---
title: "ഡോക്ടർമാരുടെ അനാസ്ഥ; ഹർഷിനക്ക് നീതി ലഭ്യമാക്കണമെന്ന് കെ.കെ. രമ എംഎൽഎ "
english_title: "KK Rama MLA wants to get justice for Harshi"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101130/kk-rama-mla-wants-to-get-justice-for-harshi"
published_at: "2023-03-03T17:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6401e8e550acb_harshina.jpg"
keywords: []
---

# ഡോക്ടർമാരുടെ അനാസ്ഥ; ഹർഷിനക്ക് നീതി ലഭ്യമാക്കണമെന്ന് കെ.കെ. രമ എംഎൽഎ 

> **Lead Summary:** **വടകര: **ഹർഷിനക്ക് നീതി ലഭ്യമാക്കണമെന്ന് വടകര എംഎൽഎ കെ.കെ രമ. സമാനതകളില്ലാത്ത അനുഭവമാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ.കെ.ഹർഷിനയുടേത്.

## Article Content

**വടകര: **ഹർഷിനക്ക് നീതി ലഭ്യമാക്കണമെന്ന് വടകര എംഎൽഎ കെ.കെ രമ. സമാനതകളില്ലാത്ത അനുഭവമാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിനി കെ.കെ.ഹർഷിനയുടേത്.

2017ൽ നടത്തിയ പ്രസവ ശസ്ത്രക്രിയക്കിടെ ഡോക്ടർമാരുടെ അനാസ്ഥകാരണം വയറ്റിൽ കുടുങ്ങിയ കത്രികയുമായി അഞ്ചുവർഷം വയറുവേദനയുമായി നരകയാതന അനുഭവിക്കുകയായിരുന്നു ഈ യുവതി.

അവസാനിക്കാത്ത വയറുവേദനയിൽ നിന്ന് മുക്തിനേടാൻ നിരവധി ചികിത്സകൾക്കും പരിശോധനകൾക്കുമൊടുവിലാണ് കഴിഞ്ഞ വർഷം സ്വകാര്യ ആശുപത്രിയിൽ നടത്തിയ വിദഗ്‌ധ പരിശോധനയിൽ കത്രിക വയറ്റിൽ കുടുങ്ങിയിരിക്കുകയാണെന്നു മനസിലാക്കിയത്.

ഇതിനിടയിൽ വിവിധ ചികിത്സകൾക്കായി ലക്ഷങ്ങൾ ചിലവിട്ടതായി ഹർഷിന പറയുന്നു. ഒടുവിൽ കത്രിക പുറത്തെടുത്തെങ്കിലും തൻ്റെ ജീവിതം ഇത്രകാലം നരകതുല്യമാക്കിയവർക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്നും തനിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നുമുള്ള ന്യായമായ ആവശ്യം ഇതുവരെയും പരിഗണിക്കാൻ സർക്കാർ തയ്യാറായിട്ടില്ല.

ഹർഷിനയ്ക്ക് നീതിയുറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി ഉറപ്പുനൽകിയെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല എന്നത് ദുഖകരമാണ്. നീതി ലഭിക്കാനായി ഇവർ ഇപ്പോൾ മെഡിക്കൽ കോളജിനു മുന്നിൽ സത്യാഗ്രഹ സമരത്തിലാണ്.

സംഭവത്തിലെ കുറ്റക്കാർക്കെതിരെ നിയമ നടപടിയെടുത്തും ഹർഷിനയ്ക്ക് നഷ്ടപരിഹാരം നൽകിയും ഇവരുടെ സമരം അവസാനിപ്പിക്കാനുള്ള അടിയന്തിര ഇടപെടൽ ആരോഗ്യ മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകണം.

സർക്കാർ സംവിധാനങ്ങളുടെ കുറ്റകരമായ അനാസ്ഥകൊണ്ടുമാത്രം കഴിഞ്ഞ അഞ്ചു വർഷമായി നരകതുല്യം ജീവിച്ച ഒരു സ്ത്രീയെ അവർക്ക് ലഭിക്കേണ്ട നീതിക്കായി ഇനിയും തെരുവിൽ കണ്ണീരു കുടിപ്പിക്കുന്നത് അങ്ങേയറ്റം നിന്ദ്യവും മനുഷ്യത്വ വിരുദ്ധവുമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101130/kk-rama-mla-wants-to-get-justice-for-harshi)