ഷിനാസ് ഹാഷിം ക്രിക്കറ്റിലെ കടത്തനാടന്‍ കരുത്ത്

By news desk | Monday January 22nd, 2018

SHARE NEWS

വടകര: വോളിബോളിലും ഫുട്‌ബോളിലും വെന്നിക്കൊടി നാട്ടിയ നിരവധി താരങ്ങള്‍ കടത്തനാടിന് സ്വന്തം. ചെരമ്മരന്തൂര്‍ സ്വദേശിയായ ഷിനാസ് ഹാഷിമിലൂടെ ക്രിക്കറ്റിലും കടത്തനാടന്‍ സാന്നിധ്യമുറപ്പിക്കുകയാണ്.
ഹൈദരാബാദില്‍ നടന്ന സൗത്ത് ഇന്ത്യന്‍ യൂണിവേഴ്‌സിറ്റി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ എം.ജി യൂണിവേഴ്‌സിറ്റിക്ക് കിരീടം നേടിക്കൊടുക്കുന്നതില്‍ ടീം ക്യാപ്റ്റന്‍ കൂടിയായ ഷിനാസിന്റെ നേതൃമികവ് നിര്‍ണ്ണായകമായിരുന്നു. സൗത്ത് സോണ്‍ ടൂര്‍ണ്ണമെന്റില്‍ ചെന്നെ എസ്.ആര്‍.എം യൂണിവേഴ്‌സിറ്റിയെ 37 റണ്‍സിന് തോല്‍പിച്ചാണ് ഷിനാസിന്റെ നേതൃത്തിലുള്ള എം.ജി യൂണിവേഴ്‌സിറ്റി ടീം ചാമ്പ്യന്മാരായത്. ചരിത്രത്തിലാദ്യമായാണ് കേരളത്തില്‍ നിന്നുള്ള ഒരു യൂണിവേഴ്‌സിറ്റി സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളാവുന്നതെന്നത് എം.ജിയുടെ വിജത്തിന് പത്തരമാറ്റ് തിളക്കം നല്‍കുന്നു. ഫെബ്രുവരി 12 മുതല്‍ ഹരിയാനയില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനും സൗത്ത് സോണ്‍ വിജയത്തിലൂടെ എം.ജി. യൂണിവേഴ്‌സിറ്റിക്കായി.

ഫാസ്റ്റ് ബൗളറായ ഷിനാസ് കഴിഞ്ഞ അഞ്ചു വര്‍ഷമായി എം.ജി യൂണിവേഴ്‌സിറ്റി ടീമില്‍ കളിക്കുന്നു. കളിക്കുന്നതിനൊപ്പം സഹ കളിക്കാര്‍ക്ക് പ്രചോദനമേകാനും അവരെ നയിക്കാനുമുള്ള കഴിവ് ഷിനാസിനെ ക്യാപ്റ്റന്‍സിയിലേക്കും വഴി നയിച്ചു. സൗത്ത് ഇന്ത്യയിലെ 120 ടീമുകള്‍ മാറ്റുരച്ച ചാമ്പ്യന്‍ഷിപ്പിലാണ് ഷിനാസിന്റെ ടീം ഒന്നൊന്നായി മിന്നും വിജയങ്ങള്‍ സ്വന്തമാക്കി കപ്പ് നേടിയത്. ടൂര്‍ണ്ണമെന്റിലെ മികച്ച ബൗളര്‍മാരുടെ പട്ടികയില്‍ മുന്നിലെത്താനും ഷിനാസിന് കഴിഞ്ഞു. ഫൈനലില്‍ ഷിനാസ് ഉള്‍പ്പെടെയുള്ള ടീമിലെ ബൗളര്‍മാരുടെ മിടുക്കു കൊണ്ടാണ് എതിരാളികളായ എസ്.ആര്‍.എമ്മിനെ 179 എന്ന സ്‌കോറില്‍ ചുരുക്കി കെട്ടാനും 37 റണ്‍സിന്റെ വിജയം നേടാനും കഴിഞ്ഞത്.
ഏറണാകുളം തേവര സേക്രഡ് ഹാര്‍ട്‌സ് കോളേജില്‍ എം.എ സോഷ്യോളജി വിദ്യാര്‍ത്ഥിയായ ഷിനാസ് സംസ്ഥാന ടീമിന് വേണ്ടി അണ്ടര്‍ 16, അണ്ടര്‍ 19, അണ്ടര്‍ 23 വിഭാഗങ്ങളില്‍ മത്സരിച്ചിട്ടുണ്ട്. അണ്ടര്‍ 16 സൗത്ത് ഇന്ത്യന്‍ സോണ്‍ ടീമിനു വേണ്ടിയും ഷിനാസ് കളിക്കുകയുണ്ടായി. കഴിഞ്ഞ അഞ്ച് വര്‍ഷമായി കേരള ടീമിലെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഈ വലം കൈയ്യന്‍ ഫാസ്റ്റ് ബൗളര്‍. ചെന്നൈയിലെ എം.ആര്‍.എഫ് പേസ് ഫൗണ്ടേഷനില്‍ ഗ്രേന്‍ മഗ്രാത്തിന്റെ കീഴിലും ഷിനാസ് പരിശീലിക്കുന്നു.
ഹരിയാനയില്‍ നടക്കുന്ന ഓള്‍ ഇന്ത്യാ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനായി ഫെബ്രുവരി എട്ടിന് എം.ജി ടീം ഏറണാകുളത്തു നിന്ന് യാത്ര പുറപ്പെടും . കഴിഞ്ഞ വര്‍ഷത്തെ ഓള്‍ ഇന്ത്യാ ചാമ്പ്യന്‍ഷിപ്പിലെ ജേതാക്കളായ എസ്.ആര്‍.എമ്മിനെയാണ് സൗത്ത് സോണിലെ തോല്‍പ്പിച്ചതെന്നത് ടീമിന് കൂടുതല്‍ ആത്മധൈര്യം പകരുന്നതായി ഷിനാസ് പറഞ്ഞു. ചെറുപ്പത്തിലേ വീട്ടുകാര്‍ നല്‍കിയ പ്രോത്സാഹനമാണ് ക്രിക്കറ്റില്‍ ഉയങ്ങള്‍ കീഴടക്കാന്‍ ഷിനാസിന് ഊര്‍ജ്ജമായത്. ചെമ്മരത്തൂരില പ്രസാന്ത് വില്ലയില്‍ പരേതനായ ഹാഷിമിന്റെയും വില്യാപ്പള്ളി വെസ്റ്റ് എം.എല്‍.പി സ്‌കൂള്‍ അധ്യാപിക നഫീസയുടെയും മകനാണ് ഷിനാസ്.

Tags:
English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read