---
title: "കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിച്ചെന്ന്  വികസന ആക്ഷന്‍ കമ്മറ്റി"
english_title: "Kutoth Attakkund Kadav Road, development sabotaged - Development Action Committee"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107156/kutoth-attakkund-kadav-road-development-sabotaged-development-action-committee"
published_at: "2023-04-04T22:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642c5adb77473_vadakara.jpg"
keywords: []
---

# കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടിമറിച്ചെന്ന്  വികസന ആക്ഷന്‍ കമ്മറ്റി

> **Lead Summary:** **വടകര: **ഏറെ പ്രതീക്ഷയോടെ ജനം നോക്കികണ്ട കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടി മറിക്കപ്പെട്ടതായി വികസന ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

## Article Content

**വടകര: **ഏറെ പ്രതീക്ഷയോടെ ജനം നോക്കികണ്ട കുട്ടോത്ത്-അട്ടക്കുണ്ട് കടവ് റോഡ് വികസനം അട്ടി മറിക്കപ്പെട്ടതായി വികസന ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.

12 മീറ്റര്‍ വീതിയില്‍ വിഭാവനം ചെയ്ത റോഡ് ഒടുവില്‍ 10 മീറ്ററാക്കി ചുരുക്കിയെന്നാണ് പരാതി. ചിലരുടെ താല്‍പ്പര്യ സംരക്ഷണമാണിതിന് പിന്നിലെന്നും ഭാരവാഹികള്‍ പറഞ്ഞു. വാഹന സാന്ദ്രതാ കണക്കില്‍ പോലും തിരിമറി നടത്തിയെന്നാണ് പരാതി.

വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖ റോഡ് വികസനം അട്ടിമറിച്ചെന്നതിന് തെളിവാണെന്നും ഇവര്‍ പറഞ്ഞു. 12 മീറ്റര്‍ അടയാളപ്പെടുത്തിയ ഭാഗം ഇപ്പോള്‍ കുറ്റി ഒഴിവാക്കി 10 മീറ്ററിലേക്ക് മാറ്റുകയാണ്.

നീണ്ട വര്‍ഷത്തെ കാത്തിരിപ്പിന് ശേഷവും മണിയൂരിന്റെ യാത്രാ ക്ലേശത്തിന് പരിഹാരം കണ്ടെത്താന്‍ കഴിയാത്ത രീതിയിലാണ് റോഡ് നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇതിന് ഉത്തരവാദികള്‍ എം എല്‍എ യും പഞ്ചായത്ത് പ്രസിഡന്റുമാണെന്ന് ഭാരവാഹികള്‍ ആരോപിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ എം ബാബു,പി പി പവിത്രന്‍,ടി നാണു മാസ്റ്റര്‍,വിനോദ് എളവന,ശ്രീധരന്‍ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107156/kutoth-attakkund-kadav-road-development-sabotaged-development-action-committee)