---
title: "സ്വർണ്ണാഭരണങ്ങളിൽ ഹോൾമാർക്ക് മുദ്രണം ചെയ്യാനുള്ള സമയം അപര്യാപ്തമെന്ന് രാജു അപ്സര "
english_title: "Raju Apsara says there is insufficient time to imprint hallmarks on gold jewellery"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/103802/raju-apsara-says-there-is-insufficient-time-to-imprint-hallmarks-on-gold-jewellery"
published_at: "2023-03-18T20:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6415cbdf298c6_RAJU_APSARA.jpg"
keywords: []
---

# സ്വർണ്ണാഭരണങ്ങളിൽ ഹോൾമാർക്ക് മുദ്രണം ചെയ്യാനുള്ള സമയം അപര്യാപ്തമെന്ന് രാജു അപ്സര 

> **Lead Summary:** **വടകര: **സ്വർണ്ണാഭരണങ്ങളിൽ പുതിയ ഹാൾമാർക്ക് എച്ച്.യു.ഐ.ഡി. മുദ്രണം ചെയ്യാൻ അനുവദിച്ചിട്ടുള്ള സമയം അപര്യാപ്തമെന്ന് രാജു അപ്സര. വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വൈസ് പ്രസിഡണ്ടാണ് രാജു അപ്സര.

## Article Content

**വടകര: **സ്വർണ്ണാഭരണങ്ങളിൽ പുതിയ ഹാൾമാർക്ക് എച്ച്.യു.ഐ.ഡി. മുദ്രണം ചെയ്യാൻ അനുവദിച്ചിട്ടുള്ള സമയം അപര്യാപ്തമെന്ന് രാജു അപ്സര. വ്യാപാരി വ്യവസായി ഏകോപന സമിതി ദേശീയ വൈസ് പ്രസിഡണ്ടാണ് രാജു അപ്സര.

2023 ഏപ്രിൽ മുതൽ വിൽപന നടത്തുന്ന സ്വർണ്ണാഭരണങ്ങളിൽ നിലവിലുണ്ടായിരുന്ന നാലക്ക ഹാൾമാർക്ക് മുദ്രണം പാടില്ലെന്നും പുതിയ ഹാർമാർക്ക് ആറക്ക ആൽഫാന്യമേറിക് നമ്പർ എച്ച്.യു.ഐ.ഡി. മുദ്രണം ചെയ്തു മാത്രമേ വിൽപന നടത്താവു എന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിൻ്റെ ഉത്തരവ് യുക്തിക്ക് നിരക്കാത്തതാണ്.

2000 മാണ്ടിലാണ് രാജ്യത്ത് ഹാൾമാർക്കിംഗ് മുദ്രയായ ബി.ഐ.എസ് അവതരിപ്പിച്ചതെങ്കിലും നടപ്പിലാക്കിയത് 2021 ജൂൺ 23 മുതലാണ്. അതും ഇന്ത്യയിലെ മൊത്തം ജില്ലകളായ 766 ൽ 256 ജില്ലകളിൽ മാത്രം. ഭുരിപക്ഷം ജില്ലകളിലും എച്ച്.യു.ഐ.ഡി. ഹാൾമാർക്കിംഗ് സെൻ്ററുകളില്ല. 339 ജില്ലകളിൽ മാത്രമാണ് എച്ച്.യു.ഐ.ഡി. നിർബന്ധം.

മറ്റ് ജില്ലകളിൽ ഇത് നിർബന്ധമില്ല. അഞ്ച് ലക്ഷത്തിലധികം ജ്വല്ലറികളും അതിനനുസരിച്ച് ആഭരണ നിർമ്മാതാക്കളം ഉണ്ടായിരുന്ന രാജ്യത്ത് അന്ന് ബി.ഐ.എസ്. ഹോൾ മാർക്ക് മുദ്രണം കേവലം 65000 ജ്വല്ലറികൾക്ക് മാത്രമായിരുന്നു. കേവലം 940 ഹാൾമാർക്കിംഗ് കേന്ദ്രങ്ങളും. ഇപ്പോൾ ഒന്നര ലക്ഷത്തിലധികം (1.52 ) വ്യാപാരികൾക്ക് മാത്രമേ ഹാൾമാർക്കിംഗ് നിർബന്ധമുള്ളു. അവർക്ക് വേണ്ടി 1358 ഹാൾമാർക്കിംഗ്‌ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്.

രസകരമായ കാര്യം ഹാൾമാർക്കിംഗ് കേന്ദ്രങ്ങളുള്ള ജില്ലകളിൽ മാത്രമാണ് എച്ച്.യു.ഐ.ഡി. മുദ്ര നിർബന്ധമുള്ളത് ബാക്കിയുള്ള ജില്ലകളിൽ ഏത് തരം സ്വർണ്ണവും വിൽപന നടത്തിയാലും പ്രശ്നമില്ല എന്ന വിചിത്രമായ രണ്ട് തരം നിയമമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്. ഒരു ജില്ലയിൽ ഹാൾമാർക്ക് നിർബന്ധവും വിളിപ്പാടകലെയുള്ള തൊട്ടടുത്ത ജില്ലയിൽ മാർക്ക് നിർബന്ധവുമില്ല. ഇത് വ്യാപാരികൾക്കിടയിൽ പ്രതിസന്ധി സൃഷ്ടിക്കും .

