റാണി സ്ഥാപനങ്ങള്‍ക്കെതിരെ ദുരന്തനിവാരണ നിയമനുസരിച്ച് കേസെടുത്തേക്കും

By news desk | Wednesday June 6th, 2018

SHARE NEWS

വടകര: ചോറോട് റാണി പബ്ലിക് സ്‌കൂള്‍, റാണി ഫുഡ് പ്രോഡക്റ്റ്‌സ് എന്നീ സ്ഥാപനങ്ങളില്‍ നിന്നുള്ള കക്കൂസ് മാലിന്യങ്ങള്‍ തോട്ടിലേക്ക് ഒഴുക്കിയ സംഭവത്തില്‍ സ്ഥാപനത്തിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം.

മാലിന്യ സംസ്‌കരണത്തില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിതെ സ്വീകരിക്കുന്ന ദുരന്ത നിവാരണ നിയമനുസരിച്ച് കേസെടുത്തേക്കും.
ദുരന്ത നിവാരണത്തിന്റെ ചുമതലയുള്ള ഡെപ്യൂട്ടി കലക്ടര്‍ സി.കൃഷ്ണന്‍ കുട്ടി കഴിഞ്ഞ ദിവസം പരിശോധന നടത്തിയിരുന്നു.

ഇക്കഴിഞ്ഞ ഒന്നാം തിയ്യതി നടന്ന സംഭവത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടും ചോറോട് പഞ്ചായത്ത് അധികൃതര്‍ നടപടി സ്വീകരിക്കാത്തത് നാട്ടുകാരില്‍ പ്രതിഷേധത്തിന് ഇടയാക്കിയതാണ് ജില്ലാഭരണ കൂടത്തിന്റെ ഇടപെടലിന് കാരണമായത്.

സ്ഥാപനത്തില്‍ അനുമതിയില്ലാതെ നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പരിശോധിക്കാനും, ഇതിനടുത്തായി പ്രവര്‍ത്തിക്കുന്ന മറ്റു വര്‍ക്ക് ഷോപ്പുകള്‍ ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും എന്‍ജിനീയറിംഗ് വിഭാഗത്തെ ചുമതലപ്പെടുത്തി പരിശോധനാ റിപ്പോര്‍ട്ട് നല്‍കാന്‍ തീരുമാനിച്ചിരുന്നു.

മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താന്‍ പ്രത്യേക ടീമിനെ നിയോഗിക്കും. ഡെപ്യൂട്ടി കലക്ടര്‍ പങ്കെടുത്ത സര്‍വ്വകക്ഷി യോഗത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നിരവധി പരാതികളുണ്ടായിരുന്നു.

നൂറു കണക്കിന് കുടുംബങ്ങള്‍ ആശ്രയിക്കുന്ന രണ്ട് കുടിവെള്ള പദ്ധതികള്‍ മലിനമായിരിക്കുകയാണ്. നിയമത്തിന് ആരും അതീതരല്ലെന്നും കെട്ടിടത്തിന്റെ പെര്‍മിറ്റ് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിച്ച് ദുരന്ത നിവാരണ നിയമ പ്രകാരം നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയിരുന്നു.

പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ്,സി.ഡബ്യു.ആര്‍.ഡി.എം,എന്നിവ നടത്തിയ പരിശോധനാ ഫലം ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ജില്ലാ ഭരണകൂടം ലക്ഷ്യമിടുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read