---
title: "ലോറി കസ്റ്റഡിയിൽ; പുത്തൂരിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം "
english_title: "Lorry in custody in case of dumping toilet waste in Puttur"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102516/lorry-in-custody-in-case-of-dumping-toilet-waste-in-puttur"
published_at: "2023-03-11T14:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640c4259c0d35_LORY_CUSTODY.jpg"
keywords: []
---

# ലോറി കസ്റ്റഡിയിൽ; പുത്തൂരിൽ കക്കൂസ് മാലിന്യം തള്ളിയ സംഭവം 

> **Lead Summary:** **വടകര: ** പുത്തൂരിലെ ഓവുചാലിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളിയ സംഭവത്തിൽ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നാട്ടുകാരും പോലീസും ലോറി തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ആർ.സി ഉടമയെ ബന്ധപ്പെട്ട് ലോറി വടകര പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു.

## Article Content

**വടകര: ** പുത്തൂരിലെ ഓവുചാലിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളിയ സംഭവത്തിൽ ടാങ്കർ ലോറി പോലീസ് കസ്റ്റഡിയിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് നാട്ടുകാരും പോലീസും ലോറി തിരിച്ചറിഞ്ഞത്. തുടർന്ന് പോലീസ് ആർ.സി ഉടമയെ ബന്ധപ്പെട്ട് ലോറി വടകര പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ നിർദ്ദേശിച്ചിരുന്നു.

കഴിഞ്ഞദിവസം രാവിലെ രണ്ടുപേർ ലോറി സ്റ്റേഷനിൽ ഹാജരാക്കിയ ശേഷം മടങ്ങി. ഇവരോടും ആർസി ഉടമയോടും സ്റ്റേഷനിൽ എത്താൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. മലപ്പുറത്തുള്ളതാണ് ലോറി. ലോറിയിലുള്ളവരെല്ലാവരും മലപ്പുറം സ്വദേശികളുമാണ്. ചൊവ്വാഴ്ച രാവിലെയാണ് പുത്തൂരിൽ ജനവാസ മേഖലയിൽ ഓവുചാലിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ കണ്ടത്.

തുടർന്ന് നാട്ടുകാരും നഗരസഭയും പോലീസിൽ പരാതി നൽകിയിരുന്നു. ലോറി പിടികൂടിയ വിവരമറിഞ്ഞ് വാർഡ് കൗൺസിലർ മാരായ കെ. നളിനാക്ഷനും, സി കെ ശ്രീജിനയും നാട്ടുകാരും സ്റ്റേഷനിലെത്തി. മാലിന്യം തിരികെ എടുത്തില്ലെങ്കിൽ മഴപെയ്താൽ വയൽപ്രദേശങ്ങളിൽ മൊത്തം ഇത് പരക്കുമെന്നും ഇവർ വ്യക്തമാക്കി.

മാലിന്യം തിരികെ എടുക്കാനുള്ള ചെലവ് നൽകാൻ പോലീസ് ലോറിക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഴയും ഈടാക്കും. വില്ല്യാപ്പള്ളി അമരാവതിയിലെ സമീപത്തെ ഒരു ഹോട്ടലിലെ മാലിന്യമാണ് തള്ളിതെന്നാണ് സംശയം. മാലിന്യ നീക്കം ചെയ്യാനുള്ള ക്വട്ടേഷൻ ഹോട്ടൽ ഇവർക്ക് നൽകുകയായിരുന്നു.

മൂന്ന് ലോഡ് മാലിന്യം ഹോട്ടലിൽ നിന്ന് കൊണ്ടുപോയതായാണ് വിവരം. ഇതു മൊത്തം പുത്തൂരിലെ ഓവുചാലിൽ തന്നെയാണ് ഒഴുക്കിയത്. രൂക്ഷമായ ദുർഗന്ധം വമിച്ചതിനെ തുടർന്ന് നഗരസഭ ബ്ലീച്ചിംഗ് പൗഡർ ഇട്ടിരുന്നു. തുടർന്നാണ് അല്പം ദുർഗന്ധത്തിന് കുറവ് വന്നത്. മാലിന്യം നിക്ഷേപിച്ചതിനെ തുടർന്ന് നാട്ടുകാരിൽ കടുത്ത അമർഷമാണ് ഉണ്ടായത്. പോലീസ് മാലിന്യം നിക്ഷേപിച്ചവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102516/lorry-in-custody-in-case-of-dumping-toilet-waste-in-puttur)