ഹാൾമാർക്കിംഗ് നിർബന്ധമാക്കിയതിന് ശേഷം, ബി.ഐ.എസ്.ലോഗോ, സ്വർണ്ണത്തിൻ്റെ പരിശുദ്ധി, ജ്വല്ലറി ലോഗോ, ഹാൾമാർക്കിംഗ് സെൻ്ററിൻ്റെ ലോഗോ എന്നീ നാല് മുദ്രകളാണ് പതിച്ചിരുന്നത്. 2021 ജൂലായ് മുതൽ എച്ച്.യു.ഐ.ഡി. ആറക്ക ആൽഫ ന്യൂമറിക് നമ്പരും, ബിസ് ലോഗോയും, പരിശുദ്ധിയും മാത്രമാണ് രേഖപ്പെടുത്തേണ്ടിരുന്നത്. ഈ രണ്ട് തരം മുദ്ര പതിച്ച ആഭരണങ്ങളും വിൽപന നടത്തുന്നതിൻ ഇതുവരെ തടസ്സമുണ്ടായിരുന്നില്ല.

എന്നാൽ ഏപ്രിൽ ഒന്ന് മുതൽ നാല് മാർക്കുള്ള ആഭരണങ്ങൾ വിൽക്കാൽ പാടില്ല എന്നുള്ളത് വ്യാപാരികളിൽ വൻ പ്രതിസന്ധി സൃഷ്ടിക്കും. കാരണം നേരത്തെ മുദ്രണം ചെയ്ത ആഭരണങ്ങൾ പകുതിയിലധികവും വ്യാപാരികളിൽ സ്റ്റോക്കുണ്ട്. അത് മായ്ച്ച് കളഞ്ഞ് പുതിയതു് മുദ്രണം ചെയ്യണമെങ്കിൽ ആ ഭരണമൊന്നിന്ന് 45 രൂപയും ജി.എസ്.റ്റി.യും നൽകണം. ഇത് വ്യാപാരികൾക്ക് ദോഷവും ഹാൾമാർക്കിംഗ് സെൻ്ററുകൾക്കു് മാത്രം ഗുണം ചെയ്യുന്നതുമാണ്.ഇതിന് വേണ്ടി ചിലവഴിക്കുന്ന തുക വ്യാപാരികൾക്ക് നഷ്ടമാകും.സ്റ്റോക്കിലുള്ള നാല് മുദ്രയുള്ള ആഭരണങ്ങൾ മുഴുവൻ വിറ്റ് തീരുന്നത് വരെ വിൽപന നടത്താൻ അനുവദിക്കുകയോ അല്ലെങ്കിൽ ഏറ്റവും ചുരുങ്ങിയത് ഒരു വർഷക്കാലത്തെ സാവകാശം അനുവദിക്കുകയോ ചെയ്യലാണ് ഈ പ്രതിസന്ധി നേരിടാൻ കേന്ദ്ര സർക്കാർ ചെയ്യേണ്ടത്.

ഇത് സ്വർണ്ണ വ്യാപാരികളുടെ ന്യായമായ ഒരാവശ്യം മാത്രമാണ്. രാജ്യത്തെ നാലിലൊന്ന് സ്വർണ്ണാഭരണ വിപണിയും കേരളത്തിലാണന്നതും പരിശുദ്ധിയുടെ കാര്യത്തിൽ നേരത്തെ മുതൽ കേരളം മുന്നിലാണ്. മാത്രമല്ല ഹാൾമാർക്കിംഗ് മുദ്രയുള്ളതായാലും എച്ച്.യു.ഐ.ഡി. മുദ്രയുള്ളതായാലും ഇതെല്ലാം ഇൻകം ടാക്സ് ഡിപ്പാർട്ട്മെൻ്റിൻ്റേയും ജി.എസ്.റ്റി. വകുപ്പിൻ്റെയും ബ്യൂറോ ഓഫ് ഇൻഡ്യൻ സ്റ്റാൻഡാർഡ്സിൻ്റെയും കണക്കിലുള്ളത് തന്നെയാണ്.

ഹാൾമാർക്കിംഗ് വന്നതിന് ശേഷം ഏറ്റവും കൂടുതൽ കടകൾ ലൈസൻസ് എടുത്തിട്ടുള്ളത് കേരളത്തിലാണ്. അത് കൊണ്ട് തന്നെ ഇത് ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്നതും കേരളത്തിലെ സ്വർണ്ണ വ്യാപാരികളെയാണ്. അധികൃതർ കണ്ണ് തുറന്ന് ഈ വിഷയം കാണുകയും ന്യായമായ സാവകാശം ഇക്കാര്യത്തിൽ നൽകുകയും ചെയ്തില്ലങ്കിൽ ഈ രാജ്യത്തെ നീതിന്യായ വ്യവസ്ഥിതിയിൽ അഭയം തേടൽ മാത്രമാണ് ഞങ്ങൾക്കുള്ള ഏക പോംവഴി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/103802/raju-apsara-says-there-is-insufficient-time-to-imprint-hallmarks-on-gold-jewellery)