യുവകവി ജിനേഷ് മടപ്പള്ളി വിടവാങ്ങി; വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാടും

By | Sunday May 6th, 2018

SHARE NEWS
 1. വടകര: യുവകവി ജിനേഷ് മടപ്പള്ളി വിടവാങ്ങി.വിശ്വസിക്കാനാവാതെ സുഹൃത്തുക്കളും നാടും .             ജിനേഷ് മടപ്പള്ളിക്ക് വിട….
  പൊതുദർശനം
  ഇന്ന് (ഞായർ മെയ്.6)
  പകൽ 11:30 ന്
  വടകര ടൗൺഹാൾ. ജിനേഷിന്റെറെ ഒരു ഓർമക്കുറിപ്പ്:
  ഈ വേദന ഞാനെങ്ങനെ സഹിക്കും മോനേ?
  നിന്റെ ഓരോ കവിതയും ഓരോ ആത്മഹത്യയായിരുന്നില്ലേ? പിന്നെ, നീയെന്തിന് വീണ്ടുമത് ചെയ്തു?

മൂന്ന് മാസം മുമ്പാണ് അവന്റെ അവസാന സമാഹാരമായ “വിള്ളൽ ” എന്നെ ഏല്പിച്ചത്.ഒരു പഠനമെഴുതണമെന്നു പറഞ്ഞു. ഇടക്കിടെ വിളിച്ച് എന്തായി എന്ന് ചോദിക്കും. എഴുതിയ ഭാഗം ഞാൻ ഫോണിലൂടെ വായിച്ചു കേൾപ്പിച്ചപ്പോൾ അവൻ സന്തുഷ്ടനായിരുന്നു. അതിനിടെ അമ്മ ആശുപത്രിയിലായതിന്റെയും പിന്നീട് മരിച്ചതിന്റെയും വിഷമത്തിലായിരുന്നു അവൻ. കണ്ടപ്പോൾ, കുറച്ചു ദിവസം കഴിഞ്ഞ് നമുക്ക് സംസാരിക്കാം എന്നു പറഞ്ഞു.
എഴുതി പൂർത്തിയാക്കിയ ലേഖനത്തിന് ഞാൻ നൽകിയ പേര് ” കവിതയിൽ വെന്തു തീരുന്ന ഒരാൾ ” എന്നായിരുന്നു….
എത്രയേറെ കവിതകൾ ബാക്കി വെച്ചിട്ടാണ് നീ പോയത്…

വിള്ളൽ
………………
അപകടാവസ്ഥയിലായ പാലങ്ങൾ പോലെ
അപകടാവസ്ഥയിലായ മനുഷ്യരുണ്ട്
ഭാരം കയറ്റിയ വാഹനങ്ങൾ നിരോധിച്ചിരിക്കുന്നു എന്ന
മുന്നറിയിപ്പ് ശ്രദ്ധിക്കാതെ
ബന്ധങ്ങൾ കയറിയിറങ്ങിപ്പോയവർ
കൽത്തൂണുകളുടെ ഇളകിയാട്ടങ്ങളെ
തൊട്ടിലുകൾ പേറുന്ന നിറചിരിയെന്ന്
തെറ്റായി വിവർത്തനം ചെയ്യപ്പെട്ടവർ
ആഴങ്ങളിലിറങ്ങിയ ഒരാൾ മാത്രം
അസാധാരണമായ അടിയൊഴുക്കുകളെ ചുഴികളെ
അറിഞ്ഞിട്ടുണ്ട്
തകരുന്ന ദിവസം കുറിച്ചു വെച്ചിട്ടുണ്ട്.
കൈവരികൾ മുഴുവനായും ഉലഞ്ഞു പോയ
ഈ മനുഷ്യരിൽ നിന്ന്
നിങ്ങൾ എപ്പോഴും വഴുതി വീഴാം

