സമൂഹത്തെ ശാക്തീകരിക്കുന്നതിനായുള്ള നികിതയുടെ ശ്രമങ്ങള്‍ക്കുള്ള അംഗീകാരം കൂടി ആയിരുന്നു ടെലഗ്രാഫും വിമന്‍ എന്‍ജിനീയറിങ് സൊസൈറ്റിയും കൂടി പുറത്തുവിട്ട പട്ടികയിലെ തിളക്കമാര്‍ന്ന നേട്ടം. 

കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിനിയായ നികിത രണ്ടു സാമൂഹികസംരംഭങ്ങളുടെ സഹസ്ഥാപകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (കൃത്രിമ ബുദ്ധി) അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ‘വുഡി’ എന്ന സംരംഭത്തിന് പുറമെ ‘ഫവാല്ലി’ എന്ന സ്റ്റാര്‍ട്ടപ്പിന്റെ സഹഉടമസ്ഥയുമാണ് ഇവര്‍.  വുഡി കോഴിക്കോട് ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണക്കാര്‍ക്ക് ഉപയോഗപ്പെടുന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനെ മാറ്റിയെടുക്കുകയാണ് വുഡിയുടെ ലക്ഷ്യമെന്ന് നികിത പറയുന്നു. മാത്രമല്ല, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത ഉല്‍പ്പന്നങ്ങള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയെന്ന സാമൂഹ്യ പ്രതിബദ്ധതയാര്‍ന്ന ദൗത്യത്തിനായും ഇവര്‍ ശ്രമം നടത്തുന്നുണ്ട്. മനുഷ്യനു ചെയ്യാന്‍ സാധിക്കുന്ന പലവിധ കാര്യങ്ങള്‍ അതിന്റെ എത്രയോ മടങ്ങു ശേഷിയോടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ഉല്‍പ്പന്നങ്ങള്‍ക്കു ചെയ്യാന്‍ സാധിക്കും. മനുഷ്യവിഭവശേഷിയുടെ കൂടുതല്‍ ക്രിയാത്മകമായ ഉപയോഗപ്പെടുത്തലിന് ഇതു വഴിവെക്കുകയും ചെയ്യും. ഇതിനെ സാധാരണക്കാരിലേക്ക് എത്തിക്കാനും സമൂഹത്തിന്റെ ഏറ്റവും കാതലായ വിദ്യാഭ്യാസ മേഖലയില്‍ ഉപയോഗപ്പെടുത്താനും ഇവര്‍ നടത്തുന്ന ശ്രമങ്ങള്‍ക്ക് വിവിധ കോണുകളില്‍ നിന്ന് അകമഴിഞ്ഞ പിന്തുണയാണ് ലഭിക്കുന്നത്.

വിദ്യാഭ്യാസത്തെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി ഉടച്ചുവാര്‍ക്കുകയാണ് ലക്ഷ്യം. ഒപ്പം എഐ ഉല്‍പ്പന്നങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനുള്ള ശ്രമവും നടത്തും-നികിത പറയുന്നു. ചേരികളെ സിലിക്കണ്‍ വാലികളായി മാറ്റാനാണ് ഫവാലി സ്റ്റാര്‍ട്ടപ്പിലൂടെ നികിത ആഗ്രഹിക്കുന്നത്. കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ നിന്ന് ബിരുദം നേടിയ നികിത ഫോബ്‌സ് മാസികയുടെ 30 വയസിനു താഴെയുള്ള പ്രതിഭകളുടെ പട്ടിക (സയന്‍സ്-യൂറോപ്പ്, 2015) യിലെ ഫൈനലിസ്റ്റ് തലം വരെ എത്തുകയും ചെയ്തു. എസ്ആര്‍എം സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ നികിത അധ്യാപികയുടെ റോളും ഭംഗിയാക്കിയിട്ടുണ്ട്, കോഴിക്കോട് എന്‍ഐടിയില്‍. വടകരയിലെ പഴങ്കാവെന്ന ഗ്രാമത്തില്‍ നിന്ന് ഗവേഷണത്തിന് കേംബ്രിഡ്ജിലേക്ക് ഈ മിടുക്കി പറന്നത് 50 ലക്ഷം രൂപയുടെ സ്‌കോളര്‍ഷിപ്പോടെ ആയിരുന്നു. ഊര്‍ജ സ്രോതസ്സുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിലാണ് നികിത ഗവേഷണം നടത്തുന്നത്.  ഒപ്പം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ജനകീയവല്‍ക്കരണമെന്ന വലിയ പ്രക്രിയയുടെ ഭാഗമാകാനും തനിക്ക് സാധിക്കുമെന്ന പ്രതീക്ഷയിലാണ് അവര്‍.

Tags: ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read