പാലം പണിയിലൂടെ പണി കിട്ടി ; ദുരിതമൊഴിയാതെ ഒ.വി.തോട് നിവാസികള്‍

By news desk | Friday May 25th, 2018

SHARE NEWS

വടകര: നഗരസഭയിലെ ഒ വി.തോടിന്റെ കരയിലുള്ളവരുടെ ദുരിതത്തിന് അറുതിയില്ല. പാക്കയിലെ ഒഴിച്ചിട്ട വളപ്പില്‍ (ഒ.വി.പാലം) പാലംപണി പാതിവഴിയില്‍ നിലച്ചത് തോടിന്റെ കരയിലുള്ളവരുടെ ജീവിതം ദുസ്സഹമായി.

പാലം പണിയുന്നതിന്റെ മുന്നോടിയായി തോടിന്റെ ഒഴുക്ക് ബണ്ടുകെട്ടി തടസ്സപ്പെടുത്തിയിരുന്നു. പാലംപണി പിന്നീട് നിലച്ചെങ്കിലും ബണ്ട് അതേപോലെ നില്‍ക്കുന്നതിനാല്‍ തോടിന്റെ ഒരുവശത്ത് മലിനജലം കെട്ടിക്കിടക്കുകയാണ്.      വടകര ടൗണില്‍നിന്നും മറ്റുമുള്ള മലിജലം ഒഴുകിയെത്തുന്ന തോടാണിത്.     എല്ലാകാലവും ദുരിതം പേറുന്നവരാണ് തോടിന്‍ കരയിലുള്ളവരെങ്കിലും തോട് തടസ്സപ്പെടുത്തിയതോടെ ദുരിതം ഇരട്ടിയായി.
പാലം പണി നടക്കുന്നതിന്റെ പരിസരംമുതല്‍ വടക്കോട്ട് മലിനജലം കെട്ടിക്കിടക്കുന്നുണ്ട്. സി.കെ. നാണു എം.എല്‍.എ.യുടെ ഫണ്ടില്‍നിന്നുള്ള 25 ലക്ഷം രൂപ ചെലവഴിച്ച് നഗരസഭയുടെ മേല്‍നോട്ടത്തിലാണ് പാലംപണി തുടങ്ങിയത്.

ഫെബ്രുവരിയില്‍ പൈലിങ് തുടങ്ങിയതാണ്. മാര്‍ച്ചില്‍ ഇത് നിലച്ചു. പിന്നീട് ഇതേവരെ പണി തുടങ്ങിയിട്ടില്ല. പൈലിങ് തുടങ്ങിയശേഷം തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചപ്പോള്‍ ചെളിനീക്കിയശേഷം പൈലിങ് നടത്തണമെന്ന് ആവശ്യപ്പെട്ടു.
ചെളി നീക്കിയതോടെ ആഴം കൂടി.

നേരത്തേയുള്ള രൂപകല്‍പനപ്രകാരം പാലം പണിതാല്‍ ഉയരം കുറവായിരിക്കുമെന്ന ആശങ്ക ഉയര്‍ന്നു. ഇതുസംബന്ധിച്ച ആശയക്കുഴപ്പംമൂലമാണ് പണി തുടങ്ങാത്തതെന്നാണ് ഔദ്യോഗിക വിശദീകരണം. പൈലിങ് നടത്തിയതിന്റെ തൊട്ടടുത്തായാണ് ബണ്ട് കെട്ടി തോടിന്റെ ഒഴുക്ക് തടസ്സപ്പെടുത്തിയത്.

ഇതോടെ ടൗണിലെ മലിനജലം മൊത്തം ഇതിനപ്പുറം നിറയാന്‍ തുടങ്ങി. കടുത്ത ദുര്‍ഗന്ധമാണ് ഇതിന് വൈകുന്നേരങ്ങളിലും മറ്റും വീടുകളില്‍ ഇരിക്കാന്‍പോലും കഴിയാത്ത സ്ഥിതിയാണെന്ന് പരിസരവാസികള്‍ പറയുന്നു.
കൊതുകുശല്യവും രൂക്ഷമായി. പൈലിങ്ങിനായി കുഴിയെടുത്ത സ്ഥലത്ത് നല്ല ആഴമുണ്ട്. തോടിന് സംരക്ഷണവേലി ഇല്ലാത്തതും പരിസരവാസികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്. പാലത്തിന്റെ അനുബന്ധറോഡ് നിര്‍മാണത്തിനായി തെങ്ങുകള്‍ മുറിച്ച സ്ഥലത്ത് തോടിന്റെ തീരം ഇടിച്ചില്‍ ഭീഷണിയിലാണ്.

മഴ പെയ്തതോടെ വന്‍തോതില്‍ വെള്ളം കെട്ടിക്കിടന്നതോടെ ബണ്ടിന്റെ ഒരു വശം മാത്രം പൊട്ടിച്ചിട്ടുണ്ട്. ഇതുവഴി കുറച്ചുവെള്ളം ഒഴുകിപ്പോകുന്നതുമാത്രമാണ് ഏക ആശ്വാസം. പാലം പണി എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read