---
title: "അവലോകന യോഗം ചേർന്നു ; വടകര -മാഹി കനാൽ, കുട്ടോത്ത് - അട്ടക്കുണ്ട് കടവ് റോഡ്, കുറ്റ്യാടി ബൈപ്പാസ് പദ്ധതി വേഗത്തിലാക്കും "
english_title: "Vadakara-Mahi Canal, Kutoth-Attakkund Kadav Road, Kuttyadi Bypass Project to be expedited"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108480/vadakara-mahi-canal-kutoth-attakkund-kadav-road-kuttyadi-bypass-project-to-be-expedited"
published_at: "2023-04-11T22:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6435902188c8a_yogam.jpg"
keywords: []
---

# അവലോകന യോഗം ചേർന്നു ; വടകര -മാഹി കനാൽ, കുട്ടോത്ത് - അട്ടക്കുണ്ട് കടവ് റോഡ്, കുറ്റ്യാടി ബൈപ്പാസ് പദ്ധതി വേഗത്തിലാക്കും 

> **Lead Summary:** **വടകര: **കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, വടകര മാഹി കനാൽ,കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി നടപ്പിലാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. കുറ്റ്യാടി ബൈപ്പാസ്, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, വടകര മാഹി കനാൽ പ്രവർത്തികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവലോകനം ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ യോഗം വിളിച്ചു ചേർത്തു.

## Article Content

**വടകര: **കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, വടകര മാഹി കനാൽ,കുറ്റ്യാടി ബൈപ്പാസ് പ്രവൃത്തികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി നടപ്പിലാക്കാൻ അവലോകന യോഗത്തിൽ തീരുമാനം. കുറ്റ്യാടി ബൈപ്പാസ്, കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡ്, വടകര മാഹി കനാൽ പ്രവർത്തികളുടെ സ്ഥലം ഏറ്റെടുക്കൽ നടപടികൾ അവലോകനം ചെയ്യുന്നതിനായി കോഴിക്കോട് ജില്ലാ കലക്ടറുടെ സാന്നിധ്യത്തിൽ കെ.പി കുഞ്ഞമ്മദ് കുട്ടി എം എൽ എ യോഗം വിളിച്ചു ചേർത്തു.

കുറ്റ്യാടി ബൈപ്പാസ് സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സ്ട്രക്ചറൽ വാല്യൂഷൻ പൂർത്തിയായതായി തഹസിൽദാർ അറിയിച്ചു. ഈ പദ്ധതിയുടെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ മാറ്റുന്നതുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് രണ്ട് ദിവസത്തിനകം സമർപ്പിക്കുന്നതിന് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കളക്ടർ നിർദ്ദേശം നൽകി. 19(1) നോട്ടിഫിക്കേഷനുള്ള നടപടികൾ സമയബന്ധിതമായി പുറപ്പെടുവിക്കുന്നതിനും യോഗത്തിൽ തീരുമാനിച്ചു.

കുട്ടോത്ത് അട്ടക്കുണ്ട് കടവ് റോഡിൽ ശാസ്ത്രീയമായ ട്രാഫിക് സ്റ്റഡിക്ക് ശേഷം, അപാകതകൾ പരിഹരിച്ച അലൈൻമെന്റ് പ്രകാരം അതിരുകൾ അടയാളപ്പെടുത്തുന്ന പ്രവൃത്തി നടന്നു വരികയാണെന്നും , സമയബന്ധിതമായി സ്ഥലം ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കും എന്നും ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.വടകര മാഹിനാല്‍ മൂഴിക്കൽ ഭാഗത്തുള്ള പ്രവൃത്തിക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിക്കുള്ള നഷ്ടപരിഹാരം നൽകിയതായി ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

മറ്റുള്ള ഭാഗങ്ങളിൽ,സർക്കാർ അനുമതി ലഭിക്കുന്ന മുറയ്ക്ക് തന്നെ പദ്ധതിയുടെ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനിച്ചു.കോഴിക്കോട് ജില്ലാ കലക്ടർ എ.ഗീത ഐ.എ.എസ്, ഡെപ്യൂട്ടി കലക്ടർ (ലാൻഡ് അക്ക്വിസിഷൻ ), തഹസിൽദാർ(ലാൻഡ് അക്ക്വിസിഷൻ ), RBDCK എൻജിനീയർമാർ, കെ ആർ എഫ് ബി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇൻലാൻഡ് നാവിഗേഷൻ വിഭാഗം അസിസ്റ്റൻറ് എൻജിനീയർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108480/vadakara-mahi-canal-kutoth-attakkund-kadav-road-kuttyadi-bypass-project-to-be-expedited)