---
title: "കള ശല്യം; ആയഞ്ചേരിയിൽ നെൽക്കൃഷി സഹായങ്ങൾ വേണം - കർഷകർ "
english_title: "Weed nuisance; Rice cultivation help needed in Ayyanchery - Farmers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106973/weed-nuisance-rice-cultivation-help-needed-in-ayyanchery-farmers"
published_at: "2023-04-03T23:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642b0f0be953a_nelkrishi.jpg"
keywords: []
---

# കള ശല്യം; ആയഞ്ചേരിയിൽ നെൽക്കൃഷി സഹായങ്ങൾ വേണം - കർഷകർ 

> **Lead Summary:** **വടകര:** ആയഞ്ചേരി പഞ്ചായത്തിൽ നെൽക്കൃഷി വ്യാപകമാക്കുന്നതിനാവശ്യമായ സഹായങ്ങൾ അധികൃതർ നൽകണമെന്ന് കടമേരി പാടശേഖരസമിതി ആവശ്യപ്പെട്ടു.

## Article Content

**വടകര:** ആയഞ്ചേരി പഞ്ചായത്തിൽ നെൽക്കൃഷി വ്യാപകമാക്കുന്നതിനാവശ്യമായ സഹായങ്ങൾ അധികൃതർ നൽകണമെന്ന് കടമേരി പാടശേഖരസമിതി ആവശ്യപ്പെട്ടു.

വടകര താലൂക്കിന്‍റെ നെല്ലറ എന്ന് വിശേഷിപ്പിക്കുന്ന ആയഞ്ചേരി പഞ്ചായത്തിൽ തറോപ്പൊയിൽ, കടമേരി എന്നീ പാടശേഖരങ്ങളിൽമാത്രമേ ഇപ്പോൾ നെൽക്കൃഷിയുള്ളൂ. കളകളുടെ ശല്യംകാരണം ഇവിടെയും ചില കർഷകർ കൃഷി നിർത്തിയിട്ടുണ്ട്.

ഈ വർഷം കടമേരി പാടശേഖരത്തിൽ പുഞ്ചക്കൃഷി നടത്തി നൂറുമേനി കൊയ്തിട്ടുണ്ടെന്ന് പാടശേഖരസമിതി സെക്രട്ടറി താനക്കണ്ടി ബാബു പറഞ്ഞു.

തൊഴിലുറപ്പ് തൊഴിലാളികൾ നെൽക്കൃഷി ചെയ്യാൻ തയ്യാറാണെങ്കിലും സാങ്കേതികത്വം പറഞ്ഞ് അവർക്കും തൊഴിൽ നിഷേധിക്കുകയാണ്. കാലാകാലമായി നെൽക്കൃഷി നേരിടുന്ന ഭീഷണികൾ പരിഹരിക്കുന്നതിന് അതതുസമയത്തുതന്നെ കർഷകരും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉൾപ്പെട്ട് ശ്രമിക്കാത്തതാണ് നെൽക്കൃഷിക്ക് ഇപ്പോഴുണ്ടായ ദുരവസ്ഥയ്ക്ക് കാരണമെന്നും പാടശേഖരസമിതി ആരോപിച്ചു.

അടിയന്തരമായി പഞ്ചായത്ത്തലത്തിൽ യോഗം വിളിച്ച് നെൽക്കൃഷി വ്യാപിപ്പിക്കണമെന്നാണ് ഇവരുടെ ആവശ്യം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106973/weed-nuisance-rice-cultivation-help-needed-in-ayyanchery-farmers)