പൊട്ടിയ പൈപ്പുകള്‍ മാറ്റിയില്ല വെള്ളറാട് മല നിവാസികള്‍ക്ക് കുടിവെള്ളം കിട്ടാകനി

By news desk | Wednesday April 25th, 2018

SHARE NEWS

വടകര: തിരുവള്ളൂര്‍, വില്യാപ്പള്ളി പഞ്ചായത്തുകളിലെ 123 ഓളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന വെള്ളറാട് മല ജലസേചന പദ്ധതി പൈപ്പുകള്‍ പൊട്ടിയതിനെത്തുടര്‍ന്ന് ആറുമാസമായി പ്രവര്‍ത്തനരഹിതം.

16 ലക്ഷം രൂപ ചെലവഴിച്ച് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്തും തിരുവള്ളൂര്‍, വില്യാപ്പള്ളി ഗ്രാമപ്പഞ്ചായത്തുകളും സംയുക്തമായി ആരംഭിച്ച പദ്ധതി 2001ലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. തിരുവള്ളൂര്‍ പഞ്ചായത്തിലെ 71 കുടുംബങ്ങളും വില്യാപ്പള്ളി പഞ്ചായത്തിലെ 52 കുടുംബങ്ങളുമാണ് ഗുണഭോക്താക്കള്‍.

തോടന്നൂര്‍ ബ്ലോക്ക് ഓഫീസിനുസമീപം കിണര്‍ കുഴിച്ച് വെള്ളം വെള്ളറാട് മലയില്‍ വിദ്യപ്രകാശ് സ്‌കൂളിനു സമീപത്തായി നിര്‍മിച്ച ടാങ്കിലെത്തിച്ച് വിതരണം ചെയ്യാനായിരുന്നു പദ്ധതി. 25,000 ലിറ്ററാണ് ടാങ്കിന്റെ സംഭരണശേഷി.
പദ്ധതി പ്രകാരം ജലവിതരണം തുടങ്ങിയെങ്കിലും താമസിയാതെതന്നെ പൈപ്പ് പൊട്ടല്‍ പ്രശ്‌നമായി. കട്ടികുറഞ്ഞ ആറ് എം.എം. പൈപ്പാണ് അന്ന് സ്ഥാപിച്ചത്. ജലവിതരണം മുടങ്ങിയതോടെ അഴിമതി ആരോപണം ഉയര്‍ന്നു.

പരാതി വിജിലന്‍സിലും എത്തി. ഇതേത്തുടര്‍ന്ന് വര്‍ഷങ്ങളോളം പദ്ധതി നോക്കുകുത്തിയായിക്കിടന്നു. ഏറ്റവുമൊടുവില്‍ അഴിമതി ആരോപണം വിജിലന്‍സ് തള്ളുകയും സാങ്കേതികമായ പരിജ്ഞാനത്തിന്റെ അഭാവമാണ് പ്രശ്‌നമെന്ന് കണ്ടെത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പദ്ധതി വീണ്ടും പുനരുജ്ജീവിപ്പിക്കാന്‍ ബ്ലോക്ക് പഞ്ചായത്തും ഗ്രാമപ്പഞ്ചായത്തുകളും ശ്രമം തുടങ്ങി.

10 എം.എം. വ്യാസമുള്ള പൈപ്പ് സ്ഥാപിക്കാന്‍ പദ്ധതിപദ്ധതി തയ്യാറാക്കി. ജലസേചനപദ്ധതിയാണെങ്കിലും പൊതുജനം കുടിവെള്ളപദ്ധതിയായി ഏറ്റെടുത്തതോടെ പൊതുടാപ്പുകള്‍ക്കുപകരം എല്ലാ .വീടുകളിലും ടാപ്പുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. 35 ലക്ഷം രൂപ ചെലവഴിച്ച് പദ്ധതിയുടെ അപാകത പരിഹരിച്ചശേഷം പദ്ധതി 2015 സെപ്റ്റംബര്‍ 17ന് ഉദ്ഘാടനം ചെയ്തു.
എന്നാല്‍, നേരത്തേയുണ്ടായിരുന്ന ആറ് എം.എം. വ്യാസമുള്ള പൈപ്പുകള്‍ എല്ലാം മാറ്റിയില്ലെന്ന വിവരം പിന്നീടാണ് നാട്ടുകാര്‍ അറിയുന്നത്. എട്ട് പൈപ്പുകള്‍ പഴയതുതന്നെ നിലനിര്‍ത്തുകയാണ് ചെയ്തത്. ഇത് പദ്ധതിക്ക് വീണ്ടും തിരിച്ചടിയായി.

ആറ് എം.എം. വ്യാസമുള്ള പൈപ്പുകള്‍ ഇടയ്ക്കിടെ പൊട്ടാന്‍ തുടങ്ങി. ഇത് നന്നാക്കുകയെന്നത് ജനകീയകമ്മിറ്റിക്ക് ബാധ്യതയായി. ഇതോടെ അറ്റകുറ്റപ്പണിയും നിലച്ചു.

ഓരോ ഗുണഭോക്താക്കളും 1600 രൂപ വീതം തുടക്കത്തില്‍ ഗുണഭോക്തൃവിഹിതം നല്‍കിയിരുന്നു. കൂടാതെ, വൈദ്യുതിബില്‍ അടയ്ക്കാനും മാസംതോറും നൂറുരൂപ നല്‍കി. പൊതുവേ ജലക്ഷാമമുള്ള മേഖലയാണ് വെള്ളറാട് മലയും പരിസരവും. ഈ വേനലില്‍ കടുത്ത ജലക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വടകര ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Also Read