---
title: "അഴിയൂർ ഇരുട്ടിൽ; ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങുന്നു "
english_title: "The negligence of the National Highways Authority causes the power supply to fail for several hours"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/107598/the-negligence-of-the-national-highways-authority-causes-the-power-supply-to-fail-for-several-hours"
published_at: "2023-04-07T10:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642fa767a4b8d_vaidyuthimudakkam.jpg"
keywords: []
---

# അഴിയൂർ ഇരുട്ടിൽ; ദേശീയപാത അതോറിറ്റിയുടെ അനാസ്ഥ വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങുന്നു 

> **Lead Summary:** **വടകര: **ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയെ തുടർന്ന് അഴിയൂർ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങുന്നു. തലശ്ശേരി - മാഹി ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി അഴിയൂർ കാരോത്ത് റയിൽവേ ഗേറ്റിന് സമീപം ഹൈടെൻഷൻ ലൈൻ ചാർജ് ചെയ്യാൻ കഴിയാതെ പോയതാണ് വിതരണം തടസ്സപ്പെടാൻ കാരണമായത്.

## Article Content

**വടകര: **ദേശീയപാത അതോറിറ്റിയുടെ അനാസ്ഥയെ തുടർന്ന് അഴിയൂർ സെക്ഷൻ പരിധിയിൽ വൈദ്യുതി വിതരണം മണിക്കൂറുകളോളം മുടങ്ങുന്നു. തലശ്ശേരി - മാഹി ബൈപ്പാസ് നിർമ്മാണത്തിന്റെ ഭാഗമായി അഴിയൂർ കാരോത്ത് റയിൽവേ ഗേറ്റിന് സമീപം ഹൈടെൻഷൻ ലൈൻ ചാർജ് ചെയ്യാൻ കഴിയാതെ പോയതാണ് വിതരണം തടസ്സപ്പെടാൻ കാരണമായത്.

ബൈപ്പാസ് ഭാഗത്തെ വൈദ്യുതി ലൈനിൽ നടക്കേണ്ട ജോലിയുടെയും മെറ്റീരിയലുകൾ ഇറക്കേണ്ടതിന്റേയും ഉത്തരവാദിത്വം കരാർ കമ്പനിക്കാണ്. കെ എസ് ഇ ബി ക്ക് മേൽനോട്ട ചുമതല മാത്രമേ ഉള്ളൂ. കെ എസ് ഇ ബി യോട് കാര്യങ്ങൾ ചോദിക്കാതെ കാരോത്ത് ഗെയിറ്റ് പരിസരത്ത് കരാർ കമ്പനിക്കാർ ജോലി നടത്തിയതാണ് ഈ മേഖലയിലെ വൈദ്യുതി വിതരണം അവതാളത്തിലായത്.

ഇതോടെ അഴിയൂർ മേഖലയിൽ ചെറിയ വൈദ്യുതി പ്രശ്നമുണ്ടായാൽ മുപ്പതിൽപരം ട്രാൻസ്ഫോമറുകൾ ഓഫാക്കേണ്ടി വരും. കഴിഞ്ഞ ദിവസം മുക്കാളിയിൽ നടന്ന മരം മുറിയിൽ അഴിയൂർ പഞ്ചായത്തിലെ ഭൂരിഭാഗം പ്രദേശത്തും വൈദ്യുതി മുടങ്ങി.ഈ പ്രശ്നം പരിഹരിക്കുന്നതിൽ കെഎസ്‌ ഇ ബിക്കാരും ഫലപ്രദമായി ഇടപെടുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഇതുമൂലം കെഎസ്ഇബിക്ക് വൻ ധനനഷ്ടമാണ് വന്നിരിക്കുന്നത്.

മണിക്കൂറുകളോളം ലൈൻ ഓഫ് ചെയ്യുന്നത് മൂലം ഉപഭോക്താക്കളും വലിയ പ്രയാസമാണ് നേരിടുന്നത്.അഴിയൂർ കാരോത്ത് റയിൽവേ ഗേറ്റിന് സമീപം ഹൈടെൻഷൻ ലൈൻ ചാർജ് ചെയ്യാൻ നടപടിയെടുക്കണമെന്ന് താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/107598/the-negligence-of-the-national-highways-authority-causes-the-power-supply-to-fail-for-several-hours)