പ്ലാസ്റ്റിക് നിര്‍മാര്‍ജനം പ്രതിസന്ധിയായി

By | Friday February 2nd, 2018

SHARE NEWS


വടകര പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തിന് നഗരസഭ രൂപം നല്‍കിയ വിജയകരമായ പദ്ധതിക്ക് സംഭരണ കേന്ദ്രം കിട്ടാത്തത് പ്രതിസന്ധിയായി. വീടുകളിലും കടകളിലുമുള്ള പ്ലാസ്റ്റിക് മാലിന്യം നിശ്ചിത ഫീസ് ഈടാക്കി സംഭരിക്കുകയും സംസ്‌കരണ കേന്ദ്രത്തിലേക്ക് അയയ്ക്കുകയും ചെയ്യുന്ന പദ്ധതിക്ക് ഇടം കിട്ടാത്തതാണ് പ്രശ്‌നം.

ജെടി റോഡിലെ ജനവാസ കേന്ദ്രത്തിലുള്ള പഴയ ഫയര്‍ സ്റ്റേഷന്‍ ഷെഡില്‍ പ്ലാസ്റ്റിക് സംഭരിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞതിനെ തുടര്‍ന്ന് പകരം സ്ഥലം ലഭ്യമാക്കാനുളള നടപടി തുടങ്ങിയിട്ടില്ല. പ്രദേശത്തെ അറവുശാല ഉയര്‍ത്തുന്ന മലിനീകരണത്തിനൊപ്പം തൊട്ടടുത്തായി പ്ലാസ്റ്റിക് സംഭരണ കേന്ദ്രവും തുടങ്ങാന്‍ സമ്മതിക്കില്ലെന്നാണ് പരിസരവാസികള്‍ പറയുന്നത്.

കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് ശേഖരിച്ച് മൂന്നു ദിവസത്തിനകം സംഭരണ കേന്ദ്രത്തിലേക്ക് അയയ്ക്കുമെന്നാണ് നഗരസഭയുടെ ആരോഗ്യ വിഭാഗം പറയുന്നത്. എന്നാല്‍ പരിസരവാസികള്‍ ഇതു വിശ്വസിക്കുന്നില്ല. വൃത്തിഹീനമായ പ്ലാസ്റ്റിക് ഉണ്ടോയെന്ന് ഉറപ്പു വരുത്താതെയാണ് ശേഖരിക്കുന്നതെന്നും ഇവ കേന്ദ്രത്തില്‍ കെട്ടിക്കിടന്നാല്‍ മലിനീകരണമുണ്ടാകുമെന്നും നാട്ടുകാര്‍ പറയുന്നു. ഇതേ തുടര്‍ന്ന് സംഭരണ കേന്ദ്രത്തില്‍ നിര്‍മാണം നടത്തുന്നത് പരിസരവാസികള്‍ തടഞ്ഞിരിക്കുകയാണ്.

പ്രദേശവാസികളുമായി നഗരസഭ പല വട്ടം നടത്തിയ ചര്‍ച്ചകള്‍ അലസിയതിനെ തുടര്‍ന്ന് പകരം സ്ഥലം കണ്ടെത്താന്‍ ശ്രമം തുടങ്ങിയിട്ടില്ല. സംഭരണ കേന്ദ്രം ജെടി റോഡില്‍ത്തന്നെ സ്ഥാപിക്കുമെന്നാണ് നഗരസഭ ആവര്‍ത്തിക്കുന്നത്. എന്നാല്‍ ഇതിനു സമ്മതിക്കില്ലെന്ന വാശിയില്‍ പരിസരവാസികളും നില്‍ക്കുന്നു. സംഭരണ കേന്ദ്രം ഉറപ്പു വരുത്തുന്നതിനു മുന്‍പ് നഗരസഭ പ്ലാസ്റ്റിക് ശേഖരണം തുടങ്ങിയിരുന്നു. ഇവ നാരായണ നഗറിലെ ഉപയോഗിക്കാതെ കിടക്കുന്ന മല്‍സ്യ മാര്‍ക്കറ്റിലാണ് തല്‍ക്കാലം സംഭരിക്കുന്നത്.

ഈ ഷെഡില്‍ പരിമിതമായ സ്ഥലമേയുള്ളു. നാല്‍പ്പത്തിയേഴ് വാര്‍ഡുകളിലെയും പ്ലാസ്റ്റിക് എത്തുന്നതോടെ എവിടെ സംഭരിക്കുമെന്ന ആശങ്കയും ഉയരുന്നു. ഈ ഷെഡ് മല്‍സ്യ മാര്‍ക്കറ്റ് പദ്ധതിയില്‍ ഉള്‍പ്പെട്ടതു കൊണ്ട് മറ്റാവശ്യത്തിന് ഉപയോഗിക്കാനാകാത്ത സാങ്കേതിക പ്രശ്‌നവുമുണ്ട്.

നഗരസഭ ഏറ്റെടുത്ത മറ്റേതെങ്കിലും ഭൂമിയില്‍ സംഭരണ കേന്ദ്രം സ്ഥാപിക്കണമെന്നാണ് സമരത്തിലുള്ള ജെടി റോഡിലെ പൗരസമിതി ആവശ്യപ്പെടുന്നത്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്ക് ഏറ്റെടുത്ത ഭൂമി മറ്റാവശ്യത്തിന് ഉപയോഗപ്പെടുത്താനുള്ള തടസ്സമാണ് നഗരസഭ ഇതിന് മറുപടിയായി പറയുന്നത്.

Tags: , , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read