---
title: "നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണു; യുവാവിന് ഗുരുതര പരിക്ക് "
english_title: "The youth is serious injury to the train where the drift was started"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/100612/the-youth-is-serious-injury-to-the-train-where-the-drift-was-started"
published_at: "2023-03-01T18:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ff47eb7c7cd_vadakara_railway.jpg"
keywords: []
---

# നീങ്ങിത്തുടങ്ങിയ ട്രെയിനിൽ നിന്ന് വീണു; യുവാവിന് ഗുരുതര പരിക്ക് 

> **Lead Summary:** **വടകര: **യാത്രക്കിടെ വടകര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ തീവണ്ടിയിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്.

## Article Content

**വടകര: **യാത്രക്കിടെ വടകര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി വെള്ളം വാങ്ങി തിരികെ കയറുന്നതിനിടെ തീവണ്ടിയിൽ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്.

വടകര റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെയോടെയാണ് അപകടം. മഞ്ചേരി സ്വദേശിയായ മാസിനാണ് പരിക്കേറ്റത്. ട്രാക്കിനും പ്ലാറ്റ്ഫോമിനും ഇടയിൽ വീണ ഇയാളുടെ രണ്ട് കാലുകളും അറ്റു തൂങ്ങിയ നിലയിലായിരുന്നു.

കോയമ്പത്തൂർ- മംഗലാപുരം ഇൻറർ സിറ്റി എക്സ്പ്രസിൽ കണ്ണൂരിലേക്ക് പോകാൻ കോഴിക്കോട് നിന്ന് കയറിയ മാസിൻ വടകരയിൽ വണ്ടി നിർത്തിയപ്പോൾ സുഹൃത്തിനോടൊപ്പം വെള്ളം വാങ്ങാൻ പ്ലാറ്റ്ഫോമിൽ ഇറങ്ങിയതായിരുന്നു. ഇതിനിടെ ട്രെയിൻ നീങ്ങിത്തുടങ്ങി.

ഇതോടെ സുഹൃത്ത് തിരികെ കയറി. പിന്നാലെ ചാടി കയറുന്നതിനിടെ മാസിൻ വീണു പരിക്കേൽക്കുകയായിരുന്നു. പരിക്കേറ്റയാളെ വടകരയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ട്രെയിൻ യാത്രയ്ക്കിടെ വടകര താലൂക്കിൽ തന്നെ നിരവധി പേർക്ക് ഇത്തരത്തിൽ അപകടം സംഭവിച്ചിട്ടുണ്ട്.തുച്ഛമായ സമയം മാത്രമാണ് ഓരോ സ്റ്റേഷനുകളിലും ട്രെയിൻ നിർത്തുക.

അതിനിടയിൽ വെള്ളമോ ചായയോ വാങ്ങാം എന്ന് കരുതിയാണ് പലരും പുറത്തേക്കിറങ്ങുന്നത്. ഇത് പിന്നീട് ജീവിതകാലം മുഴുവൻ അംഗവൈകല്യത്തിനാണ് പലപ്പോഴും സാക്ഷിയാകുന്നത്.

ചില യാത്രക്കാർ വടകര റെയിൽവേ സ്റ്റേഷനിൽ, ട്രെയിൻ ഇറങ്ങിയാൽ പ്ലാറ്റ്ഫോമിൽ ഇറങ്ങാതെ റെയിൽപ്പാളത്തിലൂടെ മുറിച്ചു കടക്കുന്നതും വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുന്നത്.

ഇത്തരത്തിലുള്ള ആവർത്തിക്കപ്പെടുന്ന നിയമലംഘനങ്ങൾ കുറയ്ക്കുവാൻ വേണ്ടി റെയിൽവേ അധികൃതർ ശ്രദ്ധിക്കണമെന്നാണ് ട്രെയിൻ യാത്രക്കാരുടെ അഭ്യർത്ഥന. അല്ലാത്തപക്ഷം അപകടങ്ങൾ ഇനിയും വർദ്ധിക്കാനാണ് സാധ്യത.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/100612/the-youth-is-serious-injury-to-the-train-where-the-drift-was-started)