---
title: "അവധി ദിനങ്ങൾ; വടകര താലൂക്കിൽ കുന്നിടിക്കലും വയൽ നികത്തലും വ്യാപകം "
english_title: "In Vadakara taluk hill digging and field filling is widespread"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/102852/in-vadakara-taluk-hill-digging-and-field-filling-is-widespread"
published_at: "2023-03-13T16:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/640eff7d9c5d8_vayal_nikathal.jpg"
keywords: []
---

# അവധി ദിനങ്ങൾ; വടകര താലൂക്കിൽ കുന്നിടിക്കലും വയൽ നികത്തലും വ്യാപകം 

> **Lead Summary:** **വടകര:** വടകര താലൂക്കിലെ വിവിധയിടങ്ങളിൽ കുന്നിടിച്ചിലും, വയൽ നികത്തലും വ്യാപകമാകുന്നു. അവധി ദിവസങ്ങളുടെ മറവിൽ താലൂക്കിലെ വിവിധയിടങ്ങളിൽ വ്യാപകമായി കുന്നിടിക്കുകയും, വയൽ നികത്തുകയും ചെയ്യുന്നുവെന്ന പരാതിയിൽ താലൂക്ക് അധികൃതർ പരിശോധന നടത്തി.

## Article Content

**വടകര:** വടകര താലൂക്കിലെ വിവിധയിടങ്ങളിൽ കുന്നിടിച്ചിലും, വയൽ നികത്തലും വ്യാപകമാകുന്നു. അവധി ദിവസങ്ങളുടെ മറവിൽ താലൂക്കിലെ വിവിധയിടങ്ങളിൽ വ്യാപകമായി കുന്നിടിക്കുകയും, വയൽ നികത്തുകയും ചെയ്യുന്നുവെന്ന പരാതിയിൽ താലൂക്ക് അധികൃതർ പരിശോധന നടത്തി.

ശനി, ഞായർ ദിവസങ്ങളിലാണ് വടകര താലൂക്ക് ഓഫീസിൽ രൂപീകരിച്ച പ്രത്യേക സ്ക്വാഡ് പരിശോധന നടത്തിയത്. പരിശോധനയിൽ വേളം, പുറമേരി, മണിയൂർ, എടച്ചേരി വില്ലേജുകളിൽ നെൽ വയലുകളും, തണ്ണീർത്തടങ്ങളും നികത്തുന്നതായി കണ്ടെത്തി.

പുറമേരി വില്ലേജിലെ എളയിടം പരദേവത ക്ഷേത്രത്തിനു സമീപം വാപ്പുള്ളോട്ട് സൂപ്പിയുടെ കൈവശമുള്ള പുതുക്കുടി താഴെ ഭൂമി നിലം നികത്തി നെൽകൃഷി ചെയ്യാൻ പറ്റാത്ത നിലയിലാക്കിയതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആധാരത്തിൽ തെറ്റായി 'പറമ്പ്' എന്ന് ചേർത്ത് കെട്ടിട നിർമ്മാണത്തിനായി പുറമേരി പഞ്ചായത്ത് ഓഫീസിൽ അപേക്ഷ നൽകിയതായും പരിശോധനയിൽ വ്യക്തമായി.

വില്ലേജിലെ ഫീൽഡ് ബുക്ക്, ബി.ടി ആർ, അടങ്കൽ രജിസ്റ്റർ എന്നിവ ഉപയോഗിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്. താലൂക്കിൽ വ്യാജ സർട്ടിഫിക്കറ്റുകൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ വയലിൻപറമ്പ് എന്ന രേഖ നിർമ്മിച്ചതിനെ സംബന്ധിച്ചും അന്വേഷണം നടക്കും.

ജിയോളജി പെർമിറ്റും കെട്ടിട നിർമ്മാണ അനുമതിയും, ഇല്ലാതെ കുന്നുമ്മൽ പള്ളിക്ക് സമീപം മണ്ണ് നീക്കിയ മണ്ണ് മാന്തി യന്ത്രവും, ആശുപത്രിക്ക് സമീപം വെച്ച് ഹിറ്റാച്ചിയുടെ ടിപ്പറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. താലൂക്ക് ഹെഡ് കോർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ വി കെ സുധീർ, ഡെപ്യൂട്ടി തഹസിൽദാർ മാർക്കണ്ഡേയൻ, സുധീർകുമാർ, രജീഷ്, സുധീർ സ്ക്വാഡ് പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/102852/in-vadakara-taluk-hill-digging-and-field-filling-is-widespread)