---
title: "ക്ഷേമനിധി ബോർഡ്; അംഗത്വ വിതരണ ബോധവത്കരണ ക്യാമ്പയിൻ "
english_title: "Membership distribution awareness campaign"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101186/membership-distribution-awareness-campaign"
published_at: "2023-03-03T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640224dd65e99_AUTO.jpg"
keywords: []
---

# ക്ഷേമനിധി ബോർഡ്; അംഗത്വ വിതരണ ബോധവത്കരണ ക്യാമ്പയിൻ 

> **Lead Summary:** **വടകര:** കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളി രജിസ്ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം പഞ്ചായത്ത് താലൂക്ക് തലങ്ങളിൽ വിവിധ ട്രേഡ് യൂണിയനുകൾ, ഉടമാ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അംഗത്വ വിതരണ ബോധവത്കരണ ക്യാമ്പയിനുകൾ നടത്തിവരുന്നതായി ബോർഡ് ചെയർമാൻ കെ .കെ ദിവാകരൻ അറിയിച്ചു .

## Article Content

**വടകര:** കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ തൊഴിലാളി രജിസ്ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കുന്നു. ഇതിന്റെ ഭാഗമായി കേരളത്തിലുടനീളം പഞ്ചായത്ത് താലൂക്ക് തലങ്ങളിൽ വിവിധ ട്രേഡ് യൂണിയനുകൾ, ഉടമാ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ അംഗത്വ വിതരണ ബോധവത്കരണ ക്യാമ്പയിനുകൾ നടത്തിവരുന്നതായി ബോർഡ് ചെയർമാൻ കെ .കെ ദിവാകരൻ അറിയിച്ചു .

15 ലക്ഷത്തോളം തൊഴിലാളികളെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനാണ് ബോർഡ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2022 ൽ പുതിയതായി 50000 ത്തിൽ പരം തൊഴിലാളികൾ ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഈ സാമ്പത്തിക വർഷം 100 കോടിയിൽ പരം രൂപയുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമനിധിയിൽ അംഗമായതിന് ശേഷം ക്ഷേമനിധി കൂടിശ്ശിക വരുത്തിയിട്ടുളള തൊഴിലാളികൾക്ക് നിബന്ധനകൾക്ക് വിധേയമായി കുടിശ്ശിക ഒടുക്കുന്നതിന് മാർച്ച് 31 വരെ സമയം നല്കിയിട്ടുണ്ട്. പഴയ പദ്ധതി പ്രകാരം ക്ഷേമനിധി കുടിശ്ശിക വരുത്തിയ വാഹന ഉടമകള്ക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി തുക ഒടുക്കുവരുത്തുന്നതിനുളള അവസരവും നിലവിലുണ്ട്.

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് നല്കി വരുന്ന ആനുകൂല്യങ്ങൾ പരിഷ്കരിക്കുന്നതിനുളള നടപടികൾ സർക്കാരിന്റെ പരിഗണയിലാണെന്നും അദ്ദേഹം അറിയിച്ചു. കലാ കായിക അക്കാദമിക് രംഗങ്ങളിൽ മികവ് തെളിയിച്ച പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ കുട്ടികൾക്ക് ദേശീയ തലത്തില് 3 ഗ്രാം സ്വർണ്ണ പതക്കവും സംസ്ഥാന തലത്തിൽ 2 ഗ്രാം സ്വർണ്ണ പതക്കവും നൽകുമെന്നും അറിയിച്ചു.

പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന അർഹരായ മക്കൾക്ക് സർക്കാർ അംഗീകാരത്തിന് വിധേയമായി ലാപ്ടോപ് വിതരണം ചെയ്യുവാനും ബോർഡ് തീരുമാനിച്ചിട്ടുണ്ടെന്ന് ചെയർമാൻ അറിയിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101186/membership-distribution-awareness-campaign)