വള്ളിക്കാട്: ചോറോട് ഗ്രാമപഞ്ചായത്തിലെ വള്ളിക്കാട് ടൗൺ മുതൽ പുഞ്ചപ്പാലം വരെയുള്ള ഭാഗങ്ങളിലെ കുഴികൾ വാഹന യാത്രക്കാർക്ക് ക്ലേശകരമാകുന്നു. ഇത് സംബന്ധിച്ച് നിരവധിതവണ ഒട്ടോ തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.
നിർഭാഗ്യവശാൽ കുഴി അടക്കുവാനുള്ള നടപടി ഇതുവരെയും സ്വീകരിച്ചിട്ടില്ല. വള്ളിക്കാട് നിന്നും മലോൽമുക്കിലേക്ക് പ്രവേശിക്കുവാനുള്ള എളുപ്പവഴി കൂടിയാണിത്. കൂടാതെ വരിശ്യക്കുനി യുപി സ്കൂളിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് കടന്നു പോകുന്നത്. വരിശ്യക്കുനി ട്രാൻസ്ഫോർമറിന് സമീപമാണ് ഒരു കുഴിയുള്ളത്.
റോഡിനെ കീറിമുറിച്ചുള്ള ഈ ഒരു കുഴി വലിയ അപകടമാണ് ക്ഷണിച്ചുവരുത്തുക. വരിശ്യക്കുനി ഭാഗത്തേക്കുള്ള വൈദ്യുതി ട്രാൻസ്ഫോമർ ആണ് സമീപത്തുള്ളത്. രാത്രികാലങ്ങളിൽ കുഴി വെട്ടിച്ച് വൈദ്യുതി ട്രാൻസ്ഫോർമറിലേക്ക് ഇടിക്കുവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ട്രാൻസ്ഫോർമറിന് ശേഷം 100 മീറ്റർ അകലെയായി റോഡിൽ മറ്റൊരു വലിയ ഗർത്തവുമുണ്ട്.
മുച്ചക്രവാഹനം എന്നുള്ള നിലയിൽ ഓട്ടോ തൊഴിലാളികളുടെയും, യാത്രക്കാരുടെയും നടുവൊടിയുകയാണ്. മണിയാറത്ത്, മലോൽമുക്ക്, മങ്ങോട്ടു പാറ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് പേരാണ് ദിനംപ്രതി ഈ റോഡ് വഴി വള്ളിക്കാട്ടേക്ക് പ്രവേശിക്കുന്നത്. മാസങ്ങളായി തുടരുന്ന ഈയൊരു ഗർത്തം എത്രയും പെട്ടെന്ന് ശരിയാക്കണം എന്നാണ് നാട്ടുകാരുടെയും വാഹനയാത്രക്കാരുടെയും പ്രധാന ആവശ്യം.
ഇക്കാര്യത്തിൽ ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ വള്ളിക്കാട് ഓട്ടോ സ്റ്റാൻഡിലെ 25 ഓളം ഓട്ടോ തൊഴിലാളികൾ ചേർന്നുകൊണ്ട് കൂട്ടായ പ്രവർത്തനത്തിലൂടെ അവരവരുടെ കഠിനാധ്വാനം കൊണ്ട് ലഭിക്കുന്ന പണം ഉപയോഗിച്ച് കൊണ്ട് കോൺക്രീറ്റ് ഇടാനാണ് തീരുമാനം. അതുകൊണ്ടുതന്നെ റോഡിലെ കുഴി അടയ്ക്കുന്ന കാര്യത്തിൽ ഗ്രാമപഞ്ചായത്ത് എത്രയും പെട്ടെന്ന് ഉചിതമായ തീരുമാനം എടുക്കണമെന്നാണ് ഓട്ടോ തൊഴിലാളികളുടെ പ്രധാന ആവശ്യം.
The auto workers of Vallikad are preparing to repair the pothole on the road