---
title: "കടൽ ഭിത്തി നിർമ്മാണം; വടകരക്ക് 4.97 കോടി രൂപ അനുവദിച്ചു "
english_title: "4.97 crore has been sanctioned to Vadakara for the construction of sea wall"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102360/497-crore-has-been-sanctioned-to-vadakara-for-the-construction-of-sea-wall"
published_at: "2023-03-10T15:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640b064beb76b_kadal_bitthi.jpg"
keywords: []
---

# കടൽ ഭിത്തി നിർമ്മാണം; വടകരക്ക് 4.97 കോടി രൂപ അനുവദിച്ചു 

> **Lead Summary:** **വടകര: **ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ വടകരയുടെ തീര പ്രദേശത്തുള്ളവർക്ക് ആശ്വാസമാകുന്നു. താഴെ അങ്ങാടി-ആനാട് ഭാഗത്ത് കടൽഭിത്തി നിർമാണത്തിനായി 4.97 കോടി രൂപ സാങ്കേതിക അനുമതി ലഭിച്ചു.

## Article Content

**വടകര: **ഏറെ നാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ വടകരയുടെ തീര പ്രദേശത്തുള്ളവർക്ക് ആശ്വാസമാകുന്നു. താഴെ അങ്ങാടി-ആനാട് ഭാഗത്ത് കടൽഭിത്തി നിർമാണത്തിനായി 4.97 കോടി രൂപ സാങ്കേതിക അനുമതി ലഭിച്ചു.

നിരന്തരമായ കടലാക്രമണം മൂലം സ്വൈര്യജീവിതം നഷ്ടപ്പെട്ട കടലോര ജനതയുടെ ദുരിതജീവിതത്തിന് ഒരു പരിധിവരെ ആശ്വാസമേകുന്ന തീരുമാനമാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്.

വരുന്ന കാലാവർഷത്തിനു മുൻപു തന്നെ ഇപ്പോൾ അനുമതിയായിരിക്കുന്ന കടൽഭിത്തി നിർമാണം പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

താഴെ അങ്ങാടി ആനാട് ഭാഗത്ത് സി.പി നമ്പർ:2058 മുതൽ വടക്കോട്ട് 578 മീറ്റർ കടൽ ഭിത്തി നിർമിക്കുന്ന പ്രവൃത്തിക്കാണ് കഴിഞ്ഞ ദിവസം സാങ്കേതിക അനുമതിയായിരിക്കുന്നത്. ഇത് സംബന്ധിച്ച നിർദേശം കാലങ്ങളായി സർക്കാരിൻ്റെ പരിഗണനയിൽ ഉണ്ടായിട്ടും തീരുമാനമാകാതെ കിടക്കുകയായിരുന്നു.

ഈ വിശദാംശങ്ങൾ ബന്ധപ്പെട്ട അധികാരികളുടെയും സർക്കാരിന്റെയും ശ്രദ്ധയിൽ കൊണ്ടുവരികയും, തുടർച്ചയായ ഇടപെടലുകൾ നടത്തുകയും ചെയ്തതോടെയാണ് ഇപ്പോൾ സാങ്കേതിക അനുമതി ലഭിച്ചിരിക്കുന്നത്.

വടകര മണ്ഡലത്തിൽ പതിനേഴ് കിലോമീറ്റർ പരിധിയിൽ നീണ്ടുകിടക്കുന്ന തീരദേശമേഖലയിലെ വിവിധ വിഷയങ്ങൾ പലപ്പോഴായി വടകര എംഎൽഎ എന്നുള്ള നിലയിൽ കെ കെ രമ നിയമസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.

ഇതുപോലെ ദീർഘകാലമായി തീരുമാനമാകാതെ കിടക്കുന്ന ഫയലുകളെ സമയാനുസൃതം സർക്കാർ ശ്രദ്ധയിൽ കൊണ്ടുവരാനും അനുകൂല തീരുമാനം നേടിയെടുക്കാനും കഴിയുന്നു എന്നതും നേട്ടമാണ്.തുടർ നടപടികൾ വേഗത്തിലാക്കി പദ്ധതി പൂർത്തീകരണം ഉടൻ യാഥാർഥ്യമാക്കാനുള്ള ഇടപെടലുകൾ തുടരുമെന്ന് എംഎൽഎ വ്യക്തമാക്കി.

കടൽഭിത്തി എന്ന ആവശ്യം നേടിയെടുക്കുന്നതിനായി പ്രദേശത്തെ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങളുടെയും പ്രദേശവാസികളുടെയും നിരന്തമായ ഇടപെടലുകളും നിതാന്ത ജാഗ്രതയും ഈ അവസരത്തിൽ എടുത്തു പറയേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102360/497-crore-has-been-sanctioned-to-vadakara-for-the-construction-of-sea-wall)