---
title: "ഉപ്പ് രുചിച്ചു വടകര; റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം പാതിവഴിയിൽ "
english_title: "Construction of regulator cum bridge is half way"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102728/construction-of-regulator-cum-bridge-is-half-way"
published_at: "2023-03-12T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640defc0ebfc5_WATER.jpg"
keywords: []
---

# ഉപ്പ് രുചിച്ചു വടകര; റെഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം പാതിവഴിയിൽ 

> **Lead Summary:** **വടകര: **ഉപ്പുവെള്ള ഭീഷണി തുടങ്ങിയതോടെ പ്രതിസന്ധിയിലായി വടകരയിലെ ജല വിതരണം. നഗരസഭയിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന ഗുളികപ്പുഴ പദ്ധതിയുടെ കൂരങ്കോട്ടുകടവ് പമ്പ് ഹൗസ് ഭാഗത്തേക്ക് ഉപ്പുവെള്ളം കയറി തുടങ്ങിയതോടെയാണ് ജലവിതരണം ബുദ്ധിമുട്ടിലായത്.

## Article Content

**വടകര: **ഉപ്പുവെള്ള ഭീഷണി തുടങ്ങിയതോടെ പ്രതിസന്ധിയിലായി വടകരയിലെ ജല വിതരണം. നഗരസഭയിലേക്കുള്ള കുടിവെള്ളം വിതരണം ചെയ്യുന്ന ഗുളികപ്പുഴ പദ്ധതിയുടെ കൂരങ്കോട്ടുകടവ് പമ്പ് ഹൗസ് ഭാഗത്തേക്ക് ഉപ്പുവെള്ളം കയറി തുടങ്ങിയതോടെയാണ് ജലവിതരണം ബുദ്ധിമുട്ടിലായത്.

ഉപ്പുവെള്ളം കയറാൻ തുടങ്ങിയതോടെ വടകരയിലെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന കുടിവെള്ളത്തിലും ഉപ്പ് രുചിയായി. വേനൽ കടുത്തതോടെ ജലക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന നിലവിലെ സാഹചര്യത്തിൽ ജല അതോറിറ്റി നൽകുന്ന വെള്ളമായിരുന്നു തീരദേശ മേഖലയിലടക്കമുള്ളവരുടെ ഏക ആശ്രയം.

ഈ വെള്ളത്തിലും ഉപ്പുവെള്ളം കലർന്നതോടെ ജലവിതരണം താറുമാറാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. കുറ്റ്യാടി പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് ഓരോ വർഷം തോറും അധികരിക്കുകയാണ്. അനുവദനീയമായതിലും കൂടുതൽ ഉപ്പിന്റെ അളവ് ശ്രദ്ധയിൽപ്പെട്ടാൽ പമ്പിങ്ങ് നിർത്തി വയ്ക്കും. മുൻവർഷങ്ങളിൽ ഉപ്പുവെള്ളം കയറി പമ്പിങ് നിർത്തിവയ്ക്കേണ്ട സ്ഥിതി ഉണ്ടായിരുന്നു.

നിലവിലെ പ്രശ്നം അത്രത്തോളം ഭീകരമില്ലെന്നാണ് ജല അതോറിറ്റിയുടെ അനുമാനം. കലക്ടറുടെ നിർദ്ദേശപ്രകാരം പെരുവണ്ണാമുഴി ഡാമിലെ വെള്ളം കനാലിലൂടെ പുഴയിലേക്ക് ഒഴുക്കുന്നുണ്ടെങ്കിലും, അതിന്റെ അളവ് തീരെ കുറവാണ്. ജല അതോറിറ്റിയുടെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.

നേരത്തെ സ്പില്‍ വേ ഷട്ടറിലൂടെ വെള്ളം പുഴയിലേക്ക് ഒഴുക്കിയിരുന്നുവെങ്കിലും നിലവിൽ ഡാമിലെ വെള്ളം സ്പിൽവേ ഷട്ടറിനേക്കാൾ താഴെയായതിനാൽ ഇത് സാധിക്കുന്നില്ല. ഇതോടെയാണ് കനാൽ വഴി വെള്ളം ഒഴുക്കുന്ന രീതി സ്വീകരിച്ചത്. രണ്ടാഴ്ചയോളമായി ഇങ്ങനെ വെള്ളം ഒഴുകുന്നുണ്ടെങ്കിലും ഇതുവരെ കാര്യമായ മാറ്റമില്ല.

മാത്രമല്ല ഡാമിൽ വെള്ളം കുറവായ സാഹചര്യത്തിൽ വെള്ളം വെറുതെ പുഴയിലേക്ക് ഒഴുക്കുന്നതും ഭാവിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനിടയുണ്ട്. കുറ്റ്യാടി പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാൻ പെരുഞ്ചേരിക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതി ആവിഷ്കരിച്ചെങ്കിലും രണ്ടര വർഷമായിട്ടും അതിന്റെ പണി പാതിവഴിയിലാണ്.

ഉപ്പുവെള്ളത്തെ പ്രതിരോധിക്കാനുള്ള ഏക വഴിയായി കണ്ട് പ്രവർത്തി തുടങ്ങിയിട്ടും പദ്ധതിയെങ്ങും എത്തിയിട്ടില്ല. പദ്ധതി എത്രയും പെട്ടെന്ന് തീർത്ത് ജലവിതരണ പ്രശ്നത്തിന് പരിഹാരം കാണണമെന്ന ആവശ്യമിപ്പോൾ ജനങ്ങൾക്കിടയിൽ ശക്തമാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102728/construction-of-regulator-cum-bridge-is-half-way)