---
title: "'ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര'; മനയത്ത് ചന്ദ്രന്റെ പുസ്തകം പ്രകാശനം ചെയ്തു "
english_title: "Manayat Chandran's book was released"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101426/manayat-chandrans-book-was-released"
published_at: "2023-03-05T11:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640431c919d7e_book_releas.jpg"
keywords: []
---

# 'ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര'; മനയത്ത് ചന്ദ്രന്റെ പുസ്തകം പ്രകാശനം ചെയ്തു 

> **Lead Summary:** **വടകര: **'ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര' പ്രകാശനം ചെയ്തു. എൽ ജെ ഡി ജില്ലാ അധ്യക്ഷൻ മനയത്ത് ചന്ദ്രൻ എഴുതിയ ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാർ നിർവ്വഹിച്ചു.

## Article Content

**വടകര: **'ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര' പ്രകാശനം ചെയ്തു. എൽ ജെ ഡി ജില്ലാ അധ്യക്ഷൻ മനയത്ത് ചന്ദ്രൻ എഴുതിയ ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം എൽ.ജെ.ഡി സംസ്ഥാന അധ്യക്ഷനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം വി ശ്രേയാംസ് കുമാർ നിർവ്വഹിച്ചു.

സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡൻറ് കെ വി കുഞ്ഞികൃഷ്ണന് നൽകിയാണ് പ്രകാശനം ചെയ്തത്. മനയത്ത് ചന്ദ്രന്റെ 26 ലേഖനങ്ങൾ സമാഹരിച്ചു കൊണ്ടാണ് ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര എന്ന പേരിൽ പുസ്തകം പ്രസിദ്ധീകരിച്ചത്.

ദേശീയ രാഷ്ട്രീയത്തെയും സോഷ്യലിസ്റ്റ് ചിന്താഗതികളെയും കാലിക സംഭവങ്ങളെയും സമകാലിക രാഷ്ട്രീയത്തിന്റെ വെളിച്ചത്തിൽ വിശകലനം ചെയ്യുന്ന ലേഖനങ്ങളുടെ സമാഹരണമാണീ പുസ്തകം.

കോഴിക്കോട് ജില്ലാ ബാങ്കിന്റെ പ്രസിഡന്റായും കേരള ഫെഡ്ഡിന്റെ ചെയർമാനായും സഹകരണ മേഖലയുടെ പുനസംഘടനയ്ക്കും, നവീകരണവുമായി രൂപീകരിക്കപ്പെട്ട മൂന്ന് കമ്മീഷനുകളിലെ അംഗമെന്ന നിലയിലുള്ള അനുഭവങ്ങളിലൂടെ സഹകരണ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് ഗ്രന്ഥത്തിൽ വിവരിക്കുന്നുണ്ട്.

അരനൂറ്റാണ്ട് കാലം കേരളത്തിലെ ഗ്രന്ഥശാല പ്രവർത്തകരുടെ ചിരകാലഭിലാഷമായ ലൈബ്രറി നിയമം രൂപകൽപ്പന ചെയ്യുന്നതിന് നേതൃത്വം നൽകിയ വ്യക്തി എന്ന നിലയിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ വിഭിന്നങ്ങളായ സവിശേഷതകളെ കുറിച്ച് ഗ്രന്ഥത്തിൽ വിശകലനം ചെയ്യുന്നു.

ഒരു രാഷ്ട്രീയ വിശകലന ഗ്രന്ഥം എന്ന നിലയിൽ ഏറെ പ്രാധാന്യം കലിക്കപ്പെടാവുന്ന ഗ്രന്ഥമാണ് 'ഒരു സോഷ്യലിസ്റ്റിന്റെ വിചാരധാര'. പി ബാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഡോ: ശശികുമാർ പുറമേരി പുസ്തകാവതരണം നടത്തി. പ്രീ പബ്ലിക്കേഷൻ പുസ്തക വിതരണം കെ കെ കൃഷ്ണൻ, എം കെ കുഞ്ഞിരാമൻ മാസ്റ്ററിന് നൽകി.

വി.ടി. മുരളി, വിജയരാഘവൻ ചേലിയ, ഡോ അനിൽ ചേലേമ്പ്ര ( പ്രോജക്ട് ഡയറക്ടർ എഴുത്തച്ഛൻ പഠന കേന്ദ്രം പ്രൊഫസർ മലയാള സർവകലാശാല) സംസാരിച്ചു.

തുടർന്ന് നടന്ന 'ഫാസിസത്തിനെതിരെ ഗാന്ധിയൻ പ്രതിരോധം' എന്ന സെമിനാറിൽ അഡ്വ എംകെ പ്രേംനാഥ്, സി ഭാസ്കരൻ മാസ്റ്റർ, എംസി വടകര, എം കെ ഭാസ്കരൻ, അഡ്വ ഐ മൂസ, എംപി ശിവാനന്ദൻ, പി കെ ദിവാകരൻ മാസ്റ്റർ, എൻ സി മോയിൻകുട്ടി, എൻ ഉദയൻ മാസ്റ്റർ, സോമൻ മുതുവന സംസാരിച്ചു.

തുടർന്ന് മനയത്ത് ചന്ദ്രൻ മറുപടി ഭാഷണം നടത്തി. പി പ്രദീപ്കുമാർ സ്വാഗതവും സി കുമാരൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ നിരവധി പുസ്തക പ്രേമികളും, പ്രവർത്തകരും, നാട്ടുകാരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101426/manayat-chandrans-book-was-released)