---
title: "ഉദ്ഘാടനം നാളെ; ഏറാമലയിലും വില്ല്യാപ്പള്ളിയിലും സ്മാർട്ട് വില്ലേജ് ഓഫീസുകൾ"
english_title: "Smart Village Offices at Eramala and Villiyapally"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/109469/smart-village-offices-at-eramala-and-villiyapally"
published_at: "2023-04-17T21:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/643d71bb15b23_k_rajan.jpg"
keywords: []
---

# ഉദ്ഘാടനം നാളെ; ഏറാമലയിലും വില്ല്യാപ്പള്ളിയിലും സ്മാർട്ട് വില്ലേജ് ഓഫീസുകൾ

> **Lead Summary:** **വടകര: **റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ (ഏപ്രിൽ 18) നടക്കും. റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും.

## Article Content

**വടകര: **റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ ഉൾപ്പെടുത്തി നിർമ്മിച്ച ജില്ലയിലെ മൂന്ന് സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനം നാളെ (ഏപ്രിൽ 18) നടക്കും. റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം നിർവ്വഹിക്കും.

ബേപ്പൂർ, ഏറാമല, വില്ല്യാപ്പള്ളി എന്നിവിടങ്ങളിലെ സ്മാർട്ട് വില്ലേജ് ഓഫീസുകളാണ് നാളെ ഉദ്‌ഘാടനം ചെയ്യുന്നത്. ബേപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം രാവിലെ ഒൻപത് മണിക്ക് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും.

ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. കോഴിക്കോട് മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയും എം.കെ രാഘവൻ എം.പി വിശിഷ്ടാതിഥിയുമാകും. ജില്ലാ കലക്ടർ എ ഗീത ചടങ്ങിൽ സംബന്ധിക്കും. കോർപ്പറേഷൻ കൗൺസിലർമാരും വിവിധ ഉദ്യോഗസ്ഥരും പങ്കെടുക്കും.

വില്ല്യാപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം രാവിലെ 11.30 ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. കെ മുരളീധരൻ എം പി മുഖ്യാതിഥിയാകും. ജില്ലാ കലക്ടർ എ ഗീത ചടങ്ങിൽ സംബന്ധിക്കും.

നിർമ്മിതി കേന്ദ്രം റീജിയണൽ എഞ്ചിനിയർ കെ.എം ശശി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി, തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം ശ്രീലത, വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഭാരവാഹികൾ, അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

ഏറാമല സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം രാവിലെ 12.30 ന് റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. കെ.കെ രമ എം എൽ എ അധ്യക്ഷത വഹിക്കും. കെ മുരളീധരൻ എംപി മുഖ്യാതിഥിയാകും. ജില്ലാ കലക്ടർ എ ഗീത ചടങ്ങിൽ സംബന്ധിക്കും. ജില്ലാ നിർമ്മിതി കേന്ദ്രം പ്രാെജക്ട് മാനേജർ ഡെന്നീസ് മാത്യു റിപ്പോർട്ട് അവതരിപ്പിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗിരിജ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, ബ്ലോക്ക് പഞ്ചായത്ത്, പഞ്ചായത്ത് ഭാരവാഹികൾ, മെമ്പർമാർ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.****

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/109469/smart-village-offices-at-eramala-and-villiyapally)