ഹെല്‍മെറ്റ് ഇടാത്തവര്‍ക്ക് താക്കീതുമായി കാലന്‍; വടകരയില്‍ ട്രാഫിക് ബോധവത്ക്കരണം കാലന്‍ നേരിട്ടിറങ്ങി

By news desk | Thursday April 26th, 2018

SHARE NEWS

വടകര: യമപുരിയില്‍ നിന്നും കാലന്‍ കയറുമായി വന്നു. ഹെല്‍മെറ്റിടാതെയും മൊബൈല്‍ ഫോണില്‍ സംസാരിച്ച് കൊണ്ടും സീറ്റ് ബെല്‍റ്റിടാതെയും അലക്ഷ്യമായും അശ്രദ്ധയോടും വാഹനം ഓടിച്ച ആളുകള്‍ക്ക് നടു റോഡില്‍ വെച്ച് കാലന്റെ ശാസനയും ഉപദേശവും. ചിലര്‍ കാലന്റെ മുന്‍പില്‍ കൈ കൂപ്പി തന്നെ തല്‍ക്കാലത്തേക്ക് വിടണമെന്ന് അപേക്ഷിച്ചു. മേലില്‍ നിയമം ലംഘിച്ച് വാഹനം ഓടിക്കില്ല എന്ന് കാലന്റെ മുമ്പില്‍ നടുറോഡില്‍ വെച്ച് ശപഥം ചെയ്തു.
കാലനെ കണ്ട വെപ്രാളത്തില്‍ ചിലര്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ തൂക്കിയിട്ട ഹെല്‍മെറ്റ് തലയില്‍ വെച്ചെങ്കിലും ചിന്‍സ്ട്രാപ്പ് ഇടാന്‍ മറന്ന് പോയി. കാലന്‍ അവര്‍ക്ക് ചിന്‍ സ്ട്രാപ്പ് ധരിപ്പിച്ച് കൊടുത്തു. വടകര ആര്‍.ടി.ഒ.യുടെയും ഡ്രൈവിംഗ് സ്‌കൂള്‍ അസോസിയേഷന്റെയും സംയുക്ത നേതൃത്വത്തിലാണ് താലൂക്കിന്റെ കാലന്റെ പര്യടനം സംഘടിപ്പിച്ചത്.

29 ാമത് ദേശീയ റോഡ് സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായുള്ള പരിപാടികളുടെ മൂന്നാം ദിവസത്തെ പരിപാടിയിലാണ് കാലന്റെ വരവ്. നിയമ ലംഘനം തുടര്‍ന്നാല്‍ താന്‍ കാലപുരിയിലേക്ക് കൊണ്ടുപോകുമെന്ന മുന്നറിയിപ്പ് നല്‍കിയാണ് ബോധവല്‍ക്കരണം അവസാനിപ്പിക്കുന്നത്. വടകര ആര്‍.ടി.ഒ.യുടെ നേതൃത്വത്തില്‍ ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

ഇന്ന് ഹോണ്‍ രഹിത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി ശബ്ദ തീവ്രത അളക്കുന്ന ഉപകരണം  ഉപയോഗിച്ച് പ്രത്യേക വാഹന പരിശോധന നടത്തും. ഐ.എം.എ. യുടെ സഹകരണത്തോടെ വാഹനങ്ങളില്‍ നോ ഹോണ്‍ സ്റ്റിക്കര്‍ പതിക്കും.

30 ന് കൊയിലാണ്ടിയില്‍ വെച്ച് നടക്കുന്ന സമാപന പരിപാടിയോടെ വാരാചരണ പരിപാടികള്‍ അവസാനിക്കും.എം.എ.സി.ടി.ജഡ്ജ് ഷിബു തോമസ് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.

റസ്റ്റ് ഹൗസ് പരിസരത്ത് നടന്ന പരിപാടിയില്‍ വടകര ആര്‍.ടി.ഒ.വി.വി.മധുസൂദനന്‍,ജോയന്റ് ആര്‍.ടി.ഒ.എന്‍.സുരേഷ്,എം.വി.ഐ.രാജേഷ്,എയ്ഞ്ചല്‍ ഡയറക്റ്റര്‍ പി.പി.രാജന്‍,എം.ആര്‍.ചന്ദ്രന്‍,പി.പി.സതീശന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read