ആ അരും കൊലക്ക് ആറു വര്‍ഷം : ടി പി ചന്ദ്രശേഖരന്‍ ഇന്ന് കുലംകുത്തിയല്ല… ഒഞ്ചിയം പറയുന്നതെന്ത് ?

By എം കെ രിജിന്‍ | Thursday May 3rd, 2018

SHARE NEWS

സ്വര്‍ണ്ണം കായ്ക്കുന്ന മരമായാലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ വെട്ടി മാറ്റണമെന്നായിരുന്നു ടി പി വധത്തെ ന്യായീകരിക്കാന്‍ സിപിഎം പാര്‍ട്ടി കേഡര്‍മ്മാരെ പറഞ്ഞ് പഠിപ്പിച്ച നാട്ടുന്യായം.

കുലംകുത്തി എന്നും കുലംകുത്തി തന്നെയെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിച്ച് പറഞ്ഞു. ടി പി ചന്ദ്രശേഖരന്റെ രക്തസാക്ഷ്യത്വത്തിന് ആറ് വര്‍ഷം പൂര്‍ത്തിയകുമ്പോള്‍ സിപിഎം നേതൃത്വം ചന്ദ്രശേഖരനോടുള്ള നിലപാടില്‍ പിറകോട്ട് പോകുന്ന കാഴ്ചയാണ് കണ്ടത്.

‘സിപിഎം നശിച്ച് കാണമെന്ന് ആഗ്രഹിക്കാത്ത നേതാവിയിരുന്നു ചന്ദ്രശേഖരന്‍. ചന്ദ്രശേഖരന്‍ കോണ്‍ഗ്രസ്സിനും ബിജെപിക്കുമെതിരായിരുന്നു. സിപിഎമ്മില്‍ നിന്ന് പുറത്താക്കിയിരുന്നുവെങ്കിലും അടുക്കാന്‍ കഴിയുന്ന അവസരങ്ങളില്‍ അടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു.’ ഓര്‍ക്കാട്ടേരിയിലെ പൊതുയോഗത്തില്‍ വെച്ച് സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്.

കുലംകുത്തി പ്രയോഗത്തില്‍ നിന്നുളള തിരിച്ച് പോക്കിനെ രാഷ്ട്രീയ കേരളം ഏറെ കൗതുകത്തോടെയായിരുന്നു നോക്കി കാണുന്നത്.
പാര്‍ലിമെന്റി വ്യാമോഹത്തിന് അടിമപ്പെട്ട് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് നേതാവ്, പാര്‍ട്ടി സഹകരണ ബാങ്കുമായി ബന്ധപ്പട്ടെ അഴിമതിക്കഥ. ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ ആര്‍എംപി രൂപീകരണവുമായി മുന്നോട്ട് വന്ന കാലഘട്ടത്തില്‍ പുറത്ത് വന്ന വിശേഷങ്ങളാണ് മേല്‍പ്പറഞ്ഞവ.

ആര്‍എംപി പ്രസ്ഥാനത്തിനൊപ്പം സിപിഐ(എം) വര്‍ഗ ബഹുജന സംഘടനകള്‍ക്ക് ബദലായി വിദ്യാര്‍ത്ഥി- യുവജന- വനിതാ- സര്‍വ്വീസ് സംഘനകളും ആര്‍എംപി നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ടു. തുടര്‍ന്നങ്ങോട്ട് വടകര മേഖലയില്‍ ഒഞ്ചിയം ഉള്‍പ്പെടെ പല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സിപിഎമ്മിന് നഷ്ടപ്പെട്ടു. ഇടത് ശക്തി കേന്ദ്രമായ വടകര ലോക്‌സഭാ മണ്ഡലം സിപിഐമ്മിന് നഷ്ട്ടപ്പെട്ടതിന് പിന്നിലും ആര്‍എംപി സ്വാധീനം തന്നെയായിരുന്നു.

2012 മെയ് 4 ന് രാത്രി 10.10 ന് വള്ളിക്കാട്ടെ ലീഗ് ഓഫീസിന് സമീപത്ത് വെച്ച് ടി പി ചന്ദ്രശേഖരന്‍ കൊലപ്പെടുന്നു. 51 വെട്ടിന്റെ ക്രൂരത രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യപ്പെടുന്നു. അക്രമി സംഘം വന്നെത്തിയ കാറിന് മാഷാ അള്ളാ സിറ്റിക്കര്‍ പതിച്ചതായും. മുസ്ലീം തീവ്രവാദി സംഘടനകള്‍ക്ക് കൊലപാതകത്തിന് പങ്കുണ്ടെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് വള്ളിക്കാട് കേന്ദ്രീകരിച്ചൊരു സദാചാരകഥയും ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രചരിക്കുന്നുണ്ടായിരുന്നു. പിന്നീട് അതൊന്നും എവിടെയും പറഞ്ഞ് കേട്ടില്ല.

 

 

 

 

ടി പി വധവുമായി അറസ്റ്റിലായിവരില്‍ ഏറേയും സിപിഎം പ്രവര്‍ത്തകരും നേതാക്കളും. ടി പി വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന വാദം അരിയാഹാരം കഴിക്കുന്നവരാം വിശ്വസിക്കുകയില്ല. പ്രതികള്‍ അനധികൃതമായി പരോള്‍ നല്‍കാനും ശ്രമങ്ങള്‍ നടന്ന് വരുന്നു. കേസിലെ മുഴുവന്‍ പ്രതികളെയും പിടികൂടുക, ഗൂഡാലോചനാ കേസ് സിബിഐ അന്വേഷിക്കുക തുടങ്ങിയ ആവശ്യങ്ങളൊന്നും ഇതുവരെ പരിഗണിക്കപ്പെട്ടില്ല.

