വടകര : മണിയൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നിർമ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര ഉന്നതി ലക്ഷ്യമിട്ടാണ് സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം നടപ്പാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസം എല്ലാവർക്കും അവകാശപ്പെട്ടതാണെന്നും എല്ലാവർക്കും വിദ്യാഭ്യാസം നൽകാൻ സാധിക്കുന്ന തരത്തിലേക്കുള്ള സാഹചര്യവും സാമൂഹിക ചുറ്റുപാടുമാണ് സർക്കാർ സാധ്യമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നല്ല വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കുവാൻ പൊതുവിദ്യാഭ്യാസ യജ്ഞത്തിലൂടെ സാധിച്ചു. വൈവിധ്യമായ ലക്ഷ്യങ്ങളായിരുന്നു പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റേത്. അതിൽ പ്രധാനമാണ് സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനം.
സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിലൂടെ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റമാണുണ്ടായത്. അടിസ്ഥാന സൗകര്യങ്ങളും മറ്റു സജ്ജീകരണങ്ങളും നടപ്പാക്കി. കാലത്തി നനുസരിച്ച് സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയ പഠനം സാധ്യമാ ക്കുന്നതിന്റെ ഭാഗമായി ക്ലാസ്സ് മുറികൾ ഹൈടെക്കായി. കൂടാതെ ഡിജിറ്റൽ പഠന സൗകര്യവും സാധ്യമായി. കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി സർക്കാർ ഇനിയും മുന്നോട്ടു പോകുമെന്നും മന്ത്രി പറഞ്ഞു.
കിഫ്ബി ഫണ്ടിൽ നിന്നും മൂന്ന് കോടി രൂപ ചിലവിലാണ് ഹൈസ്കൂൾ വിഭാഗത്തിന് കെട്ടിടം നിർമ്മിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്ത് അനുവദിച്ച 81.13 ലക്ഷം രൂപ ചിലവിലാണ് ഹയർസെക്കൻഡറി വിഭാഗത്തിലെ കെട്ടിടം ഒരുക്കിയിട്ടുള്ളത്. കുറ്റ്യാടി എംഎൽഎ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ അധ്യക്ഷനായി.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, ജില്ലാപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.എം വിമല, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി റീന, തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശ്രീലത, മണിയൂർ ജി എച്ച് എസ് എസ് പ്രിൻസിപ്പാൾ കെ.വി അനിൽകുമാർ, ഹെഡ്മാസ്റ്റർ പി.എം ശശി മറ്റു രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ ഉന്നത വിജയികൾക്കുള്ള അനുമോദനവും ഉപഹാര സമർപ്പണവും നടന്നു.
Hi-tech; Maniyur Gov.Higher Secondary Building dedicated to Minister Mohammad Riaz Nadu