---
title: "തെയ്യവും ഭക്തരും; ക്ഷേത്രാങ്കണങ്ങൾ ചെണ്ടയും താളങ്ങളുമായി വീണ്ടും ഉണർന്നു"
english_title: "Theyyam and devotees; The temple grounds were awakened again with drums and rhythms"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/10574/theyyam-and-devotees-the-temple-grounds-were-awakened-again-with-drums-and-rhythms"
published_at: "2021-11-14T09:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190852b7324e_muththappan.jpg"
keywords: []
---

# തെയ്യവും ഭക്തരും; ക്ഷേത്രാങ്കണങ്ങൾ ചെണ്ടയും താളങ്ങളുമായി വീണ്ടും ഉണർന്നു

> **Lead Summary:** **വടകര :** മഹാമാരിക്കാലത്ത് മനസ്സുകളിൽ നിറഞ്ഞ ദൈവങ്ങളും ഭക്തിയും വീണ്ടും കാവുകളിലും ക്ഷേത്രാങ്കണങ്ങളിലും നിറഞ്ഞാടി തുടങ്ങി. തെയ്യങ്ങളും ഭക്തരും ഒപ്പം ചെണ്ടമേളവും ഇലത്താളങ്ങളും കത്തുന്ന നിറവിളക്കിൻ്റെയും കർപ്പൂരത്തിൻ്റെയും സുഗന്ധങ്ങളും മടങ്ങിയെത്തി.

## Article Content

**വടകര :** മഹാമാരിക്കാലത്ത് മനസ്സുകളിൽ നിറഞ്ഞ ദൈവങ്ങളും ഭക്തിയും വീണ്ടും കാവുകളിലും ക്ഷേത്രാങ്കണങ്ങളിലും നിറഞ്ഞാടി തുടങ്ങി. തെയ്യങ്ങളും ഭക്തരും ഒപ്പം ചെണ്ടമേളവും ഇലത്താളങ്ങളും കത്തുന്ന നിറവിളക്കിൻ്റെയും കർപ്പൂരത്തിൻ്റെയും സുഗന്ധങ്ങളും മടങ്ങിയെത്തി.

ഇതോടെ ഗ്രാമവഴികൾക്ക് ഉത്സവാന്തരീക്ഷം. വർണ്ണ ബലൂണുകളും ചീനപീപ്പിയും കളിപ്പാട്ടങ്ങളും സ്വന്തമായ കുട്ടികൾക്കും സന്തോഷ നാളുകൾ. കളരി മല മുത്തപ്പൻ ക്ഷേത്രത്തിൽ പുത്തരി വെള്ളാട്ടം ആഘോഷമായി നടന്നു. കോവിഡ് കാല നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചതിന് ശേഷം ആദ്യമായാണ് കവഞ്ചേരി മുത്തപ്പൻ മഠപ്പുരയിൽ ഭക്തജനങ്ങളുടെ സാന്നിദ്ധ്യത്തിൽ ഒരു ആഘോഷം നടക്കുന്നത്.

എല്ലാ വർഷവും തുലാംമാസം നടത്താറുണ്ടായിരുന്ന മുത്തപ്പൻ്റെ പുത്തരി വെള്ളാട്ടമാണ് ഭക്തജനങ്ങളുടെ നിറ സാന്നിദ്ധ്യത്തിൽ ക്ഷേത്രാങ്കണത്തിൽ നടന്നത്. ഭക്തജനങ്ങൾക്ക് മുത്തപ്പൻ അനുഗ്രഹം നൽകിയതിന് ശേഷം മുത്തപ്പൻ്റെ മുടിയഴിക്കൽ ചടങ്ങോടെ ഈ വർഷത്തെ പുത്തരി വെള്ളാട്ട ഉത്സവ ചടങ്ങുകൾ സമാപിക്കും.

പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ കാർമ്മികൻ ചന്ദ്രൻ മടയൻ ബ്ലാത്തൂരിൻ്റെ നേതൃത്വത്തിൽ ക്ഷേത്ര ചടങ്ങുകൾ നടന്നപ്പോൾ മുണ്ടേരി ദിനേശൻ പെരുവണ്ണാനായിരുന്നു കോലാധാരി. പുതിയോട്ടിൽ മീത്തൽ ശാന്തയുടേയും നാരായണൻ്റെ വകയായി ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്ക് സൗജന്യ ഭക്ഷണമുണ്ടായിരുന്നു.

പുത്തരി വെള്ളാട്ട ചടങ്ങുകൾ ക്ഷേത്രം കമ്മിറ്റി പ്രസിഡണ്ട് രാജീവൻ പി.പി., സിക്രട്ടറി മനോജ് കുമാർ, എന്നിവരുടേയും, ഭക്ഷണ പാചകം, വനിതാ വിഭാഗം സിക്രട്രറി രജനി.പി.എം, പ്രസിഡണ്ട് നിഷ ചാലിൽ മീത്തൽ എന്നിവരും നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/10574/theyyam-and-devotees-the-temple-grounds-were-awakened-again-with-drums-and-rhythms)