രജതം …രജത ജൂബിലിയില്‍ കൊയിലാണ്ടി നഗരസഭ

By news desk | Wednesday August 8th, 2018

SHARE NEWS

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയുടെ രജതജൂബിലി ‘രജതം 2018’ വിപുലമായ പരിപാടികളോടെ ആഘോഷിക്കും.

രജതജൂബിലി ആഘോഷത്തിന്റെ ഔപചാരികമായ ഉദ്ഘാടനം ഈ മാസം 11ന് തൊഴില്‍ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിക്കും.

സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തായിരുന്ന കൊയിലാണ്ടി 1993 മുതലാണ് നഗരസഭയായത്. നിലവില്‍ 44 വാര്‍ഡുകളാണ് കൊയിലാണ്ടി നഗരസഭയിലുള്ളത്. വിയ്യൂര്‍, പന്തലായനി, അരിക്കുളം വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് നഗരസഭ.

25 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അഡ്വ. കെ സത്യന്‍ (ചെയര്‍മാന്‍) , വി.കെ പത്മിനി (വൈസ് ചെയര്‍പേഴ്‌സണ്‍) എന്നിവരാണ് കൗണ്‍സിലിന് നേതൃത്വം നല്‍കുന്നത്.

കൊയിലാണ്ടി നഗരത്തിന്റെ വികസനത്തിന്റെ ഭാഗമായി പുതിയ ബസ് സ്റ്റാന്‍ഡ്, സാംസ്‌കാരിക നിലയം, ടൗണ്‍ഹാള്‍, ആസ്പത്രി, റെയില്‍വേ മേല്‍പ്പാലം, എന്നിവയെല്ലാം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ നിര്‍മിച്ചിട്ടുണ്ട്.

കൊയിലാണ്ടിക്കാര്‍ ദീര്‍ഘകാലമായി കാത്തിരുന്ന ഫയര്‍ സ്റ്റേഷന്‍ സ്ഥാപിതമായതും ഈ ഭരണ സമതിയുടെ കാലത്താണ്. ഫിഷിംഗ് ഹാര്‍ബറിന്റെ പണിയും പുരോഗമിച്ച് വരുന്നു. ഇവയെല്ലാം കൊയിലാണ്ടിയുടെ വികസന മുന്നേറ്റത്തിന്റെ നാഴികക്കല്ലുകളാണ്. കൂടാതെ താലൂക്ക് ആശുപത്രിക്ക് പുറമേ ഹോമിയോ ആശുപത്രി കോപ്ലംക്‌സ്, ആയുര്‍വേദ ആശുപത്രി, വിവിധ വാര്‍ഡുകളില്‍ ആരോഗ്യ പകേന്ദ്രങ്ങള്‍ എന്നിവയും നഗരസഭ ഒരുക്കിയിട്ടുണ്ട്.

ഈ വര്‍ഷം 1000 വീടുകള്‍ പിഎംഎവൈ, ലൈഫ് പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചു നല്‍കും. നഗരഹൃദയത്തില്‍ 17 കോടി ചെലവില്‍ ആധുനിക ഷോപ്പിംഗ് കോപ്ലംക്‌സ്, കൊല്ലം ടൗണില്‍ അഞ്ച് കോടിയുടെ ആധുനിക ഫിഷ് മാര്‍ക്കറ്റ്, ശാസ്ത്രീയ അറവുശാല, വിപുലമായ പൊതുശ്മശാനം ഇവയൊക്കെ പദ്ധതികളായി രൂപപ്പെട്ടു കഴിഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് 85 കോടിയുടെ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനവും ആരംഭിച്ചു കഴിഞ്ഞു.

മാലിന്യസംസ്‌കരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, മത്സ്യബന്ധനം, കാര്‍ഷിക രംഗം എന്നീ മേഖലകളിലും വലിയ ഇടപെടലുകള്‍ നഗരസഭയ്ക്ക് നടത്താന്‍ സാധിച്ചു. ഇതിലൂടെ ഉത്പാദനവര്‍ദ്ധനവും അധികമായി. ജനസൗഹൃദ ജനസേവന കേന്ദ്രം, പകല്‍വീടുകള്‍, ബഡ്‌സ് സെന്ററുകള്‍, പാര്‍ക്കുകള്‍, കളിസ്ഥലങ്ങള്‍, നീന്തല്‍ കുളങ്ങള്‍, അങ്കണവാടികള്‍ക്കായി ശിശു സൗഹൃദ കെട്ടിടങ്ങള്‍ എന്നിവ നഗരസഭയുടെ വിവിധ ഭാഗങ്ങളില്‍ നിര്‍മിച്ചു.

കഴിഞ്ഞ 25 വര്‍ഷത്തെ വികസനകുതിപ്പുകള്‍ കേവലമായ ആഘോഷത്തിനപ്പുറം വികസനത്തിന്റെ ഉത്സവമാക്കി നടപ്പാക്കാനാണ് നഗരസഭയുടെ തീരുമാനം.

ഇതിന്റെ ഭാഗമായി 25 വിഷയങ്ങളെ ആസ്പദമാക്കി സെമിനാര്‍, സിംബോസിയം, ചര്‍ച്ചാക്ലാസുകള്‍, സംവാദങ്ങള്‍, എന്നിവ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കും. 25 വികസന പദ്ധതികളുടെയും 44 വാര്‍ഡുകളിലെയും ഓരോ പദ്ധതികളുടെയും ഉദ്ഘാടനപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.

ജലസുരക്ഷ, ആരോഗ്യസുരക്ഷ, ഭക്ഷ്യസുരക്ഷ, മാലിന്യ പരിപാലനം എന്നീ വിഷയങ്ങളില്‍ പ്രഗല്‍ഭര്‍ പങ്കെടുക്കുന്ന ആധികാരിക സെമിനാറുകള്‍, കലാസാംസ്‌കാരിക സന്ധ്യ എന്നിവയും വരുന്ന എട്ട് മാസക്കാലത്ത് സംഘടിപ്പിക്കും.

ഈ വര്‍ഷത്തെ ഓണാഘോഷം, കൊയിലാണ്ടി ഫെസ്റ്റ് നാഗരികം 2018 ആഗസ്ത് 14 മുതല്‍ 23 വരെ കുടുംബശ്രീ വിപണനമേള സാംസ്‌കാരിക സന്ധ്യ എന്നിവയും ഇ.എം.എസ് ടൗണ്‍ഹാളില്‍ നടത്തും.

രജതജൂബിലി ആഘോഷത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, മുന്‍ മന്ത്രി പി ശങ്കരന്‍, മുന്‍ എം.എല്‍.എ പി വിശ്വന്‍, മുന്‍ഭരണ സാരഥികള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കാളികളാകും.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read