---
title: "പ്രതിഷേധാർഹം; മാധ്യമങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം പ്രതിഷേധാർഹമെന്ന്  കെ.കെ.രമ എംഎൽഎ"
english_title: "KK Rama MLA said that the attack on the media is objectionable"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/101521/kk-rama-mla-said-that-the-attack-on-the-media-is-objectionable"
published_at: "2023-03-06T12:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640589301df32_KK_RAMA.jpg"
keywords: []
---

# പ്രതിഷേധാർഹം; മാധ്യമങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം പ്രതിഷേധാർഹമെന്ന്  കെ.കെ.രമ എംഎൽഎ

> **Lead Summary:** **വടകര:** മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം പ്രതിഷേധാർഹമെന്ന് വടകര എംഎൽഎ കെ.കെ.രമ. മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം തീർച്ചയായും ജനാധിപത്യത്തിന് നേരെയുള്ള കൈയ്യേറ്റം തന്നെയാണ്.

## Article Content

**വടകര:** മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം പ്രതിഷേധാർഹമെന്ന് വടകര എംഎൽഎ കെ.കെ.രമ. മാധ്യമ സ്ഥാപനങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം തീർച്ചയായും ജനാധിപത്യത്തിന് നേരെയുള്ള കൈയ്യേറ്റം തന്നെയാണ്.

അതുകൊണ്ട് തന്നെ അത് അങ്ങേയറ്റം പ്രതിഷേധാർഹവുമാണ്. മാധ്യമ വിമർശനങ്ങളേയും വിയോജിപ്പുകളേയും ഭയക്കുന്ന എല്ലാ ഫാസിസ്റ്റുകളുടേയും പ്രതികരണ രീതിയുടെ സമാനാവർത്തനമാണ് നാം ഇപ്പോൾ കേരളത്തിലും കണ്ടുകൊണ്ടിരിക്കുന്നത്.

സർക്കാരിൻ്റെയും സർക്കാരിനെ നയിക്കുന്ന പാർട്ടി നേതാക്കളുടേയുമെല്ലാം കൊടിയ അഴിമതികളും അധാർമ്മിക ഇടപാടുകളുമെല്ലാം ഒന്നൊന്നായി വെളിച്ചത്തു വരുമ്പോൾ വിളറികൊള്ളുന്നവർ തങ്ങളുടെ പോഷകസംഘടനകളെ കയറൂരിവിട്ട് മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരേയും വിരട്ടി നിശ്ശബ്ദരാക്കാൻ നടത്തുന്ന ഈ ശ്രമം തീർച്ചയായും എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നുചേർന്ന് ചെറുക്കേണ്ടതുണ്ട്.

വളരെ ആസൂത്രിതമായ അക്രമമാണ് കഴിഞ്ഞ ദിവസം കൊച്ചിയിലെ ഏഷ്യാനെറ്റ് ഓഫീസിന് നേരെ നടന്നിട്ടുള്ളതെന്ന കാര്യം ഏവർക്കും വ്യക്തമാണ്. അക്രമം നടത്തിയവരുടെ ദൃശ്യങ്ങളടക്കം ലഭ്യമായിട്ടും പ്രതികളെ പിടികൂടാതെ ഒളിച്ചുകളിക്കുകയാണ് പൊലീസ്.

നിയമവാഴ്ച്ചയെ നോക്കുകുത്തിയാക്കി പാർട്ടി നിയന്ത്രിത ക്രിമിനൽ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിന് കേരളത്തിന്റെ ജനാധിപത്യത്തേയും അഭിപ്രായസ്വാതന്ത്ര്യത്തേയും മാധ്യമസ്വാതന്ത്ര്യത്തേയുമെല്ലാം തീറുകൊടുക്കാനുള്ള ഈ നീക്കത്തെ പരാജയപ്പെടുത്തിയേ തീരൂ. തെരുവുഗുണ്ടായിസം കൊണ്ട് മാധ്യമങ്ങളുടെ വായമൂടിക്കെട്ടാൻ അനുവദിക്കില്ലെന്ന് കേരളം ഒരുമിച്ച് പ്രഖ്യാപിക്കേണ്ടതുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/101521/kk-rama-mla-said-that-the-attack-on-the-media-is-objectionable)