---
title: "പോസ്റ്റ് മോർട്ടം ഇന്ന്; വടകരയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ പോസ്റ്റ്മോർട്ടം രാവിലെ"
english_title: "Post mortem today; Postmortem of Bihar native who died under mysterious circumstances in Vadakara in the morning"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/106991/post-mortem-today-postmortem-of-bihar-native-who-died-under-mysterious-circumstances-in-vadakara-in-the-morning"
published_at: "2023-04-04T08:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642b98aa717e9_vadakara_bangali_death.jpg"
keywords: []
---

# പോസ്റ്റ് മോർട്ടം ഇന്ന്; വടകരയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ പോസ്റ്റ്മോർട്ടം രാവിലെ

> **Lead Summary:** **വടകര:** വടകരയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.

## Article Content

**വടകര:** വടകരയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച ബിഹാർ സ്വദേശിയുടെ പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടക്കും.

ഇന്നലെ ഉച്ചയോടെയാണ് വടകര ജെ.ടി. റോഡിലെ ടൂറിസ്റ്റ് ഹോമിന്റെ രണ്ടാംനിലയിൽനിന്ന് ദുരൂഹസാഹചര്യത്തിൽ രണ്ട് ബിഹാർ സ്വദേശികൾ താഴേക്ക് വീണത്. ഇതിൽ ഒരാൾ തൽക്ഷണം മരിച്ചു. രണ്ടാമനെ ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബിഹാർ പൂർണിമ ജില്ലയിലെ സിക്കന്തർ കുമാർ (19) ആണ് മരിച്ചത്. ബിഹാർ സ്വദേശി വികാസിനാണ്‌ (20) പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ജെ.ടി. ടൂറിസ്റ്റ് ഹോമിലാണ് സംഭവം. ഇരുവരും ഇവിടെയാണ് താമസം.

രണ്ടാം നിലയിൽ നിന്ന് താഴെക്ക് വീഴുന്ന ദൃശ്യം സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. ഒന്നിച്ചാണ് രണ്ടുപേരും വീണത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും സിക്കന്തർ മരിച്ചു.

ഇവരുടെ കൂടെ ഉണ്ടായിരുന്ന ഒരുതൊഴിലാളിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ഇതരസംസ്ഥാനതൊഴിലാളികൾ തമ്മിലുള്ള സംഘർഷത്തെ തുടർന്നാണ് സംഭവമെന്ന് സംശയമുണ്ടെങ്കിലും പൊലീസ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

നിലവിൽ അസ്വഭാവികമരണത്തിനാണ് പൊലീസ് കേസെടുത്തത്. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ആളുടെ കൂടെയുള്ള രണ്ടുപേരെയുംകൂടി ഇൻസ്പെക്ടർ പി.എം. മനോജിന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യുന്നുണ്ട്. ടൂറിസ്റ്റ് ഹോമിൽ താമസിക്കുന്ന മറ്റുള്ളവരിൽനിന്ന് പൊലീസ് മൊഴിയെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/106991/post-mortem-today-postmortem-of-bihar-native-who-died-under-mysterious-circumstances-in-vadakara-in-the-morning)