---
title: "കനാൽ കുളിര്; കനാൽവെള്ളത്തിനായി നാടിന്റെ പലഭാഗങ്ങളിൽ നിന്ന്‌ മുറവിളി "
english_title: "There is a clamor for canal water from many parts of the country"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/108755/there-is-a-clamor-for-canal-water-from-many-parts-of-the-country"
published_at: "2023-04-13T10:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643792d92e007_canalvadakara.jpg"
keywords: []
---

# കനാൽ കുളിര്; കനാൽവെള്ളത്തിനായി നാടിന്റെ പലഭാഗങ്ങളിൽ നിന്ന്‌ മുറവിളി 

> **Lead Summary:** **വടകര: **കൊടുംചൂടിൽ നാടിനെ കുളിരണിയിച്ച് കനാലുകൾ. വേനലിന് ശക്തികൂടിയതോടെ കുറ്റ്യാടി ജലസേചനപദ്ധതി കനാൽവെള്ളത്തിനായി നാടിന്റെ പലഭാഗങ്ങളിൽനിന്ന്‌ മുറവിളി ഉയരുന്നു. ജലസേചനവകുപ്പ് നേരത്തേ തയ്യാറാക്കിയ സമയപ്പട്ടിക പ്രകാരമാണ് വിവിധ കനാലുകൾ തുറക്കുന്നത്.

## Article Content

**വടകര: **കൊടുംചൂടിൽ നാടിനെ കുളിരണിയിച്ച് കനാലുകൾ. വേനലിന് ശക്തികൂടിയതോടെ കുറ്റ്യാടി ജലസേചനപദ്ധതി കനാൽവെള്ളത്തിനായി നാടിന്റെ പലഭാഗങ്ങളിൽനിന്ന്‌ മുറവിളി ഉയരുന്നു. ജലസേചനവകുപ്പ് നേരത്തേ തയ്യാറാക്കിയ സമയപ്പട്ടിക പ്രകാരമാണ് വിവിധ കനാലുകൾ തുറക്കുന്നത്.

എന്നാൽ, വിവിധസ്ഥലങ്ങളിൽ നിന്ന്‌ ഒരേസമയം വെള്ളത്തിനായി ആവശ്യമുയരുന്നത് വകുപ്പിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. മുമ്പൊരിക്കലും വെള്ളമെത്താത്ത കനാലുകളുടെ കരയിലുള്ളവർപോലും കനാൽവെള്ളത്തിന്റെ പ്രാധാന്യം മനസ്സിലാക്കി രംഗത്തിറങ്ങിയിട്ടുണ്ട്. വടകര താലൂക്കിലൂടെ ഒഴുകുന്ന വലതുകര കനാലിൽ ഇപ്പോൾ അഴിയൂർ ബ്രാഞ്ച് കനാലിലാണ് വെള്ളമുള്ളത്.

നേരത്തേ ഒരുതവണ വെള്ളം കൊടുത്തിരുന്നെങ്കിലും ചോർച്ചകാരണം പെട്ടെന്നുതന്നെ അടച്ചു. ചോർച്ചയടച്ച് വെള്ളം തുറന്നുവിട്ടശേഷം 12 കിലോമീറ്റർവരെ വെള്ളമെത്തിയിട്ടുണ്ട്. പരമാവധി ദൂരം വെള്ളമെത്തിക്കാനുള്ള ശ്രമത്തിലാണ് ജലസേചനവകുപ്പ്. വെള്ളമെത്തിക്കാനായി അഴിയൂർ, ഒഞ്ചിയം, ഏറാമല പഞ്ചായത്തുകളിൽ നിന്നെല്ലാം മുറവിളി ഉയരുന്നുണ്ട്. അടുത്തദിവസംതന്നെ വേളം ബ്രാഞ്ച് കനാലിലേക്ക് വെള്ളംകൊടുക്കും.

ഇതിനുശേഷം തിരുവള്ളൂർ കനാലിലാണ് വിതരണം. കനാലിന്റെ അറ്റംവരെയും വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമാണ്. ഇതിനുശേഷമാണ് ചെരണ്ടത്തൂർ ചിറ ഉൾപ്പെടുന്ന മണിയൂർ ബ്രാഞ്ചിൽ വെള്ളമെത്തുക. ചിറയിലെ പാടശേഖരത്തിൽ വെള്ളമെത്തിക്കണമെന്ന കർഷകരുടെ ആവശ്യം സജീവമാണ്. ഇത്രയുംദിവസം വൈകി വെള്ളം കിട്ടിയതുകൊണ്ട് കാര്യമില്ലെന്നാണ് കർഷകർ പറയുന്നത്.

മണിയൂർ ബ്രാഞ്ച് കനാലിൽനിന്നാണ് പുതുപ്പണം വിതരണക്കനാൽ പോകുന്നത്. ആദ്യതവണ മണിയൂർ ബ്രാഞ്ചിലേക്ക് വെള്ളംകൊടുത്തപ്പോൾ ഈ കനാലിലേക്ക് വെള്ളം വന്നിരുന്നില്ല. ഇവിടേക്ക് വെള്ളം വിതരണം ചെയ്യണമെന്ന ആവശ്യവുമായി വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. കനാൽ നിർമിച്ചശേഷം വളരെ അപൂർവമായി മാത്രമേ ഈ കനാലിലേക്ക് വെള്ളമെത്തിയിട്ടുള്ളൂ. നടക്കുതാഴ വിതരണക്കനാലും വെള്ളത്തിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒരുതവണ ഈ കനാലിൽ വാലറ്റംവരെ വെള്ളമെത്തിയിരുന്നു.

കഴിഞ്ഞ രണ്ടുമൂന്നുവർഷമായി വെള്ളമെത്തിയിട്ടേ ഇല്ല. മണിയൂർ ബ്രാഞ്ച് കനാലിൽനിന്നാണ് ഈ കനാലിലേക്കും വെള്ളം പോകേണ്ടത്. മണിയൂർ ബ്രാഞ്ച് കനാലിൽനിന്നുള്ള തോടന്നൂർ വിതരണക്കനാലിലും പൂർണമായും വെള്ളമെത്തിയിട്ടില്ല. കനാലിലെ അറ്റകുറ്റപ്പണി കുറവായതുകൊണ്ടുതന്നെ ഇത്തവണ ജലവിതരണത്തിന് ഒട്ടേറെ തടസ്സങ്ങളുണ്ടായിരുന്നു. അടുത്തവർഷത്തോടെ ഇത് ഒഴിവാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

15 കോടി രൂപ കുറ്റ്യാടി പദ്ധതിയുടെ അറ്റകുറ്റപ്പണിക്കായി ലഭിച്ചിട്ടുണ്ട്. അടുത്ത സീസണുമുമ്പേ ഇതുപ്രകാരമുള്ള പദ്ധതികൾ നടപ്പാക്കാൻ കഴിയുമെന്ന് പദ്ധതി എക്‌സിക്യുട്ടീവ് എൻജിനിയർ ഗിരീഷ് കുമാർ പറഞ്ഞു. ഇതോടെ അടുത്തവർഷം ജലവിതരണം കുറച്ചുകൂടി സുഗമമാകുമെന്നാണ് പ്രതീക്ഷ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/108755/there-is-a-clamor-for-canal-water-from-many-parts-of-the-country)