ടി പി കേസിനെ രാഷ്ട്രീയ ഉപയോഗപ്പെടുത്തുന്നവര്‍ മുഴുവന്‍ പ്രതികളെയും പിടികൂടാന്‍ വേണ്ടി ആത്മാര്‍ത്ഥമായി ഒന്നും ചെയ്തില്ലെന്നത് യാഥാര്‍ത്ഥ്യം. പരല്‍ മീനുകള്‍ മാത്രമല്ല വമ്പന്‍ സ്രാവുകളെയും പിടികൂടുമെന്ന് വീമ്പിളക്കിയവരെക്കൊ തലയില്‍ മുണ്ടിടാതെ തന്നെ വിലസി നടക്കുന്നുണ്ട്. ടി പി വധവുമായി ബന്ധപ്പെട്ട് യുഡിഎഫ് കക്ഷികളും ബിജെപിയും ഒത്ത് തീര്‍പ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായി.


വടകര മേഖലയില്‍ സിപിഐഎം-ആര്‍എംപി(ഐ) സംഘര്‍ഷങ്ങള്‍ പതിവാണ്. സിപിഎം അക്രമം അഴിച്ച് വിടുകയാണെന്നും ആര്‍എംപിയും ആര്‍എംപിയിലെ കൊഴിഞ്ഞ് പോക്ക് തടയുവാന്‍ വേണ്ടി ആര്‍എംപി നേതൃത്വം മനപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയാണ് സിപിഐഎം നേതൃത്വവും ആരോപിക്കുന്നു. സിപിഎമ്മിന്റെ ഫാസ്റ്റിസ്റ്റ് അക്രമങ്ങളെ പ്രതിരോധിക്കാന്‍ ജനാധിപത്യ കക്ഷികളുമായി സഹകരിച്ച് മുന്നോട്ട് പോകണമെന്നാണ് ആര്‍എംപി നേതൃത്വം ആവശ്യപ്പെടുന്നത്.

യുഡിഎഫുമായി സഹകരിച്ചത് ആര്‍എംപി പൊതുവേദികളില്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ചു. കേന്ദ്രത്തിലെ ഫാസ്റ്റിസ്സ് ഭരണത്തിനെതിരെ കോണ്‍ഗ്രസ് സഹകരണം ആവശ്യമാണെന്ന് സിപിഎമ്മില്‍ ഒരു വിഭാഗം ശക്തമായി ആവശ്യപ്പെട്ടുമ്പോള്‍ സംസ്ഥാനത്തെ പ്രമുഖ കക്ഷിയുടെ ഫാസ്റ്റിസ്റ്റ് നിലപാടുകള്‍ക്ക് ആര്‍എംപി കോണ്‍ഗ്രസ് സഹകരണം തേടുന്നു.

ഇവിടെ ചെറിയൊരു ആള്‍കൂട്ടം അവസവാദ രാഷ്ട്രീയത്തിനിടെ ബദല്‍ രാഷ്ട്രീയം കണ്ടെത്താന്‍ ശ്രമിക്കുന്നു. ചന്ദ്രശേഖരന്റെ ര്ക്തസാക്ഷിത്വത്തിന് മഹത്വമേറുമ്പോഴും ആര്‍എംപിയുടെ ജനകീയ പിന്തുണ അനുദിനം കുറഞ്ഞു വരുന്നതാണ് വടകരയിലെ വര്‍ത്തമാന സാഹചര്യം.
ബദല്‍ രാഷ്ട്രീയത്തിന് അനുകൂലമായ സാഹചര്യം കേരളത്തിലുണ്ടെങ്കിലും ജനകീയ വിഷയങ്ങളെ ഏറ്റെടുക്കുന്നതില്‍ പരാജയപ്പെടുന്നുവെന്ന ആരോപണം ശക്തമാണ്. ആര്‍എംപി ശക്തി കേന്ദ്രമായ ഒഞ്ചിയം, അഴിയൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ ദേശീയപാതാ വികസനത്തിന്റെ ഭാഗമായി ഉയര്‍ന്ന് വന്ന ഭൂമിയേറ്റെടുക്കല്‍ വിഷയത്തില്‍ ആര്‍എംപി ഒരു കക്ഷിയേയല്ല.

ആര്‍എംപിയുടെ രാഷ്ട്രീയം ടി പി വധത്തിലും സിപിഐമ്മിലും വിരുദ്ധതയിലും മാത്രം ഒതുങ്ങിപോകുന്നുവെന്നും ആരോപണമുണ്ട്. എസ് സി എസ് ടി നിയമം ദുര്‍ബലപ്പെടുത്തുന്നതിനെതിരെ ദളിത് സംഘടനകളുടേയും വിവിധ ജനകീയ സംഘടനകളുടേയും ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത് ദളിത് ഹര്‍ത്താല്‍ വടകര നഗരത്തില്‍ പൂര്‍ണ്ണമായപ്പോള്‍ ആര്‍എംപി ശക്തി കേന്ദ്രങ്ങള്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടു നിന്നത് ഏറെ വിമര്‍ശിക്കപ്പെട്ടു.

ഹര്‍ത്താല്‍ വിജയിപ്പിക്കുന്നതില്‍ നിന്നും ആര്‍എംപി നേതാക്കള്‍ വിട്ടു നിന്നും. അടിസ്ഥാന ജനവിഭാഗങ്ങളെ കൂടെ നിര്‍ത്തുന്നതിലും ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടുന്നതിലും ആര്‍എംപി(ഐ) സമ്പൂര്‍ണ്ണ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

സിപിഎം വിരുദ്ധ ശക്തികള്‍ക്ക് സിപിഎമ്മിനെതിരെ അടിക്കാനുള്ള വടിയായി ആര്‍എംപി ഒതുങ്ങുന്നു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read