 • സുരക്ഷിതമായ അകലം പാലിക്കുആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
  കവിത / ജിനേഷ് മടപ്പള്ളിആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
  തന്നിലേക്കും മരണത്തിലേക്കും
  നിരന്തരം സഞ്ചരിക്കുന്ന
  ഒരു വഴിയുണ്ട്.അവിടം മനുഷ്യരാല്‍ നിറഞ്ഞിരിക്കും
  പക്ഷെ, ആരും അയാളെ കാണില്ല
  അവിടം പൂക്കളാല്‍ അലങ്കരിക്കപ്പെട്ടിരിക്കും
  പക്ഷെ, അയാള്‍ അത് കാണില്ലഅതിന്‍റെ ഇരുവശങ്ങളിലും
  ജീവിത്തിലേക്ക് തുറക്കുന്ന
  നിരവധി ഊടുവഴികളുണ്ടായിരിക്കുംകുതിക്കാന്‍ ചെറിയ പരിശ്രമം മാത്രം
  ആവശ്യമുള്ളവ
  അവയിലൊന്നിലൂടെ
  അയാള്‍ രക്ഷപ്പെട്ടേക്കുമെന്ന്
  ലോകം ന്യായമായും പ്രതീക്ഷിക്കുംകണ്ടിട്ടും കാണാത്തവനെപ്പോലെ
  അലസനായി നടന്ന്
  നിരാശപ്പെടുത്തും അയാള്‍

  മുഴുവന്‍ മനുഷ്യരും
  തന്‍റെമേല്‍ ജയം നേടിയിരിക്കുന്നു
  എന്നയാള്‍ ഉറച്ച് വിശ്വസിക്കും

  അവരില്‍
  കോടിക്കണക്കിന് മനുഷ്യരുമായി
  അയാള്‍ പോരാടിയിട്ടില്ലെങ്കിലും

  അവരില്‍
  അനേകം മനുഷ്യരെ അയാള്‍
  വലിയ വ്യത്യാസത്തിന് തോല്ർപ്പിച്ചിട്ടുണ്ടെങ്കിലും

  വീട്ടുകാരും അടുത്ത സുഹൃത്തുക്കളും
  വലുതായി വലുതായി വരും
  നാട്ടുകാരും ബന്ധുക്കളും
  ചെറുതായി ചെറുതായി പോകും

  ഭൂമി
  സമുദ്രങ്ങളെയും വന്‍കരകളെയും
  ഉറക്കപ്പായപോലെ മടക്കി എഴുന്നേറ്റ്
  ചുരുങ്ങിച്ചുരുങ്ങി
  തന്നെമാത്രം പൊതിഞ്ഞ് വീര്‍പ്പ് മുട്ടിക്കുന്ന
  കഠിന യാഥാര്‍ത്ഥ്യമാകും

  ആത്മഹത്യാക്കുറിപ്പില്‍
  ആരോ പിഴുതെറിഞ്ഞ
  കുട്ടികളുടെ പുഞ്ചിരികള്‍ തൂക്കിയിട്ട
  ഒരു മരത്തിന്‍റെ ചിത്രം മാത്രമുണ്ടാകും

  ഇടയ്ക്കിടെ
  ജീവിച്ചിരുന്നാലെന്താ എന്നൊരു ചിന്ത
  കുമിളപോലെ പൊന്തിവന്ന്
  പൊട്ടിച്ചിതറും

  ആത്മഹത്യക്ക് ഒരുങ്ങുന്ന ഒരാള്‍
  എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
  മരിച്ചിട്ടുണ്ടാവും

  അതിലും എത്രയോ ദിവസങ്ങള്‍ക്ക് മുന്പ്
  തീരുമാനിച്ചിരുന്നതിനാല്‍

  മരിച്ച ഒരാള്‍ക്കാണല്ലോ
  ഭക്ഷണം വിളന്പിയതെന്ന്
  മരിച്ച ഒരാളുടെ കൂടെയാണല്ലോ
  യാത്ര ചെയ്തതെന്ന്
  മരിച്ച ഒരാളാണല്ലോ
  ജീവനുള്ള ഒരാളായി
  ചിരിച്ചും കരഞ്ഞും അഭിനയിച്ചതെന്ന്

  കാലം വിസ്മയിക്കും

  അയാളുടെയത്രയും
  കനമുള്ള ജീവിതം
  ജീവിച്ചിരിക്കുന്നവര്‍ക്കില്ല

  താങ്ങിത്താങ്ങി തളരുന്പോള്‍
  മാറ്റിപ്പിടിക്കാനാളില്ലാതെ
  കുഴഞ്ഞുപോവുന്നതല്ലേ
  സത്യമായും അയഞ്ഞുപോവുന്നതല്ലേ

  അല്ലാതെ
  ആരെങ്കിലും
  ഇഷ്ടത്തോടെ……

Tags: , ,
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read