---
title: "റോഡ് താഴ്ത്തി; അനുമതിയില്ലെന്ന് വടകര നഗരസഭ "
english_title: "The digging of the road became controversial"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103024/the-digging-of-the-road-became-controversial"
published_at: "2023-03-14T16:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6410569933da6_road_1.jpg"
keywords: []
---

# റോഡ് താഴ്ത്തി; അനുമതിയില്ലെന്ന് വടകര നഗരസഭ 

> **Lead Summary:** **വടകര: **ദേശീയപാത വികസനത്തെ തുടർന്ന് ഏറെ ഉയർന്നുപോയ പാലയാട് നട - ടി.പി. സജിത്ത് റോഡ് കുഴിച്ചു താഴ്ത്തിയത് വിവാദമായി. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡ് കുഴിച്ച് താഴ്ത്തിയത്. വടകര നഗരസഭയുടെ കീഴിൽ വരുന്ന റോഡ് അനുമതിയില്ലാതെയാണ് കുഴിച്ചുതാഴ്ത്തിയത് എന്ന് നഗരസഭ അധികൃതർ പറഞ്ഞു.

## Article Content

**വടകര: **ദേശീയപാത വികസനത്തെ തുടർന്ന് ഏറെ ഉയർന്നുപോയ പാലയാട് നട - ടി.പി. സജിത്ത് റോഡ് കുഴിച്ചു താഴ്ത്തിയത് വിവാദമായി. ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് റോഡ് കുഴിച്ച് താഴ്ത്തിയത്. വടകര നഗരസഭയുടെ കീഴിൽ വരുന്ന റോഡ് അനുമതിയില്ലാതെയാണ് കുഴിച്ചുതാഴ്ത്തിയത് എന്ന് നഗരസഭ അധികൃതർ പറഞ്ഞു.

എന്നാൽ, ഏറെക്കാലം അനുമതിക്കായി നഗരസഭ ആസ്ഥാനത്ത് കയറിയിറങ്ങിയിരുന്നു. വാക്കാൽ കിട്ടിയ അനുമതി പ്രകാരമാണ് റോഡ് കുഴിച്ച് താഴ്ത്തിയതെന്ന് വാർഡ് കൗൺസിലറും, ജനകീയ കമ്മിറ്റിയും വിശദീകരിച്ചു. പാലയാട് നടയിൽ നിന്നും പടിഞ്ഞാറ് ഭാഗത്തേക്കുള്ള റോഡാണിത്.

ദേശീയപാത വികസനം തുടങ്ങിയ ഘട്ടത്തിൽ തന്നെ ഈ റോഡ് ദേശീയപാതയിൽ നിന്നും ഏറെ ഉയർന്നിരുന്നു. ഇത് വാഹനങ്ങൾക്കോ കാൽനടയാത്രക്കാർക്കോ പ്രവേശിക്കുവാൻ സാധിച്ചിരുന്നില്ല. ഈ ഭാഗത്തെ പ്രവർത്തി പൂർത്തിയായെങ്കിലും സർവീസ് റോഡിലേക്ക് ഇറങ്ങുവാൻ സാധിച്ചിരുന്നില്ല. നേരത്തെ ദേശീയപാതയിൽ നിന്നും റെയിൽവേ ട്രാക്ക് ഭാഗത്തേക്ക് പോയിരുന്ന റോഡാണിത്.

ഇതിൽ 35 മീറ്റർ റോഡ്, മൂന്നര മീറ്റർ ആഴത്തിലാണ് കുഴിച്ചുതാഴ്ത്തിയത്. ഒട്ടേറെ വീട്ടുകാർ ഈ ഭാഗത്തുണ്ട്. ഇവർക്കെല്ലാം ദേശീയപാതയിൽ എത്താൻ വളരെ ബുദ്ധിമുട്ടാണ്. അതുകൊണ്ടാണ് നാട്ടുകാർ റോഡ് സർവീസ് റോഡിന് സമമാക്കാൻ വേണ്ടി ഇടപെട്ടത്. ഇവർ നഗരസഭയിൽ നിവേദനം നൽകിയെങ്കിലും, കൗൺസിലിന്റെ അനുമതി വേണമെന്നുള്ള മറുപടിയാണ് ലഭിച്ചത്.

വാർഡ് കൗൺസിലർ പി കെ സിന്ധുവും, ഈ വിഷയം കൗൺസിലിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ജനകീയ കമ്മിറ്റി വീണ്ടും ചെയർപേഴ്സൻ ഉൾപ്പെടെയുള്ളവരെ കണ്ടത്. നഗരസഭയിൽ ഉണ്ടായിരുന്ന എൻജിനീയറിങ് ഉദ്യോഗസ്ഥർ ഉൾപ്പെടെ റോഡ് താഴ്ത്താൻ അനുമതി നൽകിയെന്നാണ് ജനകീയ കമ്മിറ്റി പറയുന്നത്.

കഴിഞ്ഞദിവസം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് നാട്ടുകാർ 35 മീറ്റർ റോഡ് 3.50 മീറ്റർ ആഴത്തിൽ കുഴിച്ചുമാറ്റി. എന്നാൽ വാക്കാൽ അനുമതി നൽകിയിട്ടില്ലെന്നാണ് നഗരസഭ പറയുന്നത്. നഗരസഭയുടെ ആസ്തിയിലുള്ള റോഡാണിത്. റോഡ് താഴ്ത്തിയാൽ മതിൽ തകരുമെന്നുള്ള സ്വകാര്യ വ്യക്തിയുടെ പരാതിയും നിലവിലുണ്ടെന്ന് നഗരസഭ അധികൃതർ വ്യക്തമാക്കി. സംഭവസ്ഥലം അധികൃതർ സന്ദർശിച്ചു. ഈ വിഷയത്തിൽ നഗരസഭ നടപടികളുമായി മുന്നോട്ടു പോകുമെന്ന് നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എം ബിജു വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103024/the-digging-of-the-road-became-controversial)