---
title: "നാടകമേ ജീവിതം; രാംദാസും ശ്രീസ്ഥയും കടത്തനാടിൻ്റെ നാടക പെരുമയ്ക്ക് കേരള സംഗീത- നാടക അക്കാദമി പുരസ്കാരങ്ങൾ "
english_title: "Ramdas and Sristha Kerala Sangeet-Nataka Akademi awards for Kadthanadi's Nataka Peruma"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106055/ramdas-and-sristha-kerala-sangeet-nataka-akademi-awards-for-kadthanadis-nataka-peruma"
published_at: "2023-03-30T10:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64251d6d2935b_ramdas_and_sreestha.jpg"
keywords: []
---

# നാടകമേ ജീവിതം; രാംദാസും ശ്രീസ്ഥയും കടത്തനാടിൻ്റെ നാടക പെരുമയ്ക്ക് കേരള സംഗീത- നാടക അക്കാദമി പുരസ്കാരങ്ങൾ 

> **Lead Summary:** **വടകര: ** നാടകമേ ജീവിതമാക്കിയ രണ്ട് പ്രതിഭകളുടെ പെരുമയ്ക്ക് കടത്തനാടിന് അഭിമാനമായി കേരള സംഗീത- നാടക അക്കാദമി പുരസ്കാരങ്ങൾ. അക്കാദമി പുരസ്കാരം നേടി രണ്ട് വടകരക്കാർ. നാടകത്തിൽ ഗുരുപൂജ അവാർഡ് ചമയം, അഭിനയം വിഭാഗങ്ങളിൽ ആർട്ടിസ്റ്റ് രാംദാസ് വടകരയ്ക്കാണ്. നാടകരചനാവിഭാഗത്തിൽ സുരേഷ് ബാബു ശ്രീസ്ഥയാണ് പുരസ്കാരം നേടിയത്.

## Article Content

**വടകര: ** നാടകമേ ജീവിതമാക്കിയ രണ്ട് പ്രതിഭകളുടെ പെരുമയ്ക്ക് കടത്തനാടിന് അഭിമാനമായി കേരള സംഗീത- നാടക അക്കാദമി പുരസ്കാരങ്ങൾ. അക്കാദമി പുരസ്കാരം നേടി രണ്ട് വടകരക്കാർ. നാടകത്തിൽ ഗുരുപൂജ അവാർഡ് ചമയം, അഭിനയം വിഭാഗങ്ങളിൽ ആർട്ടിസ്റ്റ് രാംദാസ് വടകരയ്ക്കാണ്. നാടകരചനാവിഭാഗത്തിൽ സുരേഷ് ബാബു ശ്രീസ്ഥയാണ് പുരസ്കാരം നേടിയത്.

വർഷങ്ങളായി നാടകരംഗത്ത് പ്രവർത്തിക്കുന്ന കലാകാരനാണ് രാംദാസ് വടകര. നാടക മേക്കപ്പ്, സെറ്റിങ്‌സ്‌ എന്നിവയ്ക്കു പുറമെ സിനിമകളുടെ കലാസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ഒട്ടേറെ നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇദ്ദേഹം ഡേവ്സൺ സ്കൂൾ ഓഫ് ആർട്സ് എന്നപേരിൽ ചിത്രകലാവിദ്യാലയവും നടത്തുന്നുണ്ട്. അന്തരിച്ച ഭാര്യ പ്രഭാവതി ചിത്രകാരിയും ചിത്രകലാ അധ്യാപികയുമായിരുന്നു. കലാദാസ്, കലേഷ് കെ. ദാസ് എന്നിവർ മക്കളാണ്.

നേരത്തേ കാർത്തികപ്പള്ളി നമ്പർവൺ യു.പി. സ്കൂളിലെ ചിത്രകലാ അധ്യാപകനായിരുന്നു രാംദാസ് വടകര. നാല്പതോളം നാടകങ്ങളുടെ രചയിതാവാണ് സുരേഷ് ബാബു. കെ.പി.എ.സി., കണ്ണൂർ സംഘചേതന, അബുദാബി ശക്തി തിയേറ്റേഴ്സ് തുടങ്ങി ഒട്ടേറെ നാടകസംഘങ്ങൾക്കുവേണ്ടി ഇദ്ദേഹം നാടകമെഴുതിയിട്ടുണ്ട്. നീലക്കുയിൽ, പ്രണയസാഗരം, മഹാകവി കാളിദാസൻ, നയാപൈസ തുടങ്ങിയവ പ്രധാന നാടകങ്ങളാണ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥനായ ഇദ്ദേഹത്തിന്റെ ഭാര്യ ദീപലേഖയും ഇതേവകുപ്പിൽത്തന്നെയാണ് ജോലിചെയ്യുന്നത്. മകൾ: അമ്മലു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106055/ramdas-and-sristha-kerala-sangeet-nataka-akademi-awards-for-kadthanadis-nataka-peruma)