---
title: "ഇടതുപക്ഷമെന്ന പേരുച്ചരിക്കാൻ സിപിഎമ്മിനർഹതയില്ല: ഷിബു ബേബി ജോൺ "
english_title: "CPM does not deserve to be called Left: Shibu Baby John"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101422/cpm-does-not-deserve-to-be-called-left-shibu-baby-john"
published_at: "2023-03-05T11:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640430895baea_shibu_baby_johnm.jpg"
keywords: []
---

# ഇടതുപക്ഷമെന്ന പേരുച്ചരിക്കാൻ സിപിഎമ്മിനർഹതയില്ല: ഷിബു ബേബി ജോൺ 

> **Lead Summary:** **വടകര : **ജനവിരുദ്ധ വലതുപക്ഷ തൽപര്യങ്ങളുടെ നടത്തിപ്പുകാരും, ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളുമായി മാറിയ അഭിനവ സിപിഎമ്മിന് ഇടതുപക്ഷമെന്ന പേരുച്ചരിക്കാൻ അർഹതയില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ പറഞ്ഞു.

## Article Content

**വടകര : **ജനവിരുദ്ധ വലതുപക്ഷ തൽപര്യങ്ങളുടെ നടത്തിപ്പുകാരും, ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളുമായി മാറിയ അഭിനവ സിപിഎമ്മിന് ഇടതുപക്ഷമെന്ന പേരുച്ചരിക്കാൻ അർഹതയില്ലെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബുബേബിജോൺ പറഞ്ഞു.

ഒഞ്ചിയത്ത് RMPl സംഘടിപ്പിച്ച ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ നമ്മുടെ നാടിന്റെ സാമൂഹ്യചുറ്റുപാട് പരിശോധിച്ചാൽ എല്ലാ അരാജക പ്രവർത്തനങ്ങളുടേയും, ലഹരി-മാഫിയ കൊട്ടേഷൻ സംഘങ്ങളുടെയും നടത്തിപ്പ്കാരായി സിപിഎം നേതൃത്വം മാറിയിരിക്കുന്നത് കാണാം.

ഒരേ സമയം സാമൂഹ്യ അരാജക പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുകയും അതേ സമയം തന്നെ ഒരു നാടിന്റെ സാമൂഹ്യ മുന്നേറ്റത്തിന് വേണ്ടി ഉജ്വലമായ പോരാട്ടം നയിച്ച് രക്തസാക്ഷിത്വം വരിച്ച മണ്ടോടി കണ്ണന്റെ പിൻമുറയാണ് ഞങ്ങളെന്ന് വിളിച്ചു പറയുകയും ചെയ്യുന്ന നെറികെട്ട രക്തസാക്ഷി വഞ്ചന കാട്ടുകയാണ് സിപിഎം.

ഇത് നാട് തിരിച്ചറിയുന്നുണ്ടെന്നും എല്ലാ നെറികേടുകൾക്കെതിരെയും സമീപ ഭാവിയിൽ പുതിയ മുന്നേറ്റങ്ങൾക്ക് നാട് സാക്ഷ്യം വഹിക്കുമെന്നും ആ പോരാട്ടത്തിന് മണ്ടോടിക്കണ്ണന്റെ രക്തസാക്ഷിത്വം ആവേശം പകരുമെന്നും ഷിബുബേബിജോൺ പറഞ്ഞു.

ആർ.എം.പി.ഐ ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.കെ സിബി അദ്ധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ എൻ.വേണു, പി.ജെ മോൻസി, എൻ.പി ഭാസ്കരൻ മാസ്റ്റർ, വി.കെ വിശ്വൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101422/cpm-does-not-deserve-to-be-called-left-shibu-baby-john)