---
title: "കരുത്ത് തെളിയിച്ച് റവല്യൂഷണറി യൂത്ത്  ; യുവജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി"
english_title: " RMP(I) YOUTH WING PROTESET - IN ORKKATERY "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10243/rmpi-youth-wing-proteset-in-orkkatery"
published_at: "2021-11-12T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618e1ccb03125_TK SIBI .jpg"
keywords: []
---

# കരുത്ത് തെളിയിച്ച് റവല്യൂഷണറി യൂത്ത്  ; യുവജന മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

> **Lead Summary:** **ഓര്‍ക്കാട്ടേരി: ** സജീവ പ്രവര്‍ത്തകരുടേയും സ്ഥാപക നേതാക്കളുടേയും കൊഴിഞ്ഞ് പോക്കിനിടെ ആര്‍എംപി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ യുവജന വിഭാഗമായ റവല്യൂഷണറി യൂത്ത് ഇന്നലെ ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച മാര്‍ച്ച് യുവജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

## Article Content

**ഓര്‍ക്കാട്ടേരി: ** സജീവ പ്രവര്‍ത്തകരുടേയും സ്ഥാപക നേതാക്കളുടേയും കൊഴിഞ്ഞ് പോക്കിനിടെ ആര്‍എംപി കടുത്ത രാഷ്ട്രീയ പ്രതിസന്ധി നേരിടുന്നതിനിടെ യുവജന വിഭാഗമായ റവല്യൂഷണറി യൂത്ത് ഇന്നലെ ഓര്‍ക്കാട്ടേരിയില്‍ സംഘടിപ്പിച്ച മാര്‍ച്ച് യുവജനപങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധേയമായി.

പെട്രോള്‍, ഡീസല്‍ വിലയില്‍ അനിയന്ത്രിതമായ വിലക്കയറ്റം സൃഷ്ടിച്ച് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളി വിടുന്ന കേന്ദ്രകേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയാണ് റവല്യൂഷണറി യൂത്ത് ഒഞ്ചിയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഓര്‍ക്കാട്ടേരിയില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്.

പെട്രോള്‍ വില നിയന്ത്രണാധികാരം സര്‍ക്കാര്‍ എടുത്തു കളഞ്ഞതിന് ശേഷം ചുരുങ്ങിയ കാലത്തിനിടയില്‍ സൃഷ്ടിച്ച രൂക്ഷമായ വിലക്കയറ്റത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍ ജനജീവിതം ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോഴും കോര്‍പറേറ്റുകളുടെയും, മാഫിയ കച്ചവടക്കാരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ജനവിരുദ്ധ ഭരണക്കാര്‍ക്കെതിര ജനങ്ങള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും, സാധാരണക്കാരന്റെയും, പാവപ്പെട്ടവന്റെയും സര്‍ക്കാരാണെന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയ പിണറായി സര്‍ക്കാര്‍ മോദി സര്‍ക്കാര്‍ ജനങ്ങളെ പിഴിഞ്ഞ് നടത്തുന്ന ഇന്ധന കൊള്ളയുടെ പങ്ക്പറ്റുന്നവരായി തീര്‍ന്നിരിക്കുന്നത് തിരിച്ചറിഞ്ഞ് ജനകീയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കണമെന്നും മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ആര്‍എംപിഐ ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.കെ സിബി പറഞ്ഞു.

പി.ടി നിഖില്‍,ടി.പി മനീഷ്, ഒ.കെ നിഖില്‍, ലിവേഷ്.ടി എം, ഷിജില്‍ ഇ.കെ എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10243/rmpi-youth-wing-proteset-in-orkkatery)