ഉന്നാവോ പെണ്‍കുട്ടിയൊടൊപ്പം മുസ്ലീം യുത്ത് ലീഗ് ; ദേശീയ രാഷ്ട്രീയത്തില്‍ ചരിത്രം സൃഷ്ടിച്ച് സി കെ സുബൈര്‍

By | Friday May 4th, 2018

SHARE NEWS

കോഴിക്കോട്: ബനാത്ത് വാലക്കും ഇ അഹമദിനും ശേഷം ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ സാന്നിധ്യം ദേശീയ രാഷ്ട്രീയത്തില്‍ ശ്രദ്ധയേമാകുന്നത് യുവരക്തത്തിലൂടെ….നാദാപുരം വാണിമ്മേല്‍ സ്വദേശിയായ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സി കെ സുബൈറിന്റെ രാഷ്ട്രീയ ഇടപെടലുകള്‍ ശ്രദ്ധേയമാകുന്നു.

അടിച്ചമര്‍ത്തപ്പെടുന്ന മതന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും വേണ്ടി പാര്‍ലമെന്റിന് അകത്തും പുറത്തും കൊടുങ്കാറ്റായി മാറിയ ചരിത്രമുള്ള മുസ്ലീം ലീഗില്‍ സി കെ സുബൈര്‍ എന്ന വാണിമ്മേല്‍ സ്വദേശി പുതിയ ചരിത്രം കുറിക്കുകയാണ്.

ഉന്നാവോയില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്കും ഓക്‌സിജന്‍ കിട്ടാതെ നുറുകണക്കിന് കുട്ടികള്‍ മരണപ്പെട്ട സംഭവത്തിന്റെ പേരില്‍ യു പി സംസ്ഥാന സര്‍ക്കാര്‍ ബലിയാടാക്കിയ ഡോ കാഫീന്‍ ഖാനെ എന്നിവരെ യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി നേരിട്ടെത്തി പിന്തുണ അറിയിച്ചത് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. ഡോ കാഫീല്‍ ഖാനെ ഗൊരഖ്പ്പൂരിലെ വസതിയിലെത്തി സന്ദര്‍ശിച്ചു.

കേരളത്തില്‍ നിന്ന് സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ഇടപെടലിനെ കാഫില്‍ ഖാനെ പ്രത്യേകം എടുത്ത് പറഞ്ഞു. യൂത്ത് ലീഗ് ദേശീയ വൈസ്പ്രസിഡന്റ് ആസിഫ് അന്‍സാരിയുടെ ഇടപെടലും ജാമ്യം ലഭിക്കാന്‍ സഹായകമായെന്ന് കാഫില്‍ ഖാനെ പറഞ്ഞു. ഡോ. കഫീലിനു പിന്തുണയുമായി മുസ്ലിംലീഗും ഉണ്ടാകുമെന്ന് സി കെ സുബൈര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി ജെ പി എം എല്‍ എ ക്കെതിരെ ബലാല്‍സംഗത്തിന് പരാതി നല്‍കിയതിന്റെ പേരില്‍ പിതാവ് കൊല്ലപ്പെട്ട പെണ്‍കുട്ടിയേയും കുടുബത്തേയും കാണാനെത്തിയ
മുസ്ലിംയൂത്ത് ലീഗ് പ്രതിനിധിസംഘത്തെ ഏറെ പ്രതീക്ഷയോടെയാണ് സ്വീകരിച്ചത്.

ഉന്നാവോയിലെ ബി ജെ പി എം എല്‍ എ കുല്‍ദീപ് സിംഗ് സെന്‍ഗര്‍, സഹോദരന്‍ അതുല്‍ സിംഗ് എന്നിവര്‍ ചേര്‍ന്നാണ് തന്നെ മാനഭംഗപ്പെടുത്തിയത് എന്ന് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നു. പരാതി നല്‍കിയതിന്റെ പേരില്‍ 17 വയസുകാരിക്ക് അവളുടെ പിതാവിനെയും നഷ്ടപ്പെട്ടു.

മകള്‍ക്കുണ്ടായ ദുരനുഭവത്തില്‍ നീതിയാവശ്യപ്പെട്ട് സമരംനടത്തിയ പിതാവ് പപ്പു സിംഗ് പോലീസ് കസ്റ്റഡിയില്‍ വച്ച് ക്രൂരമായ മര്‍ദ്ദനത്തിനൊടുവില്‍ കൊല്ലപ്പെടുകയായിരുന്നു.
പെണ്‍കുട്ടിയെയും, മാതാവിനെയും ,അഞ്ച് സഹോദരിമാരെയും, കുഞ്ഞനുജനേയും ഗസ്റ്റ് ഹൗസില്‍ പോലീസ് സംരക്ഷണയിലാണ് പാര്‍ച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ അടുത്ത അനുയായിയായ ബി ജെ പി എം എല്‍ എ പ്രതിസ്ഥാനത്ത് വരുന്നത് കൊണ്ട് അതിശക്തമായ സമ്മര്‍ദ്ദമാണ് ഇരയുടെ കുടുംബം നേരിടുന്നത്. ദിവസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് യൂത്ത് ലീഗ് സംഘത്തിന് പെണ്‍കുട്ടിയെയും കുടുംബത്തെയും നേരില്‍ കാണാനായത്.

പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാനെത്തിയപ്പോള്‍ വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചതെന്ന് യൂത്ത് ലീഗ് നേതാക്കള്‍ പറയുന്നു. ‘തങ്ങളുടെയും, കത്വയിലെ പെണ്‍കുട്ടിയുടെയും കുടുംബങ്ങളെ സഹായിക്കാനും, നിയമ പോരാട്ടം നടത്താനും യൂത്ത് ലീഗ് സന്നദ്ധമാണെന്നും, 3000 കിലോമീറ്റര്‍ അകലെ കേരളത്തില്‍ നിന്ന് സഹായമെത്തുന്നുവെന്നും അറിഞ്ഞപ്പോള്‍ അവരില്‍ അല്‍ഭുതം കൂറി.

കഴിഞ്ഞ കുറേ ദിവസങ്ങളായി പുറം ലോകത്ത് നടക്കുന്നതൊന്നും അറിയാതെ തടവിലായ അവസ്ഥയിലാണ് ഞാനും എന്റെ കുടുംബവും, ഇരയുടെ മാതാവ് ആശാ സിംഗ് പറഞ്ഞു തുടങ്ങി.. ‘എന്റെ മക്കളുടെ പിതാവിനെ നഷ്ടമായി, എം എല്‍ എ യുടെ ജീവനക്കാരനായിരുന്നു അദ്ദേഹം. വലിയ സ്വാധീനമുള്ള ആളാണ് എം എല്‍ എ. എന്റെ കുട്ടികളെ അവര്‍ ജീവിക്കാനനുവദിക്കുന്നില്ല.’

സംസാരിച്ചുകൊണ്ടിരിക്കെ അവര്‍ കരഞ്ഞു. വാക്കുകള്‍ മുറിഞ്ഞു. പെണ്‍കുട്ടിയാണ് തുടര്‍ന്നു സംസാരിച്ചത്. ‘ദിവസങ്ങള്‍ക്ക് മുന്‍പ് ഞാനയായാള്‍ക്ക് വഴങ്ങി കൊടുത്തിരുന്നുവെങ്കില്‍ തന്റെ പിതാവിനെ നഷ്ടപ്പെടില്ലയിരുന്നു’ എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ പെണ്‍കുട്ടി പക്ഷേ പതറാതെയാണ് സംസാരിച്ച് തുടങ്ങിയത്. അവര്‍ എന്റെ അഛനെ കൊന്നു. ഞാന്‍ ഒരു ഹിന്ദുവാണ്.

ഹിന്ദുത്വ ത്തിന്റെ പേരില്‍ ആണയിടുന്ന മുഖ്യമന്ത്രിയെ ഞങ്ങള്‍ പലവട്ടം കണ്ട് പരാതി പറഞ്ഞതിന്റെ പ്രതികാരമായിട്ടാണ് അവരെന്റെ അഛനെ കൊന്നത്. എത്രയോ ദൂരെ നിന്ന് നിങ്ങളെന്നെ കാണാനെത്തിയതില്‍ വലിയ സന്തോഷമുണ്ട് .നീതിക്കു വേണ്ടി ഞങ്ങള്‍ പോരാടും. അവര്‍ സ്വാധീനമുള്ളവരാണ്. പണവും, അധികാരവും ഉള്ളവരാണ്.. പക്ഷേ എനിക്കവരെ ഭയമില്ല.

ആ നിയമ പോരാട്ടത്തില്‍ കൂടെ നില്‍ക്കാനും, തന്റെ കുടുംബത്തെ സഹായിക്കാനും തയാറായ മുസ്ലിം യൂത്ത് ലീഗിനോട് നന്ദിയുണ്ട്.’ നിശ്ചയദാര്‍ഡ്യത്തോടെ അവള്‍ ഞങ്ങളോട് പറഞ്ഞു.
നീതിക്കായുള്ള പോരാട്ടത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളോടൊപ്പം അവസാന നിമിഷം വരെ യൂത്ത് ലീഗ് നിലയുറപ്പിക്കും. എല്ലാ നിലക്കുമുള്ള നിയമഹായവും അവര്‍ക്ക് നല്‍കും. കത്വയിലെയും ,ഉന്നാവോയിലെയും പെണ്‍കുട്ടികള്‍ രണ്ട് പ്രതീകങ്ങളാണ്.

സംഘ് പരിവാര്‍ ഒരു മതത്തെയും പ്രതിനിധാനം ചെയ്യുന്നില്ല. ആത്യന്തികമായി മത വിരുദ്ധവും, സ്ത്രീവിരുദ്ധവും, മനുഷ്യത്വ വിരുദ്ധവുമാണ് അവരുടെ രാഷ്ട്രീയം. കത്വ ഉന്നാവോ പെണ്‍കുട്ടികളുടെ കുടുംബങ്ങളെ സഹായിക്കാന്‍ യൂത്ത് ലീഗ് സമാഹരിച്ച തുക മെയ് 9 ന് ഡല്‍ഹിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മുസ്ലിം ലീഗ് ദേശീയ നേതാക്കന്‍മാരുടെ സാന്നിദ്ധ്യത്തില്‍ കൈമാറുമെന്ന് മുസ്ലിം യൂത്ത് ലീഗ് സി കെ സുബൈര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് മുസ്ലിം ലീഗ് പ്രസിഡണ്ട് ഡോ: മതീന്‍ ഖാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് അതീഹ്, യൂത്ത് ലീഗ് സംസ്ഥാന കണ്‍വീനര്‍ എം എ റഹ്ബര്‍, ഉന്നാവോ ജില്ലാ ലീഗ് പ്രസിഡണ്ട് മുഹമ്മദ് അഹമ്മദ്, എം എസ് എഫ് യു.പി സ്റ്റേറ്റ് കണ്‍വീനര്‍ മുഹമ്മദ് ജാബിര്‍, മുനവ്വര്‍ ഹാനിഹ് അലിഗഡ് എന്നിവരോടൊപ്പമാണ് സന്ദര്‍ശനം നടത്തിയത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read